Connect with us

Siraj Article

ഇടിമുഴങ്ങുമ്പോള്‍ മാത്രമുണരുന്ന ആശങ്കയല്ല വേണ്ടത്‌

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട അണക്കെട്ട്, എത്ര ബലപ്പെടുത്തിയാലും സുരക്ഷിതമല്ലെന്നതില്‍ തര്‍ക്കമില്ല. അതുപക്ഷേ, പരമോന്നത കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള പ്രശ്‌നമെന്ന നിലക്ക് പിന്നീട് ഇടപെടാന്‍ സാധിക്കുക കേന്ദ്ര സര്‍ക്കാറിനാണ്. തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള പരിഹാരത്തിന് കേന്ദ്രവും ശ്രമിക്കാറില്ല. കേന്ദ്ര ഭരണം കൈയാളുന്ന കക്ഷികളുടെ രാഷ്ട്രീയ താത്പര്യമാണ് അത്തരമൊരു ഇടപെടലില്‍ നിന്ന് കേന്ദ്ര സര്‍ക്കാറുകളെ പിന്നാക്കം പിടിക്കുന്നത്

Published

|

Last Updated

തുലാവര്‍ഷത്തിന് ഇടി മുഴങ്ങിത്തുടങ്ങുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പിനെക്കുറിച്ചും പ്രായം നൂറ് പിന്നിട്ട അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചും കേരളത്തില്‍ ആശങ്ക ഉയരും. രണ്ടോ മൂന്നോ ദശാബ്ദങ്ങളായുള്ള ആചാരം. 2010ല്‍ ആശങ്ക അതിരുവിട്ടുയര്‍ന്നു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നുവെന്നും ജലബോംബിന്റെ പ്രഹരത്തില്‍ കേരളത്തിന്റെ മധ്യഭാഗത്തുള്ള അഞ്ച് ജില്ലകളൊന്നാകെ ഒലിച്ചുപോകുമെന്നും 40 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നുമുള്ള പരിഭ്രാന്തി പ്രചരിപ്പിക്കപ്പെട്ടു. ഈ അണക്കെട്ട് എപ്പോള്‍ പൊട്ടുമെന്ന ഭീതിയില്‍ ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജെ ജോസഫ് പറഞ്ഞത് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട മട്ടായി. അണയുടെ നിര്‍മാണ രീതിയിലെ പ്രശ്‌നങ്ങളും കെട്ടിനിടയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവും വിവരിച്ച് മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച് വര്‍ഷങ്ങളായി സംശയം പ്രകടിപ്പിക്കുന്നവര്‍ രംഗത്തുവരിക കൂടി ചെയ്തതോടെ അണമുറിഞ്ഞാല്‍ രക്ഷപ്പെടാന്‍ എന്തൊക്കെ ചെയ്യണമെന്ന് വിശദീകരിക്കുന്ന ലഘുലേഖകള്‍ വരെ തയ്യാറായി.
കുത്തിയൊലിച്ച് വരുന്ന വെള്ളത്തിന് എത്തിപ്പെടാന്‍ കഴിയാത്ത ഉയര്‍ന്ന പ്രദേശങ്ങള്‍ നേരത്തേ കണ്ടെത്തണം, അവിടേക്ക് എത്തിപ്പെടാനുള്ള മാര്‍ഗം അറിഞ്ഞുവെക്കണം, കഴിയുമെങ്കില്‍ ആ പാത തെളിച്ചിടണം, വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കരുത് എന്ന് വേണ്ട അണപൊട്ടി ഒഴുകുന്ന വെള്ളം പടിഞ്ഞാറ് അറബിക്കടലിലേക്ക് എത്താന്‍ എടുക്കുന്ന സമയം വരെ ഗണിച്ചിട്ടു ചിലര്‍. അത് കഴിഞ്ഞിട്ട് വര്‍ഷം പത്ത് കഴിഞ്ഞു.

