National
നാല് വർഷത്തെ ഇടവേളക്ക് ശേഷം ചൈനയിലെ ഗ്വാങ്‌ഷൂവിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ചു
2020-ന്റെ തുടക്കം വരെ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിലവിലുണ്ടായിരുന്നുവെങ്കിലും, കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സർവീസ് പുനഃരാരംഭിക്കൽ നീണ്ടുപോയിരുന്നു.
കൊൽക്കത്ത | നാല് വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയ്ക്കും ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിനും ഇടയിലുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഞായറാഴ്ച പുനഃരാരംഭിച്ചു. രാത്രി 10 മണിക്ക് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയർന്നതായി അധികൃതർ അറിയിച്ചു.
ഇൻഡിഗോയുടെ എ 320 നിയോ വിമാനമാണ് 176 യാത്രക്കാരുമായി യാത്ര തിരിച്ചത്. 2020-ന്റെ തുടക്കം വരെ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിലവിലുണ്ടായിരുന്നുവെങ്കിലും, കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സർവീസ് പുനഃരാരംഭിക്കൽ നീണ്ടുപോയിരുന്നു.
സമീപകാലത്തെ നയതന്ത്ര നീക്കങ്ങളെ തുടർന്നാണ് ഇൻഡിഗോ കൊൽക്കത്തയെ ഗ്വാങ്‌ഷൂവുമായി ബന്ധിപ്പിച്ച് ദിവസേനയുള്ള നോൺ-സ്റ്റോപ്പ് സർവീസുകൾ പുനഃരാരംഭിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവ് പ്രതീകാത്മകമായി ഉയർത്തിക്കാട്ടി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ യാത്രക്കാരിൽ ഒരാൾ വിളക്ക് കൊളുത്തി. എൻ എസ് സി ബി ഐ (നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം) വിമാനത്താവള ഡയറക്ടർ പി ആർ ബ്യൂരിയ, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ.), ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ റൂട്ട് പുനഃരാരംഭിക്കുന്നത് ബിസിനസ്, ടൂറിസം ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും സഹായിക്കുമെന്ന് ഡയറക്ടർ പി ആർ ബ്യൂരിയ അഭിപ്രായപ്പെട്ടു. കൊൽക്കത്ത – ഗ്വാങ്‌ഷൂ പ്രതിദിന വിമാന ബന്ധം പുനഃസ്ഥാപിക്കുന്നതോടെ കിഴക്കൻ ഇന്ത്യയിലെ ഒരു പ്രധാന അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമായി കൊൽക്കത്തയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.



