Kerala
ആഭിചാരക്രിയയുടെ പേരില്‍ വീട്ടമ്മയില്‍ നിന്ന് പണവും മൂന്നുപവന്‍ സ്വര്‍ണവും തട്ടിയെടുത്തു; സ്ത്രീ അറസ്റ്റില്‍
പള്ളിക്കല്‍ ആനയടി തെങ്ങമം തോട്ടുവാ തുളസി ഭവനം വീട്ടില്‍ തുളസി (57)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

അടൂര്‍ | ആഭിചാരക്രിയക്കായി വീട്ടമ്മയുടെ കൈയില്‍ നിന്നും പണവും മൂന്നുപവന്‍ സ്വര്‍ണവും തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പള്ളിക്കല്‍ ആനയടി തെങ്ങമം തോട്ടുവാ തുളസി ഭവനം വീട്ടില്‍ തുളസി (57)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഏനാത്ത് കടമ്പനാട് വടക്ക് ചുമട്താങ്ങി ഒറ്റത്തെങ്ങ് പുത്തന്‍ വീട്ടില്‍ ലീലാമ്മ(74)യാണ് കബളിപ്പിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ 10ന് രാവിലെയായിരുന്നു സംഭവം. ലീലാമ്മയുടെ ഭര്‍ത്താവ് തങ്കച്ചനും (80) മരുമക്കള്‍ക്കും അപകടം സംഭവിക്കാന്‍ പോകുന്നുവെന്നും അതൊഴിവാക്കാന്‍ ആഭിചാര ക്രിയകള്‍ നടത്തണമെന്നും തുളസി വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമായ തനിക്ക് കഴിയുമെന്നും പ്രാര്‍ഥനയും വഴിപാടുകളും നടത്തണമെന്നും പറഞ്ഞു. വീട്ടിലെ അവസ്ഥകളും പഴയ കാര്യങ്ങളും തുളസി പറഞ്ഞതോടെ ലീലാമ്മ കെണിയില്‍ വീണു. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ 51 പേര്‍ക്ക് ഊണ് കൊടുക്കണമെന്നും അതിനായി 5,000 രൂപ വേണമെന്ന ആവശ്യവും തുളസി ഉന്നയിച്ചു. പണം ഇല്ലെന്ന് ലീലാമ്മ പറഞ്ഞപ്പോള്‍, കൊന്ത ഉയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ട് തുളസി, വീടിന്റെ സിറ്റൗട്ടില്‍ നിന്നും ഹാളിലേക്ക് കയറി സെറ്റിയിലിരുന്നു. തുടര്‍ന്ന് പണം തൊട്ടപ്പുറത്തെ മുറിയിലെ അലമാരയില്‍ ഉണ്ടെന്ന് പറഞ്ഞ് ലീലാമ്മയെയും തങ്കച്ചനെയും അത്ഭുതപ്പെടുത്തി. ഇതില്‍ വീണുപോയ വീട്ടമ്മ തുടര്‍ന്ന് 5000 രൂപ അവിടെ നിന്നും എടുത്തുകൊണ്ടു കൊടുത്തു.
എന്നാല്‍, ഈ തുകകൊണ്ടു മാത്രം ആപത്ത് മാറില്ലെന്ന് പറഞ്ഞ് കൊന്തമാല ഉയര്‍ത്തി സ്വയം നെഞ്ചത്തടിക്കാനും വയോധികയെ നോക്കി പ്രാര്‍ഥിക്കാനും തുടങ്ങി. തുടര്‍ന്ന്, സ്വര്‍ണാഭരണം ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ ലീലാമ്മ കൈയിലെ ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളയും, അരപ്പവന്‍ വീതം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ മോതിരങ്ങളും, രണ്ടു ഗ്രാം സ്വര്‍ണ കോയിനും ഉള്‍പ്പെടെ മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ തുളസിക്ക് കൈമാറി. പ്രാര്‍ഥിച്ച ശേഷം ഇവ തിങ്കളാഴ്ച തിരികെ നല്‍കാമെന്ന് പറഞ്ഞ് തുളസി സ്ഥലംവിട്ടു. വരുമ്പോള്‍ തനിക്ക് ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
പറഞ്ഞ ദിവസം തുളസി എത്താതായതോടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുളസിയെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ. ആര്‍ ശ്രീകുമാര്‍ എസ് സി പി ഒമാരായ കലേഷ്, സുനില്‍, സി പി ഒ. അനൂപ്, പിങ്ക് പോലീസ് എ എസ് ഐ. റഷീദ, എസ് സി പി ഒ. ജലജ എന്നിവര്‍ ഉണ്ടായിരുന്നു.