National
കരുത്തിന്റെ കുതിപ്പ്; മധുര വിജയങ്ങളുമായി ഫോഗട്ട് തുറന്നത് പ്രതികരണത്തിന്റെ വ്യത്യസ്ത തലം
വിനേഷ് ഫോഗട്ടിന് ബി ജെ പിയുടെ വിജയാശംസ. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാര്‍ട്ടി ആശംസകള്‍ നേര്‍ന്നത്.
ന്യൂഡല്‍ഹി | ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ബി ജെ പിയുടെ വിജയാശംസ. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാര്‍ട്ടി ആശംസകള്‍ നേര്‍ന്നത്.
വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ എം പിയും ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഫോഗട്ട്. താരത്തിന്റെ വിജയത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ബ്രിജ് ഭൂഷണ്‍ ഒഴിഞ്ഞുമാറി.
ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഇന്ത്യക്കു വേണ്ടി അഭിമാനകരമായ പ്രകടനം കാഴ്ചവച്ച ഫോഗട്ട് കഴിഞ്ഞ വര്‍ഷം ബ്രിജ്ഭൂഷണിനെതിരായ വന്‍ പ്രക്ഷോഭത്തിന് കരുത്തുറ്റ നേതൃത്വം നല്‍കി തെരുവിലായിരുന്നു. തനിക്കു കിട്ടിയ ഖേല്‍രത്ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവര്‍ക്കൊപ്പം ഉജ്ജ്വല സമരം നടത്തി. തലസ്ഥാനത്തെ തെരുവീഥിയില്‍ പോലീസുകാരുടെ പിടിയില്‍ നിന്നു കുതറി മാറാന്‍ ശ്രമിക്കുന്ന ഫോഗട്ടിന്റെ ചിത്രം വേദനയോടെയും അതേസമയം ആവേശത്തോടെയുമാണ് ഇന്ത്യന്‍ കായികലോകം ഏറ്റെടുത്തത്.
പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ഒരു വനിതാ ഗുസ്തി താരം ഒളിംപിക്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതോടെ താരം രാജ്യത്തിനായി വെള്ളി മെഡല്‍ ഉറപ്പാക്കി. ഇന്ന് രാത്രി 11.30ഓടെ ആരംഭിക്കുന്ന സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ഫോഗട്ട്, അമേരിക്കയുടെ സാറാ ഹില്‍ഡര്‍ ബ്രാന്‍ഡ്ടിനെ നേരിടും. ഇന്നലെ നടന്ന സെമിയില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപസിനെയാണ് ഫോഗട്ട് ആധികാരികമായി പരാജയപ്പെടുത്തിയത്. 5-0ത്തിനായിരുന്നു വിജയം.
ഫോഗട്ടിന്റെ ഫൈനലിലേക്കുള്ള പ്രയാണം ഒട്ടും എളുപ്പമായിരുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ജേതാവും ഒന്നാം റാങ്കുകാരിയുമായ യുയി ഓസാകിയുടെ വെല്ലുവിളി, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പോയിന്റുകള്‍ നേടി മറികടന്നാണ് താരം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറിലാണെങ്കില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെതിരെ കടുത്ത പോരാട്ടത്തിലൂടെ വിജയം കരസ്ഥമാക്കി. പിന്നീട് സെമിയില്‍ ഏകപക്ഷീയമായ ജയവും സ്വന്തമാക്കി.
മധുരതരമായ വിജയങ്ങളോടെ പ്രതിഷേധത്തിന്റെ മറ്റൊരു തലം കൂടി തുറന്നിരിക്കുകയാണ് വിനേഷ് ഫോഗട്ട് എന്ന, രാജ്യത്തിന്റെ അഭിമാന ഗുസ്തി താരം.