Kerala
അന്‍വര്‍: പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം
മത്സരിക്കാന്‍ ഇറങ്ങുന്നത് ആത്മഹത്യാ പരമെന്ന് അന്‍വര്‍ ക്യാമ്പ്
മലപ്പുറം | നിലമ്പൂരില്‍ പി വി അന്‍വര്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങുന്നത് ആത്മഹത്യാ പരമായിരിക്കുമെന്ന് ഉറപ്പുള്ള അന്‍വര്‍ യു ഡി എഫിന്റെ ഏതു നിര്‍ദ്ദേശത്തിനും വഴങ്ങാന്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് യു ഡി എഫ് നീക്കം. അന്‍വറിന്റെ വിലപേശല്‍ ശേഷി തകര്‍ത്ത് കൂടെ ചേര്‍ക്കാനുള്ള വി ഡി സതീശന്റെ കരുനീക്കം വിജയം കണ്ടുവെന്നാണ് കരുതുന്നത്.
ഇന്നലെ തന്നെ കാത്തിരുന്ന പി വി അന്‍വറിനെ കാണാന്‍ കൂട്ടാക്കാതെ അവഗണിച്ച കെ സി വേണുഗോപാല്‍ തന്നെ അന്‍വറിനെ വിളിച്ച് അവസാന നീക്കങ്ങള്‍ ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്.
അന്‍വറിനെ കെ കെ രമയെ സ്വീകരിച്ചപോലെ യു ഡി എഫിന്റെ അസോസിയേറ്റ് മെമ്പറായി ഉടന്‍ പ്രഖ്യാപിച്ചേക്കും. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കും. കോണ്‍ഗ്രസ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. കേരളത്തിലെ നേതാക്കള്‍ തന്നെ പ്രശ്‌നം പരിഹരിച്ചു എന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് നീക്കം. തൃണമൂല്‍ ദേശീയ പാര്‍ട്ടി ആയതിനാല്‍ മുന്നണിയില്‍ നേരിട്ട് ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്‍വറിനെ ബോധ്യപ്പെടുത്തു.
കാലുപിടിക്കുകയാണെന്ന അവസ്ഥയില്‍ അന്‍വര്‍ എത്തിയതോടെ ഇനി വച്ചു നീട്ടേണ്ട എന്നാണ് തീരുമാനം. അന്‍വറിനെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍വര്‍ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശന്റേകെ സുധാകരന്റയും നിലപാട്. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
യു ഡി എഫില്‍ നിന്ന് അപമാനിതനായി കാലുപിടിച്ചിട്ടും മുഖത്ത് ചവിട്ടേറ്റ അവസ്ഥയില്‍ നില്‍ക്കുമ്പോഴും തനിച്ച് മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ തന്നെയാണ് പി വി അന്‍വര്‍. യു ഡി എഫ് തന്നെ കൈവിടില്ലെന്ന അവസാന പ്രതീക്ഷയിലാണ് അന്‍വര്‍. താന്‍മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടും വി ഡി സതീശന്‍ വഴങ്ങാത്ത സാഹചര്യത്തില്‍ അടുത്ത നീക്കം ആലോചിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ യു ഡി എഫിനൊപ്പം നില്‍ക്കുക എന്നതു തന്നെയാണ് ആലോചിക്കുക എന്നാണ് വിവരം.
രണ്ടു ദിവസത്തിനകം യു ഡി എഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ യുഡിഎഫ് ഈ താക്കീതും മുഖവിലക്കെടുത്തില്ല. പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നില്‍ക്കാനും വിജയം കണ്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അന്‍വര്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയിട്ടില്ല. അന്‍വര്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ്.
നിലമ്പൂര്‍ മുനിസിപ്പാലിറ്റി അടക്കം വിവിധ ഇടങ്ങളില്‍ യു ഡി എഫ് നേതൃയോഗവും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും പങ്കെടുക്കും. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ച ഇടതുമുന്നണിയില്‍ തുടരുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. എസ് ഡി പി ഐ സ്ഥാനാര്‍ഥി ഇന്ന് പ്രചാരണം തുടങ്ങും.




