Kerala
കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു
ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കൊണ്ടോട്ടി| കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരുടെ ബാഗേജുകള്‍ നശിച്ചിട്ടുണ്ട്. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിനിടെ ബസിനു തീ പിടിച്ചു. മലപ്പുറത്തു നിന്ന് അഗ്‌നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് എത്തി തീയണച്ചു. കൊണ്ടോട്ടി പോലീസും സ്ഥലത്തെത്തി.
അപകടം ഒഴിവാക്കാന്‍ നാട്ടുകാരും പോലീസും ദേശീയ പാതയില്‍ ഗതാഗതം തടഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചു.