Connect with us

Ongoing News

32 വര്‍ഷം: മണലാരണ്യത്തില്‍ നിന്ന് വി സി മുഹമ്മദ് നാട്ടിലേക്ക്

കാസര്‍കോട് ജില്ലയിലെ വെള്ളാപ്പ് സ്വദേശിയാണ്‌

അബുദാബി |32 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് പരിസമാപ്തി കുറിച്ച് വി സി മുഹമ്മദ് നാടണയുന്നു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് കുന്നുംകൈ സ്വദേശി ഉസ്മാന്‍ മുസ്ലിയാരുടെ മകനായ വി സി മുഹമ്മദ് 1993ലാണ് ജോലിയാവശ്യാര്‍ഥം യു എ ഇയില്‍ എത്തിയത്. കുറച്ചുകാലം പള്ളിയില്‍ ജോലി ചെയ്തു. പിന്നീട് ദാറുസ്സആദ ബുക്ക് ഷോപ്പില്‍ 12 വര്‍ഷം ജോലി. 18 വര്‍ഷക്കാലം അബ്ദുല്ല മസ്ഊദ് ജനറല്‍ ട്രെയിനിംഗ് കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി അബൂദാബില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ്‌ പ്രവാസത്തോട് വിട പറയുന്നത്.

കാസര്‍കോട് തൃക്കരിപ്പൂര്‍ വെള്ളാപ്പിലാണ് വി സി മുഹമ്മദ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ മക്കളുമുള്ള മുഹമ്മദ്, വീട് നിര്‍മിച്ചതും മക്കള്‍ക്കുള്ള വിദ്യാഭ്യാസം നല്‍കി മൂന്ന് മക്കളുടെ വിവാഹം ചെയ്തതുമെല്ലാം പ്രവാസ ജോലികള്‍ക്കിടയിലാണ്. ഹജ്ജ്- ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതും വലിയ ഒരു പണ്ഡിത സൗഹൃദവലയം ഉണ്ടാക്കാന്‍ സാധിച്ചതുമെല്ലാം പ്രവാസത്തിന്റെ നേട്ടങ്ങളായി വി സി മുഹമ്മദ് എണ്ണിപ്പറയുന്നു.

സുന്നി യുവജന സംഘം കാസര്‍കോട് ജില്ല, തൃക്കരിപ്പൂര്‍ മുജമ്മഅ്, കാസര്‍കോട് സഅദിയ്യ, ഐ സി എഫ് തുടങ്ങിയ സ്ഥാപന സംഘടനാ മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്നാലാകുന്ന സേവനങ്ങള്‍ ചെയ്യാന്‍ വി സി മുഹമ്മദിന് സാധിച്ചു. ആയിരങ്ങള്‍ പങ്കെടുക്കുന്ന അബുദാബിയിലെ ഗ്രാന്‍ഡ് നബിദിന പ്രോഗ്രാമില്‍ വലിയ സേവനങ്ങളാണ് പതിറ്റാണ്ടുകളായി അദ്ദേഹം ചെയ്തുവന്നത്.

പ്രവാസം ആരംഭിക്കും മുമ്പ് മാട്ടൂല്‍ മന്‍ഷഅ്, തളിപ്പറമ്പ് അല്‍ മഖര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം ചെയ്തിരുന്നു. നാട്ടിലെത്തിയാലും തന്നാല്‍ കഴിയുന്ന സാമൂഹിക സേവനങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.

ഐ സി എഫ് അബുദാബി റീജ്യന്‍ കമ്മിറ്റിയും സുന്നി യുവജന സംഘം കാസര്‍കോട്, ജാമിഅ സഅദിയ്യ അബുദാബി ഘടകവും വി സി മുഹമ്മദിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. അബുദാബി ഐ സി എഫ് കള്‍ച്ചറല്‍ ഹാളില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഐ സി എഫ് പ്രസിഡന്റ് ഹംസ അഹ്‌സനി വയനാട് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കര്‍ മൗലവി, ഹക്കീം വളക്കൈ, ഷാഫി പട്ടുവം, സിദ്ദീഖ് അന്‍വരി സംബന്ധിച്ചു.

 

Latest