Kerala
മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി; പത്ത് വാര്‍ഡ് മെംബര്‍മാരേയും കോണ്‍ഗ്രസ് പുറത്താക്കി
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി
തൃശൂര്‍ | മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ 10 വാര്‍ഡ് മെമ്പര്‍മാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പല്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്.
മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡന്റായി യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസും വിജയിച്ചു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.




