National
ഹൃദയാഘാതം: യുവ ഹൃദ്രോഗ വിദഗ്ധൻ ഡ്യൂട്ടിക്കിടെ മരിച്ചു
ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ഗ്രഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്

ചെന്നൈ | യുവ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ഗ്രഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയില്‍ രോഗികളെ മുറികൾ കയറി പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി പി ആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ഇ സി എം ഒ എന്നിവയൊക്കെ ചെയ്തെങ്കിലും ഇടതുഭാഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ല.
ഇടത് ഹൃദയധമനികളിലുണ്ടായ ബ്ലോക്കാണ് ഹൃദയാഘാതത്തിന് കാരണമായത്. ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിന് താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ച് വരുന്ന പ്രവണത കൂടുന്നതായും ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ കുറിച്ചു. 12 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നതും വിശ്രമക്കുറവും ഇതിന് കാരണമാകാമെന്നും ഡോ. സുധീര്‍ വ്യക്തമാക്കി. ചിലപ്പോൾ സിംഗിൾ ഷിഫ്റ്റ് പോലും 24 മണിക്കൂറായി നീണ്ടുപോകാറുണ്ടെന്നും അദ്ദേഹം കുറിച്ചു.
തിനൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, വ്യായാമം ചെയ്യാതിരിക്കുന്നത്, ഹെൽത്ത് ചെക്കപ്പുകൾ മുടക്കുന്നത് തുടങ്ങിയവയൊക്കെ രോഗസാധ്യത കൂട്ടും. കൂടാതെ പല ഡോക്ടർമാരും വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി കഴിയുമ്പോഴും അതിന് വിദഗ്ധസഹായം തേടാൻ മടിക്കാറുണ്ടെന്നും ഡോ. സുധീർ കുറിക്കുന്നു.