Uae
ദുബൈയില്‍ 5,372 ആരോഗ്യ കേന്ദ്രങ്ങള്‍; ജീവനക്കാരുടെ എണ്ണം 66,000 കടന്നു
ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) പുറത്തുവിട്ട 2024 ലെ കണക്കുകള്‍ പ്രകാരം എമിറേറ്റില്‍ ആകെ 5,372 ലൈസന്‍സുള്ള ആരോഗ്യ സ്ഥാപനങ്ങളുണ്ട്.
ദുബൈ | എമിറേറ്റിലെ ആരോഗ്യ മേഖല വന്‍ കുതിപ്പ് നടത്തുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) പുറത്തുവിട്ട 2024 ലെ കണക്കുകള്‍ പ്രകാരം എമിറേറ്റില്‍ ആകെ 5,372 ലൈസന്‍സുള്ള ആരോഗ്യ സ്ഥാപനങ്ങളുണ്ട്. ഇതില്‍ 1,665 മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും (31 ശതമാനം) 57 ആശുപത്രികളും ഉള്‍പ്പെടുന്നു. ഫാര്‍മസികള്‍ (29.6 ശതമാനം), ഒപ്റ്റിക്കല്‍ സെന്ററുകള്‍ (8.8 ശതമാനം), സ്‌കൂള്‍ ക്ലിനിക്കുകള്‍ (7.9 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങളുടെ കണക്ക്. ഈ സ്ഥാപനങ്ങളിലായി 66,070 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 67.4 ശതമാനവും സ്ത്രീകളാണ്.
ആരോഗ്യ മേഖലയിലെ മൊത്തം ജീവനക്കാരില്‍ 2,048 പേര്‍ (3.1 ശതമാനം) യു എ ഇ പൗരന്മാരാണ്. ഇതില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരാണ് (892 പേര്‍). ആകെ ഡോക്ടര്‍മാരുടെ ആറ് ശതമാനം വരുമിത്. 401 നഴ്‌സുമാരും 106 ഫാര്‍മസിസ്റ്റുകളും സ്വദേശികളായുണ്ട്. കഴിഞ്ഞ വര്‍ഷം 37,834 കുട്ടികളാണ് ദുബൈയില്‍ ജനിച്ചത്. 2024 ല്‍ 1.3 കോടിയിലധികം പേരാണ് (13,184,938) ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ ചികിത്സ തേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധനയാണിത്.
ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 5.2 ലക്ഷം കവിഞ്ഞു (10.7 ശതമാനം വര്‍ധന). ഇതില്‍ 6.2 ശതമാനം ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളും 6.6 ശതമാനം 65 വയസ്സിന് മുകളിലുള്ളവരുമാണ്. 4,331 മരണങ്ങളും കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവി ആസൂത്രണം ചെയ്യാന്‍ കണക്കുകള്‍ സഹായിക്കുമെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഡോ. അലവി അല്‍ ശൈഖ് അലി പറഞ്ഞു.




