Connect with us

അതിഥി വായന

വയനാടൻ അകത്തളങ്ങളിലേക്കൊരു വായനാ വഴി

അടിസ്ഥാന വർഗമായ, അപരവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ ചരിത്രം, സംസ്കാരം, ആചാരം എന്നിവയെ കുറിച്ച് സമഗ്രമായുള്ള ഒരു പഠനം പുസ്തകത്തിൽ കാണാം. വയനാടിന്റെ സംസ്കാരം, സാഹിത്യം, കല തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി അപഗ്രഥിക്കുന്ന രചന.

Published

|

Last Updated

യനാട് സമഗ്രമായി പറഞ്ഞാൽ എങ്ങനെയിരിക്കും എന്നതിന് വ്യക്തമായ തെളിവാണ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സയൻസൺ പുന്നശ്ശേരിയുടെ “കുളിര് മറയുന്ന വയനാട്’ എന്ന ലേഖന സമാഹാരങ്ങൾ അടങ്ങിയ പുസ്തകം. വയനാടിന്റെ സംസ്കാരം, സാഹിത്യം, കല തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി അപഗ്രഥിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന രചന. വയനാടിനെ കുറിച്ച് കൃത്യവും വ്യക്തവുമായ ഒരു ചിത്രം നൽകുന്നതിൽ ഈ പുസ്തകം സഹായിക്കുന്നുണ്ട്.

കുളിര് മറയുന്ന വയനാട് എന്ന് ഒരർഥത്തിൽ വയനാട്ടിലെ കാലാവസ്ഥയെ കുറിച്ച് മാത്രം പറയുന്നതല്ല, വയനാട്ടിൽ ചില പ്രതിസന്ധികൾ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് ഈ ലേഖന സമാഹാരത്തിലൂടെ മുന്നോട്ടുപോകുമ്പോൾ കാണാനാകും. തിരുവിതാംകൂറിൽ നിന്നും കുടിയേറ്റ കർഷകരായി എത്തിയ മനുഷ്യർ നേരിട്ട പ്രതിസന്ധികൾ ഒരു ലേഖനത്തിൽ ഉടനീളം പറയുന്നുണ്ട്. മനുഷ്യർ ജീവിതം തേടി ചുരം കയറിയ കഥ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെയും കഥ.

കാടാകെ പടർന്നു പന്തലിച്ചു വരുന്ന മഞ്ഞക്കൊന്ന വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നതിന്റെ കാര്യ കാരണങ്ങൾ ലേഖനത്തിലുണ്ട്. ആധുനിക മനുഷ്യർ കാടു കയറിയപ്പോൾ മഞ്ഞക്കൊന്ന പോലെയുള്ള മരങ്ങൾ പ്രത്യക്ഷപ്പെട്ടതും കാലങ്ങൾ പഴക്കമുള്ള മരങ്ങൾ ചുരമിറങ്ങിയതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അടിസ്ഥാന വർഗമായ, അപരവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ ചരിത്രം, സംസ്കാരം, ആചാരം എന്നിവയെ കുറിച്ച് സമഗ്രമായുള്ള ഒരു പഠനം ലേഖനത്തിൽ കാണാം.

ആദിവാസികളെ സഹായിക്കാനായി ചുരം കയറിയവരും അവരുടെ മുതൽ തട്ടിയെടുത്തതും പ്രതികൂല സാഹചര്യത്തിൽ പോലും അവരിൽ നിന്ന് അതിജീവനത്തിന്റെ കലകൾ മുളച്ചു പൊന്തിയതുമെല്ലാം ലേഖനങ്ങളാണ്.
അടിയർ ആദിവാസി വിഭാഗം നേരിടേണ്ടി വന്ന അടിമത്തവും കുറുമരുടെ വിശ്വാസവും ആചാരങ്ങളും സംബന്ധിച്ച് ഒരു ലേഖനത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു ഇരയാണ് രാജവെമ്പാലകൾ. താപനില കൂടിയതോടെ പാമ്പുകൾ മഴക്കാലത്തും നാട്ടിൽ ഇറങ്ങുന്നതുൾപ്പെടെ പതിവായിട്ടുണ്ട്. പാമ്പുകളുടെ പ്രജനന കാലത്തിൽ വന്ന വ്യത്യാസമാണ് ഇതിനു കാരണമെന്ന് ഒരു അധ്യായത്തിൽ പറഞ്ഞു പോകുന്നുണ്ട്.

പണിയ ഭാഷയിൽ കവിത എഴുതുന്ന ഗോത്ര കവയിത്രി ബിന്ദുവും കാടിനെ കുറിച്ചും പച്ചപ്പിനെ കുറിച്ചും ഗാനങ്ങൾ എഴുതിയ സുജിതയും ലേഖനത്തിന് വിഷയങ്ങളാണ്. ലിപിയില്ലാത്ത ഭാഷയിൽ അവരുടെ സംസ്കാരം പുറം ലോകത്തെത്തിക്കാൻ കഴിഞ്ഞുവെന്നു ലേഖനം അടിവരയിടുന്നു. മനുഷ്യ – മൃഗ സംഘർഷം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അധികൃതർ നടപ്പിലാക്കുന്ന ജംഗിൽ റെസ്റ്റോറന്റും നഗാമു ഐരാമു തുടങ്ങിയ പദ്ധതികളും പുസ്തകം പറയുന്നു. സ്ത്രീകളുടെ സ്വയം പര്യാപ്തമായ സംരംഭങ്ങൾ, ചെറുവയൽ രാമനും തുടങ്ങി കുങ്കിയാനകളുടെ മെരുക്കൽ വരെ വയനാട്ടിലെ വിശേഷങ്ങളാണ്.

പൊതുബോധത്തെ മറികടക്കുന്ന കനവ് എന്ന സ്ഥാപനം ഒരു അധ്യായമാണ്.
വിദേശ ആധിപത്യത്തിനെതിരെ പോരാടിയ ചരിത്ര അവശേഷിപ്പുകൾ, സ്മാരകങ്ങൾ, എടക്കൽ ഗുഹയുടെ ചരിത്രം ഇതെല്ലാം പറഞ്ഞു ചുരം ഇറങ്ങുന്നതിനിടയിൽ വയനാടൻ കാപ്പിയുടെ സവിശേഷതകളും ലേഖനത്തിന് വിഷയമാകുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും യോജിച്ചതാണ് കാപ്പി കൃഷിക്ക് സഹായമായത്. കിഴക്കേ ആഫ്രിക്കക്കാരനായ കാപ്പി യെമൻ വഴിയാണ് കേരളത്തിൽ എത്തുന്നത്. കാപ്പിയും ചായയും മലയാളികളുടെ ഒഴിവാക്കാനാകാത്ത രുചികളായതിനാൽ കാപ്പി ചരിത്രവും കുളിര് മറയുന്ന വയനാട്ടിൽ നിർബന്ധമായും പറഞ്ഞിരിക്കേണ്ട ഒന്നാണ്. പ്രസാധകർ ചിലങ്കം പബ്ലിക്കേഷൻസ്. വില 220 രൂപ.

 

Latest