Kerala
കണ്ണിനു പരുക്കേറ്റ കൊമ്പന്‍ പിടി 5 നെ മയക്കുവെടി വെച്ചു; ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരും
ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്.

പാലക്കാട്| കണ്ണിനു പരുക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരാന്‍ വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്. ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. മയക്കുവെടിവെച്ച ശേഷം പ്ലാനുകള്‍ ആലോചിക്കുമെന്നാണ് ഡോ അരുണ്‍ സക്കറിയ അറിയിച്ചത്.
ചികിത്സ നല്‍കിയ ശേഷം ആനയെ കാട്ടിലേക്ക് അയക്കും. പരുക്ക് ഗുരുതരമെങ്കില്‍ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. ദൗത്യം നടക്കുന്നതിനാല്‍ മലമ്പുഴ – കഞ്ചിക്കോട് റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.