Kerala
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തറയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. രോഗികള്‍ പുറത്തേക്കോടി
ഒ പി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18-ാം വാര്‍ഡായ ഇ എന്‍ ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഒ പി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18-ാം വാര്‍ഡായ ഇ എന്‍ ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും മറ്റും പുറത്തേക്കോടി.
ഇന്നലെ രാത്രി 10.30ഓടെയായിരുന്ന സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ ഇവര്‍ പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒ പി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി.
കെട്ടിടത്തിന് തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ സുരക്ഷ ശക്തമാ ക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ ഇന്ന് നടക്കും.




