Editors Pick
എട്ട് മനുഷ്യരുടെ പൊക്കം; ഇവനാണ് ലോകത്തിലെ ഏറ്റവും വലിയ വാഴ
വളരെ പഴക്കമേറിയ ഈ വാഴയിനം ശിലായുഗ കാലം മുതൽ ഭൂമിയിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു സാധാ വാഴപ്പഴത്തിന് എത്ര വലിപ്പം ഉണ്ടാകും? നമ്മുടെ കൈപ്പത്തിയേക്കാൾ കുറച്ചുകൂടി അധികം നീളം അല്ലേ? ഒരു 250 ഗ്രാം ഭാരവും ഉണ്ടാകും. എന്നാൽ ഒരു അടിയോളം നീളവും രണ്ട് കിലോയോളം ഭാരവും ഉള്ള വാഴപ്പഴം കണ്ടിട്ടുണ്ടോ. ജയന്റ് ഹൈലാൻഡ് ബനാന (Giant higland banana)യുടെ പഴത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഴയും ഏറ്റവും വലിപ്പവും ഭാരവും ഉള്ള പഴവും ഉല്പാദിപ്പിക്കുന്നവരാണ് ജയന്റ് ഹൈലാൻഡ് ബനാന. മുസ ഇൻകൻസ എന്നും ഇവർ അറിയപ്പെടുന്നു.പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത് വളരുന്നത്. ഇന്തോനേഷ്യയിലും ഇവ കണ്ടുവരുന്നുണ്ട്.
50 അടിയോളം വരെ പൊക്കത്തിൽ മുസ ഇൻഗെൻസ് വളരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്തിലെ ഏറ്റവു വലിയ സസ്യമെന്ന ഖ്യാതിയും ഇതിനുണ്ട്. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300ഓളം പഴങ്ങൾ ഈ വാഴകളുടെ ഒറ്റക്കുലയിൽ ഉണ്ടാകും. തൊലിപൊളിക്കുമ്പോൾ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് മുസ ഇൻഗൻസയുടെ രുചി. ചില അസുഖങ്ങൾക്കുള്ള മരുന്നായും പാപ്പുവ ന്യൂഗിനിയിലെ ആളുകൾ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.
വളരെ പഴക്കമേറിയ ഈ വാഴയിനം ശിലായുഗ കാലം മുതൽ ഭൂമിയിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 1989ൽ ഗവേഷകനായ ജെഫ് ഡാനിയേൽസാണ് ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് മുസ ഇൻഗെൻസയുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യം




