Connect with us

International

ഗസ്സയിൽ പതിനായിരക്കണക്കിന് ടൺ പൊട്ടാത്ത സ്ഫോടക വസ്തുക്കൾ; കളിപ്പാട്ടമെന്ന് കരുതി കുട്ടികൾ എടുക്കുന്നത് ബോംബുകൾ

ഇസ്റാഈൽ ഗസ്സയിൽ 2,00,000 ടണ്ണോളം സ്ഫോടകവസ്തുക്കൾ വർഷിച്ചതായും, അതിൽ ഏകദേശം 70,000 ടണ്ണോളം പൊട്ടിത്തെറിക്കാതെ കിടക്കുന്നുണ്ടെന്നും പലസ്തീൻ സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബസൽ

Published

|

Last Updated

ഗസ്സ | ഇസ്റാഈൽ അധിനിവേശത്തെ തുടർന്ന് തകർന്നടിഞ്ഞ ഗസ്സ നഗരത്തിൽ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ മന്ദഗതിയിൽ. ഇസ്റാഈൽ തൊടുത്തുവിട്ട, പതിനായിരക്കണക്കിന് ടൺ പൊട്ടാത്ത ബോംബുകൾ ഗസ്സ മുനമ്പിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്റാഈൽ ഗസ്സയിൽ 2,00,000 ടണ്ണോളം സ്ഫോടകവസ്തുക്കൾ വർഷിച്ചതായും, അതിൽ ഏകദേശം 70,000 ടണ്ണോളം പൊട്ടിത്തെറിക്കാതെ കിടക്കുന്നുണ്ടെന്നും പലസ്തീൻ സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബസൽ അൽ ജസീറയോട് പറഞ്ഞു. ഗസ്സ നഗരത്തിന്റെ എല്ലാ ഭാഗത്തും സ്ഫോടകവസ്തുക്കൾ പതിച്ചിട്ടുണ്ടെന്ന് യു കെയിലെ ഹാലോ ട്രസ്റ്റ് മിഡിൽ ഈസ്റ്റ് ഡയറക്ടർ നിക്കോളാസ് ടോർബെറ്റും വ്യക്തമാക്കി.

പൊട്ടാത്ത ബോംബുകൾ കുട്ടികൾ കളിപ്പാട്ടങ്ങളായി തെറ്റിദ്ധരിക്കുന്നത് കാരണം വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നത്. ഏഴു വയസ്സുകാരനായ യഹ്‌യ ഷോർബാസിക്കും സഹോദരി നബീലയ്ക്കും അടുത്തിടെ അപകടം സംഭവിച്ചു. പുറത്ത് കളിക്കുന്നതിനിടെ കിട്ടിയ കളിപ്പാട്ടം പോലുള്ള വസ്തു, യഹ്‌യ ഒരു നാണയം ഉപയോഗിച്ച് തട്ടിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ യഹ്‌യയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. നബീല തീവ്രപരിചരണ വിഭാഗത്തിലാണ്.

നിരുപദ്രവകരമെന്ന് തോന്നുന്ന കളിപ്പാട്ടങ്ങൾ, ടിന്നുകൾ, അവശിഷ്ടങ്ങൾ എന്നിവയെല്ലാം സ്‌ഫോടക വസ്തുക്കളായി മാറുന്നതിനാൽ ഈ സാഹചര്യം ഒരു പൊതുജനാരോഗ്യ ദുരന്തമാണ് സൃഷ്ടിക്കുന്നതെന്ന് ഗസ്സ സിറ്റിയിലെ അൽ-ഷിഫാ ആശുപത്രിയിലെ എമർജൻസി ഡോക്ടർ ഹാരിയറ്റ് അഭിപ്രായപ്പെട്ടു.

2023 ഒക്ടോബർ മുതൽ ഇതുവരെ പൊട്ടാത്ത സ്‌ഫോടക വസ്തുക്കൾ കാരണം 328 പേർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു എൻ മൈൻ ആക്ഷൻ സർവീസ് മേധാവി ലൂക്ക് ഡേവിഡ് ഇർവിംഗ് അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ വർഷങ്ങളെടുത്തേക്കാം, ഇതിനായി ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരുമെന്നും ബസൽ കൂട്ടിച്ചേർത്തു.

ശിഥിലമായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും 9,000-ത്തോളം പലസ്തീനികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ, കാണാതായ ഇസ്റാഈലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനാണ് പുതിയ ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ടുണ്ട്. എല്ലാ ഇസ്റാഈലി ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതുവരെ വെടിനിർത്തലിൽ പുരോഗതി ഉണ്ടാകില്ലെന്ന് പലസ്തീനികൾ കരുതുന്നതായി അൽ ജസീറ ലേഖിക നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest