Connect with us

local body election 2025

മാതമംഗലത്ത് പെൺപോര്

ഭരണപക്ഷത്തിനെതിരായി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മഹിത മോഹനനാണ് യു ഡി എഫ് സ്ഥാനാർഥി.

Published

|

Last Updated

പരിയാരം | വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാവുകയാണ് ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപം കൊണ്ട മാതമംഗലം ഡിവിഷൻ. 80,000 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ഡിവിഷനാണ് മാതമംഗലം. കരിവെള്ളൂർ ഡിവിഷനിൽ ആയിരുന്ന പെരിങ്ങോം പഞ്ചായത്തിലെ ചില വാർഡുകളും കടന്നപ്പള്ളി ഡിവിഷനിൽ ഉണ്ടായിരുന്ന മാതമംഗലം, വെള്ളോറ ഭാഗങ്ങളും ആലക്കോട്, തേർത്തല്ലി, ചപ്പാരപ്പടവ് പഞ്ചായത്തിലെ ചില വാർഡുകളും പെരുമ്പടവ് പ്രദേശങ്ങളും മാതമംഗലം ഡിവിഷനിൽ ഉൾപ്പെടുന്നു.

നിലവിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം അംഗവും സി പി എം ഏരിയ കമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന സമിതി അംഗം ആശാവർക്കേഴ്‌സ് യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗവുമായ രജനി മോഹനനെയായണ് ഇടതുപക്ഷം മത്സര രംഗത്തിറക്കുന്നത്. ഭരണ രംഗത്തെ പരിചയം തനിക്ക് മുതൽക്കൂട്ടാകുമെന്നും ഇടതുപക്ഷത്തിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണം തനിക്ക് അനുകൂലമായ വോട്ടാകുമെന്നും അവർ പറയുന്നു.

ഭരണപക്ഷത്തിനെതിരായി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മഹിത മോഹനനാണ് യു ഡി എഫ് സ്ഥാനാർഥി. നിലവിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് മഹിത. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ചാൽ ഡിവിഷനിൽ വിജയം നേടാൻ പറ്റുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടൽ. എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പി മഹിളാ നേതാവും ജില്ലാ കമ്മറ്റി അംഗവുമായ രമ സനിൽ കുമാറും മത്സരിക്കുന്നു. തങ്ങൾക്കനുകൂലമായ വോട്ടുകൾ സമാഹരിച്ച് ശക്തി തെളിയിക്കാനൊരുങ്ങുകയാണ് ബി ജെ പിയും. ടൗണുകൾ, ഗ്രാമപ്രദേശങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങൾ, വ്യവസായശാലകൾ എന്നിവ സന്ദർശിച്ച് പരമാവധി വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. എല്ലാ മുന്നണികളും ഒന്നാംഘട്ട പര്യടനം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ കണ്ട് വോട്ടു സമാഹരിക്കുന്നതിന് വേണ്ടി യുള്ള തീവ്രശ്രമത്തിലാണ്.

ഇടതുപക്ഷ മുന്നണി പ്രചാരണ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്. സ്ഥാനാർഥി പര്യടനങ്ങൾക്ക് പുറമെ കവല യോഗങ്ങൾ, കുടും ബയോഗങ്ങൾ, പഞ്ചായത്ത് റാലികൾ എന്നിവയും വരും ദിവസങ്ങളിൽ നടക്കുമെന്ന് മുന്നണി നേതാക്കൾ പറഞ്ഞു.
മറ്റു കാലങ്ങളെ അപേക്ഷിച്ച് പ്രചാരണ രംഗത്ത് ശക്തമായി നിലയുറപ്പിക്കാൻ യു ഡി എഫ് സ്ഥാനാർഥിക്കും സാധിച്ചിട്ടുണ്ട്. ഇത് വിജയപ്രതീക്ഷ നൽകുന്നതാണെന്ന് യു ഡി എഫും അവകാശപ്പെട്ടു.

---- facebook comment plugin here -----

Latest