Uae
കുട്ടികളെ കാണാതാകാന്‍ മൂന്ന് സെക്കന്‍ഡ് മതി; യാത്രാവേളകളില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം
യാത്രക്ക് മുമ്പ് തന്നെ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കണം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ദുബൈ | ശൈത്യകാല അവധിക്ക് കുടുംബസമേതം വിദേശ യാത്രകള്‍ നടത്തുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. തിരക്കേറിയ സ്ഥലങ്ങളില്‍ കുട്ടികളെ കാണാതാകാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം മതി. അവധി ആഘോഷങ്ങള്‍ക്കിടെ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലാണ് കുട്ടികളെ കാണാതാകാന്‍ സാധ്യത കൂടുതല്‍. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകുന്നുണ്ട്.
യാത്രക്ക് മുമ്പ് തന്നെ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കണം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അപകടസാധ്യതകളെക്കുറിച്ച് കുട്ടികളോട് ലളിതമായ ഭാഷയില്‍ സംസാരിക്കണം. വഴിതെറ്റിയാല്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും വിലാസവും പറയാന്‍ കുട്ടികളെ പഠിപ്പിക്കണം.
പോലീസ്, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയവരോട് സഹായം ചോദിക്കാനും നിര്‍ദേശിക്കണം. ആരെങ്കിലും വിളിച്ചാല്‍ കൂടെ പോകരുതെന്നും വാഹനത്തില്‍ കയറരുതെന്നും കര്‍ശനമായി പറയണം.
കുട്ടികളെ കണ്ടെത്താന്‍ ജി പി എസ് ട്രാക്കറുകളും സ്മാര്‍ട്ട് വാച്ചുകളും ഉപയോഗിക്കാമെങ്കിലും പൂര്‍ണമായും ഇവയെ ആശ്രയിക്കരുത്. സിഗ്‌നല്‍ തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.
കുട്ടികളെ കാണാതായാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണം. അതില്‍ മടികാണിക്കരുത്. ഭയപ്പെടുത്താതെ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ യാത്രകള്‍ സുരക്ഷിതമാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.




