Connect with us

Kerala

പി എം ശ്രീ: സിപിഎം, സിപിഐ നിർണായക യോഗങ്ങൾ ഇന്ന്

മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സിപിഎം യോഗം.

Published

|

Last Updated

തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. സി പി എം. അടിയന്തര സെക്രട്ടേറിയറ്റ് യോഗവും സി പി ഐ. സംസ്ഥാന എക്സിക്യൂട്ടീവ് യോഗവുമാണ് ഇന്ന് ചേരുന്നത്.

പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിൽ സി പി ഐ കടുത്ത അതൃപ്തിയിലാണ്. മുന്നണിയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്നാണ് സി പി ഐയുടെ പ്രധാന ആരോപണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന കാരണത്താൽ പദ്ധതിയെ ശക്തമായി എതിർത്ത സി പി ഐയുടെ നിലപാട് അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ ചേർന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സി പി എം. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 10.30ന് ആലപ്പുഴയിലാണ് സി പി ഐ. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുന്നത്.

പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടി തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സി പി ഐ. പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. പദ്ധതിയിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി പി ഐ. ആരോപിക്കുന്നു. ആർ ജെ ഡി. അടക്കമുള്ള മറ്റ് ഘടക കക്ഷികളും സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നാണ് സി പി എം ന്യായീകരണം.

Latest