Kerala
പത്ത് പവന്റെ സ്വര്‍ണമാല കവര്‍ന്നു; വീട്ടുജോലിക്കാരി അറസ്റ്റില്‍
വടശ്ശേരിക്കര പേഴുംപാറ ഉമ്മമുക്ക് തടത്തില്‍ വീട്ടില്‍ മായ എന്ന് വിളിക്കുന്ന കെ ജി കൃഷ്ണകുമാരി (40) യെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | വീട്ടുടമസ്ഥയുടെ 10 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. വടശ്ശേരിക്കര പേഴുംപാറ ഉമ്മമുക്ക് തടത്തില്‍ വീട്ടില്‍ മായ എന്ന് വിളിക്കുന്ന കെ ജി കൃഷ്ണകുമാരി (40) യെയാണ് റാന്നി പോലീസ് എസ് ഐ. റെജി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
റാന്നി പുതുശ്ശേരിമല മാര്‍തോമ്മ പള്ളിക്ക് സമീപം പരപ്പാട്ട് വീട്ടില്‍ ഷെറീന അസീസിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. 2021 ഒക്ടോബര്‍ 28 നും 2025 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. വീട്ടില്‍ ജോലിക്കു നിന്ന കൃഷ്ണകുമാരി കിടപ്പുമുറിയുടെ അലമാരയിലെ ലോക്കറില്‍ നിന്നും എടുത്തുകൊണ്ടു പോയതാണ് മാലയെന്ന് ഷെറീന റാന്നി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഷെറീനയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് നാലുവര്‍ഷം മുമ്പ് മരണപ്പെട്ടു. മകന്‍ വിദേശത്തായിരുന്നു. വീട്ടില്‍ തനിച്ചാണ് താമസം. മാല ധരിക്കാതെ അലമാരയിലെ വലിപ്പിന്റെ ഉള്ളിലെ ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ ലോക്കര്‍ തുറന്നു നോക്കിയപ്പോള്‍ മാല കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിനു ശേഷം കൃഷ്ണകുമാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കാത്തലിക് സിറിയന്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണമാല കണ്ടെടുത്തു. ബേങ്ക് മാനേജര്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃഷ്ണകുമാരിയെ കോടതിയില്‍ ഹാജരാക്കി.




