Kerala
ചൂരല്‍മല- മുണ്ടക്കൈ: കോണ്‍ഗ്രസ് നിര്‍മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു
1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് നല്‍കുന്നത്.
കല്‍പ്പറ്റ | ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകളില്‍ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പിസി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് നല്‍കുന്നത്.
ദുരന്തത്തിന് മുന്നിൽ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരസ്പരം പിണങ്ങി നടക്കാൻ സാധിക്കാത്തതാണ് വയനാട്ടിലെ ജനതയുടെ മാജിക്കെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വാങ്ങുന്നതിൽ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവർക്കും ഒപ്പം കോൺഗ്രസ് പാർട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂർത്തികരിച്ച മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടതെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. ഞാന്‍ അപ്പോള്‍ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ എംപിയാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങള്‍ അനുഭവിച്ച സംഘര്‍ഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതുപോലെയാക്കാന്‍ ശ്രമിച്ചതും ഞാന്‍ അറിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ ഉറ്റവര്‍ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്. കൃഷി നഷ്ടപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം കൊണ്ടുപോകുന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ച കരുത്തരായ യുവാക്കളെയും ഞാന്‍ ഇവിടെ കണ്ടു. നിങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി കോണ്‍ഗ്രസിലുള്ള എല്ലാവരും ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.





