National
ആയുധങ്ങളേക്കാള്‍ മാരകമായ വാക്കുകള്‍; രാഹുല്‍ ഗാന്ധിക്കെതിരായ വിധി സ്വാഗതം ചെയ്ത് രാജ്‌നാഥ് സിങ്
വാക്കിലൂടെയുള്ള ഉപദ്രവം വാളുകൊണ്ട് ഉണ്ടാക്കുന്നതിനേക്കാള്‍ ആഴമുള്ളതാണെന്ന് രാഹുല്‍ അംഗീകരിക്കണം.

ന്യൂഡല്‍ഹി | അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആയുധങ്ങളേക്കാള്‍ മാരകമാണ് വാക്കുകള്‍ എന്നത് പാഠമായി കോണ്‍ഗ്രസ് എം പി. രാഹുല്‍ ഗാന്ധി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാക്കിലൂടെയുള്ള ഉപദ്രവം വാളുകൊണ്ട് ഉണ്ടാക്കുന്നതിനേക്കാള്‍ ആഴമുള്ളതാണെന്ന് രാഹുല്‍ അംഗീകരിക്കണം. ഈ സംഭവത്തില്‍ നിന്ന് നാമെല്ലാവരും പഠിക്കണം. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതിനിടെ, കോടതി ഉത്തരവിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബി ജെ പി നേതാവും മുന്‍ നിയമ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. എന്നാല്‍, വിധിയെ നിയമപരമായി നേരിടുമെന്ന് ഖാര്‍ഗെ പറഞ്ഞു.
വിധിക്ക് തൊട്ടുപിന്നാലെ മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് തന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ‘സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാര്‍ഗം അഹിംസയാണ്.’- രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന് രാഹുലിനെതിരായ കോടതി ഉത്തരവിനോട് പ്രതികരിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍ നിന്നെല്ലാം ഞങ്ങള്‍ക്കെതിരെ സമ്മര്‍ദമുണ്ട്. അവയെല്ലാം ദുരുപയോഗം ചെയ്യുകയാണ്. രാഹുല്‍ ഗാന്ധി ധീരനാണ്, അദ്ദേഹത്തിന് മാത്രമേ എന്‍ ഡി എ സര്‍ക്കാരിനോട് പോരാടാന്‍ കഴിയൂവെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.