National
പരാതി നൽകിയത് തെറ്റിദ്ധരിച്ചെന്ന് യുവതി; ബലാത്സംഗക്കേസിൽ 51 ദിവസം ജയിലിൽ കിടന്ന പ്രതിയെ വെറുതെവിട്ട് കോടതി
കേസിന്റെ വിചാരണ വേളയിൽ പ്രതിയുമായുള്ള തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്നും മറ്റൊന്നും ഓർമ്മയില്ലെന്നും യുവതി മൊഴി മാറ്റി.

കൊൽക്കത്ത | തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്ന് യുവതി മൊഴി നൽകിയതിനെ തുടർന്ന് ബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ട് കൊൽക്കത്ത കോടതി. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. കൊൽക്കത ഫാസ്റ്റ് ട്രാക്ക് കോടതി അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് അനിന്ദ്യ ബാനർജിയുടെതാണ് ഉത്തരവ്.
2020 നവംബർ 24-നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2017 മുതൽ താനും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹവാഗ്ദാനം നൽകി ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നുമാണ് യുവതി ആദ്യം നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പിറ്റേന്ന് വിവാഹം കഴിക്കാൻ കൂട്ടാക്കാതെ പ്രതി ഒളിവിൽ പോയെന്നും യുവതി ആരോപിച്ചിരുന്നു.
എഫ്ഐആർ അനുസരിച്ച് 2020 നവംബർ 25-ന് അറസ്റ്റിലായ ഇയാൾ 2021 ജനുവരി 14-നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. താൻ നിരപരാധിയാണെന്ന് പ്രതി കോടതിയിൽ വാദിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രതിയുമായുള്ള തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്നും മറ്റൊന്നും ഓർമ്മയില്ലെന്നും യുവതി മൊഴി മാറ്റി. പരാതി തന്റെ സുഹൃത്താണ് എഴുതിയതെന്നും അതിന്റെ ഉള്ളടക്കം അറിയാതെ താൻ ഒപ്പിടുകയായിരുന്നെന്നും യുവതി മൊഴി നൽകി. ഇതോടെ ഐപിസി 417, 376 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
രണ്ട് മുതിർന്ന വ്യക്തികൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പരാതിക്കാരിയുടെ മൊഴികളിൽ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഐപിസി 376 (ബലാത്സംഗം), 417 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പരാതിക്കാരി ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ മാതാവ്, മുത്തശ്ശി, അയൽവാസി എന്നിവരുൾപ്പെടെയുള്ള മറ്റ് സാക്ഷികളാരും പ്രതിക്കെതിരായ ആരോപണങ്ങൾ ശരിവെച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.