Kerala
താത്ക്കാലിക വി സി നിയമനം: അനുനയ നീക്കവുമായി രാജ്ഭവനിലെത്തി മന്ത്രിമാര്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, വ്യവസായ വാണിജ്യ മന്ത്രി പി രാജീവുമാണ് അനുനയ നീക്കവുമായി രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

തിരുവനന്തപുരം | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കൊഴുക്കുന്നതിനിടെ, രാജ്ഭവനിലെത്തി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, വ്യവസായ വാണിജ്യ വകുപ്പു മന്ത്രി പി രാജീവുമാണ് അനുനയ നീക്കവുമായി രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
ഇരു സര്‍വകലാശാലകളിലെയും വി സി നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സര്‍വകലാശാല നിയമപ്രകാരമല്ല നിയമനങ്ങളെന്ന് കത്തില്‍ വ്യക്തമാക്കി. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അതിന്റെ അന്തസ്സത്തക്കെതിരായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും കത്തില്‍ പറയുന്നു.
വി സിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശിപാര്‍ശ അനുസരിച്ചാകണമെന്ന വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് കത്തിലെ വാദം. വി സി നിയമനത്തില്‍ ചാന്‍സിലര്‍ സര്‍ക്കാരുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതി വിധി. നിയമിതരായവര്‍ സര്‍ക്കാര്‍ പാനലില്‍ ഉള്ളവരല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും ശിവപ്രസാദിനെ കേരള സാങ്കേതിക സര്‍വകലാശാലയുടെയും വി സിമാരായി നിയമിച്ചുകൊണ്ടാണ് രാജ്ഭവന്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ പാനല്‍ തള്ളിക്കൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ നിയമനങ്ങള്‍. പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന സുപ്രീം കോടതി വിധി ആയുധമാക്കിയാണ്, ഹൈക്കോടതി വിധി പ്രകാരം പുറത്തുപോയ സിസ തോമസിനെയും ശിവപ്രസാദിനെയും ചാന്‍സലര്‍ വീണ്ടും നിയമിച്ചത്. ആറുമാസത്തേക്കാണ് ഇരുവരുടേയും നിയമനം. എന്നാല്‍, പുനര്‍ നിയമനം ചാന്‍സലര്‍ക്ക് നടത്താമെങ്കിലും രണ്ട് സര്‍വകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്ന വിധിയിലെ ഭാഗമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കെ ടി യു ആക്ട് 13(7), ഡിജിറ്റല്‍ സര്‍വകലാശാല ആക്ട് 10(11) പ്രകാരം സര്‍ക്കാര്‍ ശിപാര്‍ശ പാലിക്കണം എന്ന വിധിയിലെ പരാമര്‍ശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.