Connect with us

Uae

അജ്മാനിൽ സായിദ് വിദ്യാഭ്യാസ സമുച്ചയം തുറന്നു

അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.

Published

|

Last Updated

അജ്മാൻ|അജ്മാനിലെ അൽ റഖൈബ് പ്രദേശത്ത് സായിദ് വിദ്യാഭ്യാസ സമുച്ചയം തുറന്നു. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസത്തിലെ ആഗോള വികസനങ്ങളുമായി പൊരുത്തപ്പെടുന്നതും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുമായ ദേശീയ വിദ്യാഭ്യാസ പദ്ധതികയുടെ ഭാഗമാണ് സായിദ് വിദ്യാഭ്യാസ സമുച്ചയം.
വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്‌കൂൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. നൂതന ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ശക്തവും വികസിതവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള മൂലക്കല്ലാണ് അറിവെന്ന തത്വത്തെ അടിസ്ഥാനമാക്കി, യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ യാത്രക്ക് രാജ്യം നൽകുന്ന മികച്ച പിന്തുണയെ അജ്മാൻ കിരീടാവകാശി പ്രശംസിച്ചു. അജ്മാൻ വിഷൻ 2030-ന് അനുസൃതമായി നൂതനാശയങ്ങളെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന ആകർഷകമായ വിദ്യാഭ്യാസ അന്തരീക്ഷത്തെ അജ്മാൻ തുടർന്നും പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.