ഇക്കാലത്തിനിടെ മുല്ലപ്പെരിയാറിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി, പുതിയ അണകെട്ടാന്‍ അനുവാദം ആവശ്യപ്പെട്ട് കേരളവും ജലനിരപ്പ് 136ല്‍ നിജപ്പെടുത്തി കേരള നിയമസഭ പാസ്സാക്കിയ നിയമ ഭേദഗതി ചോദ്യം ചെയ്ത് തമിഴ്‌നാടും സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിച്ചു. ബലക്ഷയമുണ്ടോ എന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, ചന്ദ്രമൗലി കുമാര്‍ പ്രസാദ്, മദന്‍ ബി ലോകുര്‍, എം വൈ ഇഖ്ബാല്‍ എന്നിവരടങ്ങിയ ബഞ്ച് വിശദമായ വിധി പുറപ്പെടുവിച്ചു.
ഇന്നത്തെ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുള്‍ക്കൊള്ളുന്ന പ്രദേശത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് പെരിയാറില്‍ അണകെട്ടുന്നതിന് സ്ഥലം പാട്ടത്തിന് നല്‍കിക്കൊണ്ടും വെള്ളം തിരിച്ചുവിടുന്നതിന് അനുമതി നല്‍കിക്കൊണ്ടും 1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവും ഇന്ത്യന്‍ സ്റ്റേറ്റിന്റെ സെക്രട്ടറിയും തമ്മിലുണ്ടാക്കിയ കരാര്‍ ഇപ്പോഴും സാധുവാണെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചു. 999 വര്‍ഷത്തേക്കായിരുന്നു അന്നുണ്ടാക്കിയ പാട്ടക്കരാര്‍. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നതോടെ പണ്ടുണ്ടാക്കിയ കരാറുകളൊക്കെ അസാധുവായെന്നതായിരുന്നു കോടതിയില്‍ കേരളത്തിന്റെ മുഖ്യവാദം. രാഷ്ട്രീയ സ്വഭാവമുള്ള കരാറുകളാണ്, ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നതോടെ അസാധുവായതെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലുള്ളത് രാഷ്ട്രീയ സ്വഭാവമുള്ള കരാറല്ലാത്തതിനാല്‍ നിലനില്‍ക്കുമെന്നുമായിരുന്നു വിധി. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം, വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രീം കോടതി തള്ളി.
ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താന്‍ അനുവദിച്ചു. 136 അടിയായി നിജപ്പെടുത്തി കേരളം കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കി. ജലനിരപ്പ് 142 അടിയാക്കാന്‍ 2006ല്‍ തന്നെ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു. ആ വിധി വന്നതിന് പിറകെയാണ് കേരള നിയമസഭ നിയമഭേദഗതി പാസ്സാക്കിയത്. ഇത് ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അണക്കെട്ട് സുരക്ഷിതമോ എന്ന് നിരന്തരം നിരീക്ഷിക്കുന്നതിന് കേന്ദ്ര ജലകമ്മീഷന്റെയും കേരളം – തമിഴ്‌നാട് സര്‍ക്കാറുകളുടെയും പ്രതിനിധികളുള്‍ക്കൊള്ളുന്ന സമിതിയെയും എല്ലാ മാസവും പരിശോധിക്കുന്നതിന് അഞ്ചംഗ ഉപസമിതിയെയും നിയോഗിക്കുകയും ചെയ്തു.

