Kerala
വനിതാ എസ് ഐയെ ആക്രമിച്ചു; മൂന്ന് സ്ത്രീകള്‍ക്ക് ഏഴ് വര്‍ഷം തടവ്
ആഭിചാരക്രിയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ അന്വേഷണത്തിനായി എത്തിയ പോലീസുകാരിക്കെതിരെ ആയിരുന്നു ആക്രമണം.
ആലപ്പുഴ | വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച അമ്മക്കും മകള്‍ക്കും അമ്മയുടെ സഹോദരിക്കും തടവുശിക്ഷ വിധിച്ച് കോടതി. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതിനു പുറമെ 50,000 രൂപ പിഴയുമൊടുക്കണം. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് എസ് വീണയാണ് ശിക്ഷ വിധിച്ചത്.
ആഭിചാരക്രിയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറ വീട്ടില്‍ എത്തിയ പോലീസുകാരിക്കെതിരെ ആയിരുന്നു ആക്രമണം.
ആലപ്പുഴ വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ മീനാകുമാരിക്കും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയായിരുന്നു ആക്രമണം. വീട്ടിലുണ്ടായിരുന്ന ആതിരയും ശോഭനയും രോഹിണിയും ചേര്‍ന്ന് കമ്പി വടികൊണ്ട് വനിതാ ഇന്‍സ്‌പെക്ടറേയും കൂടെയുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയേയും ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ഇന്‍സ്‌പെക്ടറുടെ വലതു കൈവിരല്‍ ഒടിഞ്ഞു.
പരുക്കേറ്റ ഇരുവരെയും നൂറനാട് പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.


