Kerala
'ബംഗളുരു ബുള്‍ഡോസര്‍ രാജ്: കര്‍ണാടക സര്‍ക്കാര്‍ നടപടി മനുഷ്യര്‍ക്കെതിരെയുള്ള കടന്ന് കയറ്റം'
മുസ്ലിം, ദലിത്, പിന്നാക്ക ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ മേല്‍ക്കൂരകളെ ഞെരിച്ചമര്‍ത്തിയാണ് കര്‍ണാടക സര്‍ക്കാറിന്റെ ബുള്‍ഡോസറുകള്‍ ഇരമ്പിയാര്‍ത്തത്
മലപ്പുറം | ബെംഗളുരുവിലെ കോളനികള്‍ കേന്ദ്രീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജ് നടപടി സമുഹത്തിലെ ദുര്‍ബലരായ പച്ച മനുഷ്യര്‍ക്കെതിരെയുള്ള കടന്ന് കയറ്റമാണെന്ന് വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ പറഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും മുഴുവന്‍ മനുഷ്യരും അപലപിക്കേണ്ടതുമാണ്.
അര്‍ധ രാത്രി കൊടും തണുപ്പില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കിടന്നുറങ്ങുന്ന നൂറുകണക്കിന് സ്ത്രികളും കുട്ടികളും ഗര്‍ഭിണികളും രോഗികളുമുള്‍പ്പെടെയുള്ള മനുഷ്യരെയാണ് നിഷ്‌ക്കരുണം വഴിയാധാരമാക്കിയത്. മുസ്ലിം, ദലിത്, പിന്നാക്ക ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ മേല്‍ക്കൂരകളെ ഞെരിച്ചമര്‍ത്തിയാണ് കര്‍ണാടക സര്‍ക്കാറിന്റെ ബുള്‍ഡോസറുകള്‍ ഇരമ്പിയാര്‍ത്തത്. വികസന പദ്ധതികളുടെ എക്കാലത്തെയും ഒന്നാമത്തെ ഇരകളും വികസനക്കെടുതികള്‍ കൂടുതല്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവരും സമൂഹത്തില പതിതരായിരിക്കുമെന്ന സത്യമാണ് ബാംഗ്ലൂര്‍ – യെലഹങ്ക തട്ടി നിരപ്പാക്കലിലും നടന്നിരിക്കുന്നത്.
വിദ്വേഷ രാഷ്ട്രീയവും അതിന്റെ പ്രചരണ മായിക്കൊണ്ടുള്ള വംശീയ ഉന്‍മൂലന പദ്ധതികളും ഭരണകൂട സാമഗ്രികളുപയോഗിച്ച് സംഘ്പരിവാര്‍ നടപ്പാക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിഷയത്തിലെല്ലാം കൃത്യവും മാതൃകാപരവുമായ നയ നിലപാട് സ്വീകരിച്ച കര്‍ണാടക സര്‍ക്കാറില്‍ നിന്നാണ് അത്യന്തം ആപല്‍ക്കരവും ഏറെ അപകടകരവുമായ ഈ ഹീനകൃത്യം ഉണ്ടായിരിക്കുന്നത്. അതിനാല്‍ ബാംഗ്ലൂരില്‍ കുടിയൊഴിപ്പിക്കപ്പെട്ട മുഴുവന്‍ നിസ്സഹായരായ മനുഷ്യര്‍ക്കും
നീതിയും മതിയായ പുനരധിവാസവും ഉറപ്പാക്കാന്‍ മതേതര ജനാധിപത്യ സര്‍ക്കാരെന്ന നിലയില്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം.




