Connect with us

Kerala

സംസ്ഥാന കൃഷി വകുപ്പ് സമര്‍പ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് ലോകബേങ്ക് അംഗീകാരം; അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുമെന്ന് മന്ത്രി

ആദ്യ ഗഡുവായി 1,655.85 കോടി രൂപ ലോകബേങ്ക് അനുവദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന കൃഷി വകുപ്പ് സമര്‍പ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്‌റ് അഗ്രി-വാല്യൂ ചെയിന്‍ (കേര) പദ്ധതിക്ക് ലോകബേങ്ക് സഹായം. 2,365.5 കോടി രൂപയുടെ പദ്ധതിക്കാണ് ലോകബേങ്കിന്റെ അംഗീകാരം ലഭിച്ചത്. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതില്‍ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിനനുസൃതമായ കൃഷിരീതി അവലംബിച്ച് കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഉള്ള പദ്ധതിക്കാണ് സഹായം ലഭിച്ചത്. ഒക്ടോബര്‍ 31ന് കൂടിയ ലോക ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാനുപൂരകമായ കൃഷി രീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെ ഏകദേശം നാല് ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സ്ത്രീകള്‍ നടത്തുന്ന ചെറുകിട, ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയില്‍ നിന്ന് 500 കോടി രൂപ മുതല്‍ മുടക്കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.