Connect with us

Kerala

ജനസഞ്ചയത്തെ വരവേറ്റ് മർകസ്

'എത്തിക്കൽ ഹ്യുമൻ, പീസ്ഫുൾ വേൾഡ്' എന്ന ശീർഷകത്തിലാണ് ഈ വർഷത്തെ സമ്മേളനം വിഭാവനം ചെയ്തിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | സുന്നി ആദര്‍ശ പ്രസ്ഥാനത്തെയും കാന്തപുരം ഉസ്താദിനെയും നെഞ്ചേറ്റുന്ന ജനലക്ഷങ്ങളുടെ സംഗമമായി മര്‍കസ് സമ്മേളനം. നാനാദിക്കുകളില്‍ നിന്ന് ഒഴുകിയയെത്തിയ പ്രവര്‍ത്തകര്‍ മര്‍കസിന്റെ മുറ്റത്ത് സ്‌നേഹസാഗരം തീര്‍ത്തു.

അസുഖത്തെ തുടർന്നുള്ള ഇടവേളക്ക് ശേഷം ശൈഖുനാ കാന്തപുരം ബഹുജനങ്ങളെ നേരിൽ കാണുന്ന അനുഗൃഹീത മുഹൂർത്തത്തിന് കൂടിയാണ് മർകസ് സാക്ഷിയായത്. കാര്യമായ മുന്നൊരുക്കമില്ലായിന്നിട്ടു കൂടി ഒത്തുകൂടണമെന്ന ശൈഖുനായുടെ ആഗ്രഹ സഫലീകരണം അവർ പ്രാവർത്തികമാക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈകുന്നേരത്തോടെ നഗരി ജനനിബിഡമായി.

പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ നടന്ന ഉലമാ സമ്മേളനം വേറിട്ടതായി. നൂതന സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി വൈജ്ഞാനിക പ്രസരണം സജീവമാക്കി പണ്ഡിതർ ഉത്തരവാദിത്വത്തോടെ പ്രവർത്തന ഗോദയിൽ മുന്നോട്ട് പോകണമെന്ന് നേതാക്കൾ ഉദ്‌ബോധിപ്പിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാർ സ്‌ക്വയറിൽ നടന്ന സമ്മിറ്റിൽ വ്യക്തിത്വ രൂപവത്കരണം: ജ്ഞാന ചരിത്രങ്ങളിലൂടെ, മഹല്ല് നേതൃത്വം: പണ്ഡിത ദൗത്യവും രീതികളും തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

പണ്ഡിത സംഗമം, സനദ് ദാനം, നാഷനൽ എമിനൻസ് മീറ്റ്, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. എമിൻനൻസ് മീറ്റ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്ത്തി ഹാഫിള് സയ്യിദ് സിയാഉദ്ദീൻ നഖ്ശബന്ധി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ശൈഖ് സാഇദ് സമാധാന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളികളായി.
തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വഖ്ഫ് മന്ത്രി ഗിംഗി കെ എസ് മസ്താൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമാപന സംഗമത്തിൽ വിദേശ പ്രമുഖരടക്കം നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കാന്തപുരത്തിൻ്റെ സ്വഹീഹുൽ ബുഖാരി അധ്യാപനത്തിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ 532 സഖാഫി പണ്ഡിതർക്ക് സമ്മേളനത്തിൽ ബിരുദം സമ്മാനിച്ചു. ‘എത്തിക്കൽ ഹ്യുമൻ, പീസ്ഫുൾ വേൾഡ്’ എന്ന ശീർഷകത്തിലാണ് ഈ വർഷത്തെ സമ്മേളനം വിഭാവനം ചെയ്തിട്ടുള്ളത്.

സമാപന സംഗമത്തിൽ  മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മതങ്ങൾ കുറാ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, ബദാഉൻ ശരീഫ് ഗദ്ദി ശരീഫ് ഹസ്‌റത്ത് ഗുലാം അബ്ദുൽ ഖാദിർ അലവി, ഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീൻ ദർഗ ഗദ്ദി ശരീഫ് ഹസ്‌റത്ത് ഹമ്മാദ് നിസാമി ,ഹസ്‌റത്ത് നൂറുൽ ഐൻ മിയാ ചിഷ്തി അജ്മീർ, ഹാജി എസ് ഖാജാ മുഹ്‌യുദ്ധീൻ ചിശ്തി ചെന്നൈ, ഹാജി ഖമീസ ബായ് സിന്തി ഖേദാ അഹ്മദാബാദ്, ഹാജി യൂസുഫ് ബായ് ജുനെജ രാജ്കോട്ട് ,ഹാജി ജുമാറൈമ ഗാന്ധിധം ,ഹാജി അബ്ദുൽ വകീൽ ഖാൻ, ബറേൽവി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, എപി അബ്ദുൽ കരീം ഹാജി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇകെ ഹുസൈൻ ഖാദിരി, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി തുടങ്ങിയവരാണ് സംബന്ധിച്ചത്.

Latest