Kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ വ്യാജ അഫിഡവിറ്റ് ഹാജരാക്കി കോടതിയെ ധരിപ്പിച്ചത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി | സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തിരക്കഥയെ കുറിച്ച് സംസാരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും അപമാനിച്ചെന്നുമുള്ള കേസിലാണ് ഉത്തരവ്.
കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ വ്യാജ അഫിഡവിറ്റ് ഹാജരാക്കി കോടതിയെ ധരിപ്പിച്ചത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. അഡ്വ. സൈബി ജോസ് ആണ് ഉണ്ണി മുകുന്ദനായി ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയിരുന്നത്.
ഒത്തുതീര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്ന് അപമാനിക്കപ്പെട്ട ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ വിശദീകരണം നല്‍കിയേ മതിയാവൂവെന്നും കോടതി നിര്‍ദേശിച്ചു. ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.