siraj pathivaram
ഇന്തോനേഷ്യയിലെ സെറാമ്പി മക്ക
റബീഉൽ അവ്വലിനോടനുബന്ധിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന മൗലിദ് സദസ്സുകൾ നടക്കാറുണ്ട്. ബർസഞ്ചി മൗലിദ് ആണ് പൊതുവേ പാരായണം ചെയ്യപ്പെടാറുള്ളത്. ഇമാം സുലൈമാനുൽ ജസൂലിയുടെ ദലാഇലുൽ ഖൈറാതിനും പ്രചാരമുണ്ട്.

അച്ചെയിലെ പ്രഗത്ഭ പണ്ഡിതനായ ഓലിയാഷാ നൂറുദ്ദീനാണ് കൂടെയുള്ളത്. സ്വീകരിക്കാനായി അദ്ദേഹം എയർപോർട്ട് പരിസരത്ത് എത്തിയിരുന്നു. നേരത്തെ അറിയിച്ചതനുസരിച്ച് ഡെപ്യൂട്ടി മുഫ്തി ഡോ. മുഹമ്മദ് ഹത്തയുടെ വീട്ടിലേക്കാണ് പോകുന്നത്. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി മുഫ്തി കാത്തിരിക്കുകയാണ്. വഴിയിലൊരിടത്ത് അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനം കാണിച്ചു തന്നു. ആയിരത്തിലധികം വിദ്യാർഥി വിദ്യാർഥിനികൾ അവിടെ പഠിക്കുന്നുണ്ടത്രേ. ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളായ ഫത്ഹുൽ മുഈൻ, മഹല്ലി, ബുജൈരിമി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അധ്യാപന വിഷയങ്ങൾ എന്നു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.
അതിനിടെ, ഔലിയാശാഹ് ആവേശകരമായ മറ്റൊരു കാര്യം കൂടി പറഞ്ഞു. സുൽത്വാനുൽ ഉലമാ എ പി ഉസ്താദിനെ അച്ചെയിലേക്ക് കൊണ്ടുവരാൻ അതിയായ ആഗ്രഹമുണ്ട്. മലേഷ്യയിലെ പുത്രജയ മസ്ജിദിൽ നടന്ന ഉസ്താദിന്റെ സ്വഹീഹുൽ ബുഖാരി ദർസ് കനപ്പെട്ടതായിരുന്നു. ഉസ്താദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും അദ്ദേഹം അന്വേഷിച്ചു.
പൂർണമായും പാരമ്പര്യ രീതിയിൽ ജീവിക്കുന്ന ജനസമൂഹമാണ് അച്ചെയിലേത്. ഫത്ഹുൽ മുഈൻ ഏതാണ്ട് എല്ലായിടത്തും പഠിപ്പിക്കുന്നു. മലബാറിനോട് പ്രത്യേകമായൊരു ആത്മബന്ധം അതവർക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. റബീഉൽ അവ്വലിനോടനുബന്ധിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന മൗലിദ് സദസ്സുകൾ നടക്കാറുണ്ട്. ബർസഞ്ചി മൗലിദ് ആണ് പൊതുവേ പാരായണം ചെയ്യപ്പെടാറുള്ളത്. ഇമാം സുലൈമാനുൽ ജസൂലിയുടെ ദലാഇലുൽ ഖൈറാതിനും പ്രചാരമുണ്ട്.
മഖ്ബറകളാണ് മറ്റൊരു പാരമ്പര്യ ചിഹ്നം. സുമാത്രയിലുടനീളം വിവിധ മഹാരഥന്മാരുടെ മഖ്ബറകളുണ്ട്. അവിടെയെല്ലാം വിപുലമായ ആണ്ടുനേർച്ചകളും നടന്നുവരുന്നു. മലബാറിലെ മക്കയാണ് പൊന്നാനി. സമാനമായി ഇന്തോനേഷ്യയിലെ സെറാമ്പി (ചെറിയ) മക്കയാണ് ബന്തെ അച്ചെ. വ്യവസ്ഥാപിതമായ മദ്റസാ സംവിധാനവും പ്രദേശത്തുണ്ട്. ദായ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. സവിയ്യ എന്നായിരുന്നു മുമ്പ് അവയുടെ പേര്.