ഈ സമകാലിക ചരിത്രത്തില്‍ നിന്ന് മാത്രമേ മുല്ലപ്പെരിയാറിനെക്കുറിച്ച് ഇപ്പോള്‍ വീണ്ടുമുയരുന്ന “ജല ബോംബ്’ ആശങ്കയെ കാണാനാകൂ. ശര്‍ക്കരയും ചുണ്ണാമ്പും മുട്ടയുടെ വെള്ളയുമൊക്കെ ചേര്‍ത്തുള്ള മിശ്രിതം പശയാക്കിയ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ പറഞ്ഞ ആയുസ്സ് അമ്പത് വര്‍ഷമാണ്. പുതിയ കാലത്ത് റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് പോലും പ്രവചിക്കുന്ന ആയുസ്സ് നാല്‍പ്പതോ അമ്പതോ വര്‍ഷം മാത്രമാണ്. അതിനപ്പുറം ഇത്തരം നിര്‍മാണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും. അപ്പോള്‍ പിന്നെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട അണക്കെട്ട്, എത്ര ബലപ്പെടുത്തിയാലും സുരക്ഷിതമല്ലെന്നതില്‍ തര്‍ക്കമില്ല. അതുപക്ഷേ, പരമോന്നത കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള പ്രശ്‌നമെന്ന നിലക്ക് പിന്നീട് ഇടപെടാന്‍ സാധിക്കുക കേന്ദ്ര സര്‍ക്കാറിനാണ്. തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള പരിഹാരത്തിന് കേന്ദ്രവും ശ്രമിക്കാറില്ല. കേന്ദ്ര ഭരണം കൈയാളുന്ന കക്ഷികളുടെ രാഷ്ട്രീയ താത്പര്യമാണ് അത്തരമൊരു ഇടപെടലില്‍ നിന്ന് കേന്ദ്ര സര്‍ക്കാറുകളെ പിന്നാക്കം പിടിക്കുന്നത്.

തമിഴ്‌നാടിന് വെള്ളം വേണ്ടത് വേനലിലാണ്. അതുകൊണ്ട് മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ പരമാവധി വെള്ളം കെട്ടിനിര്‍ത്തുക എന്നതാണ് അവരുടെ താത്പര്യം. മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകുന്ന വെള്ളം സംഭരിക്കാവുന്നത്ര വൈഗ അണക്കെട്ടില്‍ സൂക്ഷിക്കുന്നുമുണ്ട്. വേനല്‍ക്കാലത്ത് കൃഷിയാവശ്യത്തിന് വേണ്ട വെള്ളം കിട്ടാതിരുന്നാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അരിശത്തിലാകും. അത് താങ്ങാന്‍ കഴിയാത്തതിനാല്‍ അവിടുത്തെ ഭരണ നേതൃത്വം മുല്ലപ്പെരിയാറില്‍ പരമാവധി വെള്ളം സൂക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ടാണ് ജലനിരപ്പ് പരമാവധിയാക്കാന്‍ അനുവാദം തേടി അവര്‍ നിയമയുദ്ധം നടത്തുന്നതും അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സ്ഥാപിച്ച് സുപ്രീം കോടതിയുടെ അനുമതി നേടിയെടുക്കുന്നതും. ആ താത്പര്യത്തോടാണ് ജനങ്ങളുടെ സുരക്ഷയെന്ന കേരളത്തിന്റെ ആശങ്ക ഏറ്റുമുട്ടുന്നത്. ആ ആശങ്ക പരിഹരിക്കാനുള്ള നമ്മുടെ നിര്‍ദേശം പുതിയ അണക്കെട്ടും പുതിയ കരാറുമെന്നതാണ്.
പുതിയ അണക്കെട്ടും പുതിയ കരാറുമായാല്‍ അണയുടെ മേല്‍ തങ്ങള്‍ക്കുള്ള നിയന്ത്രണം നഷ്ടമാകുമെന്നും ഭാവിയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും തമിഴ് ജനതയും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഭയക്കുന്നു. അതുകൊണ്ട് പുതിയ അണക്കെട്ടും പുതിയ കരാറുമെന്നത് അവര്‍ക്ക് സ്വീകാര്യവുമല്ല.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ കാലത്ത്, തിരുവിതാംകൂര്‍ മഹാരാജാവിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി, 999 വര്‍ഷമെന്ന യുക്തിക്ക് നിരക്കാത്ത കാലപരിധി നിശ്ചയിച്ചുണ്ടാക്കിയ കരാര്‍ സ്വാതന്ത്ര്യാനന്തര രാജ്യത്തും സാധുവാകുമ്പോള്‍, നൂറ് വര്‍ഷം പിന്നിട്ട അണക്ക് ഈട് കുറയുക സ്വാഭാവികമാണെന്ന കേവല യുക്തി ബോധ്യപ്പെടാതിരിക്കുമ്പോള്‍, ചുണ്ണാമ്പും ശര്‍ക്കരയും മുഖ്യ മിശ്രിതമായ കെട്ടിന്‍മേല്‍ പിന്നീട് എത്ര കോണ്‍ക്രീറ്റ് ചാര്‍ത്തിയാലും അത്രയുറപ്പൊന്നുമുണ്ടാകില്ലെന്ന തിരിച്ചറിവ് ഐ ഐ ടിയിലെ വിദഗ്ധര്‍ക്ക് ഇല്ലാതിരിക്കുമ്പോള്‍ തമിഴരെ വിശ്വാസത്തിലെടുത്ത് മലയാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഒരൊറ്റ വഴിയേ കേരളത്തിന് മുന്നിലുള്ളൂ. അതിന് തുലാവര്‍ഷത്തിന് ഇടിമുഴങ്ങുമ്പോള്‍ മാത്രമുയരുന്ന ആശങ്കയും അപ്പോള്‍ മാത്രമുണ്ടാകുന്ന സുപ്രീം കോടതി നിരങ്ങലും മതിയാകില്ല. തമിഴ്‌നാടിന്റെ ഭരണ സാരഥ്യത്തിലുള്ളവരുമായി നിരന്തര സംഭാഷണത്തിന് കേരളം ഭരിക്കുന്നവര്‍ സന്നദ്ധരാകണം. തുലാപ്പെയ്ത്ത് തീരുന്നതോടെ ആശങ്കക്ക് ബലക്ഷയം വരുന്ന പതിവ് മാറ്റിവെക്കണം. അടുത്ത തുലാത്തില്‍ ആശങ്കക്ക് കൂടാമെന്ന് ഉപചാരം ചൊല്ലിപ്പിരിയുന്ന പതിവ് ഇനിയെങ്കിലും അവസാനിക്കണം.

