Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിലും ശബ്ദമുയരുന്നു
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ

കോഴിക്കോട് | ലൈംഗിക ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിലും ശബ്ദമുയരുന്നു. ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആവശ്യമുയര്‍ന്നു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ വിമര്‍ശനം ഉന്നയിച്ചു. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. മാധ്യമങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണമെന്നും സ്‌നേഹ പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ മാറി നില്‍ക്കുന്നതാണ് രീതി. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനക്ക് ബാധ്യതയുണ്ട്. ഡി വൈ എഫ് ഐ നേതാവിനെതിരെ ആണ് ഇത്തരം ആരോപണം വന്നതെങ്കില്‍ അവര്‍ പ്രതികരിച്ചേനെയെന്നും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനയില്‍ വേദിയില്ലെന്നും ആര്‍ വി സ്‌നേഹ പറഞ്ഞു. വിഷയം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ രാഹുലിനെ അനുകൂലിക്കുന്ന ചില ഭാരവാഹികളും രംഗത്തുവന്നു.