Connect with us

National

എൻ സി ഇ ആർ ടി പാഠപുസ്തക വിവാദം: അതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

"ആരാണ് ഇതൊക്കെ നോക്കുന്നത്" എന്ന് പ്രധാനമന്ത്രി ചോദിച്ചതായി റിപ്പോർട്ട്

Published

|

Last Updated

ന്യൂഡൽഹി | എൻ സി ഇ ആർ ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ ഇസ്റാഈൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി, സംഭവത്തിൽ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും നിർദ്ദേശിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. “ആരാണ് ഇതൊക്കെ നോക്കുന്നത്” എന്ന് പ്രധാനമന്ത്രി ചോദിച്ചതായും റിപ്പോർട്ടിലുണ്ട്.

വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ സർക്കാർ പരമമായ ആദരവോടെയാണ് കാണുന്നതെന്നും കോടതിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ സർക്കാർ അതീവ ഗൗരവമായാണ് കാണുന്നതെന്നും കോടതിയുടെ എല്ലാ തീരുമാനങ്ങളും പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതി നേരത്തെ രൂക്ഷമായ നിലപാട് സ്വീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എൻ സി ഇ ആർ ടി ഡയറക്ടർ എന്നിവർക്ക് കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. പാഠപുസ്തകത്തിന്റെ അച്ചടിയും വിതരണവും ഡിജിറ്റൽ പ്രചാരണവും പൂർണ്ണമായും നിരോധിച്ച കോടതി, ഇന്ത്യയിലും വിദേശത്തുമുള്ള പുസ്തകത്തിന്റെ എല്ലാ കോപ്പികളും കണ്ടുകെട്ടാൻ ഉത്തരവിട്ടു.

വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

Summary

Prime Minister Narendra Modi, currently in Israel, has called for strict accountability regarding the controversial NCERT textbook chapter on judicial corruption, asking, “Who is looking after all this?” Education Minister Dharmendra Pradhan also expressed deep regret, affirming the government’s respect for the judiciary and promising full compliance with court orders. This follows a Supreme Court ban on the book and the issuance of show-cause notices to top education officials, with the court warning that “heads must roll” for this lapse.