2018ന് ശേഷം കേരളം നേരിടുന്ന പ്രളയ – പ്രകൃതി ദുരന്തങ്ങളെ കണക്കിലെടുക്കണം. പ്രവചിക്കുന്നതും പ്രവചിക്കാത്തതുമായ വന്‍മഴകള്‍ മലവെള്ളപ്പാച്ചിലായും ഉരുളായും ജീവനുകളെടുത്തുകൊണ്ടേയിരിക്കുന്നു. ഉരുളുകള്‍ പൊട്ടിയൊലിക്കുന്നതിലേറെയും പശ്ചിമഘട്ടത്തിന്റെ പാര്‍ശ്വങ്ങളിലാണ്. അവിടെ തന്നെയാണ് മുല്ലപ്പെരിയാറിന്റെ അണകളും. ഇപ്പൊപ്പൊട്ടുമെന്ന നിലക്കുള്ള അടിസ്ഥാനമില്ലാത്ത ആശങ്കയുടെ സൃഷ്ടികളെ നമുക്ക് അവഗണിക്കാം. പക്ഷേ, മുല്ലപ്പെരിയാറിനെ സ്വച്ഛന്ദമൃത്യുവിന് വിട്ടുകൊടുത്ത്, സര്‍വം സുരക്ഷിതമെന്ന് ആശ്വസിക്കുന്നതില്‍ അപായമുണ്ട്. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളെ വേഗത്തില്‍ മറന്ന്, മലയും മണ്ണും തുരക്കാന്‍ തിടുക്കപ്പെടുന്ന മലയാളികള്‍ക്ക്, മഞ്ഞുവീഴുന്നതോടെ ആശങ്ക ഉറഞ്ഞുപോകുന്ന നേതൃത്വമേ അര്‍ഹിക്കുന്നുണ്ടാകൂ.

Latest