ഓലിയാഷാ നൂറുദ്ദീനും ഒരു മദ്റസ നടത്തുന്നുണ്ട്. ഇനിയുള്ള രണ്ട് ദിവസങ്ങൾ അവിടെയാണ് താമസം. ദായ ഫത്വാനി ദാറുസ്സലാം എന്നാണതിന്റെ പേര്. പ്രാഥമിക, സെക്കൻഡറി തലങ്ങളിലുള്ള പഠനമാണ് അവിടെ നൽകപ്പെടുന്നത്. തായ്‌ലാൻഡിലെ ഫത്വാനിയിലായിരുന്നു ഓലിയാഷായുടെ പഠനം. ശൈഖ് ബാബാ ഇസ്മാഈൽ സെപഞ്ചാംങ്ങാ ഗുരു ആ ഓർമക്കാണ് തന്റെ മദ്റസക്ക് ദായ ഫത്വാനി എന്ന പേര് നൽകിയിരിക്കുന്നത്. ഈ യാത്രയുടെ തുടക്കത്തിൽ ശൈഖ് ഇസ്മാഈലിനെ സന്ദർശിച്ചത് അദ്ദേഹത്തിന് വലിയ മതിപ്പുളവാക്കിയിട്ടുണ്ട്.
തിരുനബി(സ) സന്താന പരമ്പരയിലെ ധാരാളം കുടുംബങ്ങൾ അച്ചേയിൽ താമസിക്കുന്നുണ്ട്. ഹബ്ശി, ഐദറൂസി, ജമലുല്ലൈലി, ബിൽഫഖീഹ് എന്നീ വംശാവലിയിലുള്ളവരാണ് അധികവും. ജാവയിലെന്ന പോലെ ഹബീബ് എന്നാണ് അവർ അറിയപ്പെടുന്നത്. മതപണ്ഡിതന്മാർ തെംഗുക്കു എന്നും അറിയപ്പെടുന്നു. അവരുടെ നേതൃത്വത്തിലുള്ള ദാറുൽ ഇഫ്താ ആണ് പ്രദേശത്തെ പരമാധികാര പണ്ഡിതസഭ.
ഭരണകൂടവും സൈന്യവുമായും ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിനാൽ ദാറുൽ ഇഫ്താഇന് അച്ചെയിൽ വർധിത സ്വാധീനമുണ്ട്. ഏറെക്കാലം ഇന്തോനേഷ്യൻ വിരുദ്ധ സ്വാതന്ത്ര്യ സമരം നടന്ന പ്രദേശം കൂടിയാണ് അച്ചെ. സുനാമി ഏൽപ്പിച്ച ആഘാതമാണ് അതിൽനിന്നും അച്ചനീസ് ജനതയെ പിന്തിരിപ്പിച്ചത്. സമരങ്ങളും ദുരന്തങ്ങളും കാരണം അടുത്തകാലം വരേയും ഇവിടേക്ക് സഞ്ചാരികൾ എത്താറുണ്ടായിരുന്നില്ല. പ്രധാന പാതയിൽ നിന്ന് അൽപ്പം തെറ്റിയാണ് ഡെപ്യൂട്ടി മുഫ്തിയുടെ വീട്.
ഞങ്ങൾ എത്തിയപ്പോഴേക്കും അദ്ദേഹം എല്ലാം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ആമുഖ സംസാരത്തിന് ശേഷം ഭക്ഷണം കഴിക്കാനായി ഇരുന്നു. നിലത്തുവിരിച്ച സുപ്രയിൽ അനേകം വിഭവങ്ങൾ. ചോറും വിവിധതരം കറികളും ഉപ്പേരികളും. പടാങ്ങ് സ്റ്റൈൽ ആണ്. സീഫുഡും ഫ്രൂട്സുമെല്ലാമുണ്ട്. മനസ്സും വയറും നിറച്ച സ്വാദിഷ്ഠമായ ആ സത്കാരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് നീങ്ങി. അൽപ്പം വിശ്രമിച്ച് കോഴിക്കോട് കുറ്റിച്ചിറ ശൈഖ് ജിഫ്‌രി തങ്ങളുടെ സതീർത്യൻ ഹബീബ് തെംഗുക്കു ദിയാൻജോംഗിന്റെ ദർഗ സന്ദർശിക്കുകയാണ് അടുത്ത ലക്ഷ്യം.