Connect with us

RAHULGANDHI

തടവു വിധിയില്‍ തളരുമോ രാഹുല്‍?

അതി സമ്പന്നര്‍ രാജ്യത്തിന്റെ സമ്പത്തു കട്ടെടുത്തു രാജ്യം വിടുന്നതു മോദി സര്‍ക്കാറിന്റെ കാലത്തു പതിവായപ്പോഴാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു പരാമര്‍ശം നടത്തിയത്

Published

|

Last Updated

ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവു ശിക്ഷ വിധിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കാന്‍ കഴിയുമോ?പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ നിന്നു തടവുശിക്ഷ വിധികേട്ടു പുറത്തുവന്ന രാഹുല്‍ ഗാന്ധി സത്യവും നീതിയുമായു തന്റെ ദൈവമെന്ന മഹാത്മജിയുടെ വാക്കുകള്‍ ട്വിറ്റ് ചെയ്തിരിക്കുന്നു.

ശക്തമായൊരു രാഷ്ട്രീയ പ്രസംഗത്തെ സമുദായ മാനനഷ്ടമാക്കി രാഹുല്‍ ഗാന്ധിയെ ബി ജെ പിക്കു നേരിടാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത്.ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാമെന്ന ആഹ്ലാദമാണ് ബി ജെ പി ക്യാമ്പില്‍ ഉയരുന്നത്.
ഈ കേസില്‍ മാപ്പുപറയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ തന്നെ മുന്നോട്ടുപോയത്. അതി സമ്പന്നര്‍ രാജ്യത്തിന്റെ സമ്പത്തു കട്ടെടുത്തു രാജ്യം വിടുന്നതു മോദി സര്‍ക്കാറിന്റെ കാലത്തു പതിവായപ്പോഴാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
2019 ലെ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തു പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കേസില്‍ ചോദ്യമുനയില്‍ നിന്നതും ഗുജറാത്തിലെ വ്യാപാരി നീരവ് മോദി, ഐ പി എല്‍ തലവന്‍ വ്യവസായിയായ ലളിത് മോദി എന്നിവര്‍ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തു രാജ്യം വിട്ടതും  കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി ആ ചോദ്യം ചോദിച്ചത്.
ചൗക്കിദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന തിരഞ്ഞെടുപ്പു പ്രചാരണ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ ചോദ്യം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.
ഈ രാഷ്ട്രീയ ചോദ്യത്തെ മോദീസമുദായത്തിന്റെ വികാരമായി മാറ്റി രാഹുല്‍ ഗാന്ധിയെ നേരിടാനാണു ബി ജെ പി തയ്യാറായത്. 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ആചോദ്യം ഉയര്‍ത്തിയത്. എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്? എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും എന്ന ചോദ്യം ബി ജെ പിക്കു കനത്ത ആഘാതമായി.

ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിന്റെ പരാമര്‍ശം തന്റെ സമുദായത്തിനു മാനനഷ്ടമുണ്ടാക്കിയെന്നു കാണിച്ചു കോടതിയെ സമീപിച്ചത്.
വായ്പ തട്ടിപ്പു നടത്തിയാണ് ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിലേക്കു മുങ്ങിയത്. 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പാണു  51 കാരനായ നീരവ് മോദി നടത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചില്‍  ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍)  ചെയര്‍മാനായിരുന്ന വന്‍ വ്യവസായി ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഐ പി എലില്‍ നിന്നുപുറത്താക്കി. ബി സി സി ഐയില്‍ നിന്ന് ആജീവനനാന്ത വിലക്കു നേരിട്ട ലളിത് മോദി ഇന്ത്യവിട്ടു ലണ്ടനിലേക്കു ചേക്കേറി.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരനു നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട് രംഗത്തുവന്നതോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതി വലിയ ചര്‍ച്ചയായി. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സി ബി ഐയോ ഇ ഡിയോ തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നു. കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നു 13 ദിവസം കഴിഞ്ഞു സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ധരാത്രി സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു നീക്കി. റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടര്‍ന്നാണു നടപടിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നു.
ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ചൗക്കിദാര്‍ ചോര്‍ ഹെ പ്രചാരണം കോണ്‍ഗ്രസ് ഉയര്‍ത്തിയത്.ഭരണപരാജയത്തില്‍ കുടുങ്ങിയ ഒന്നാം മോദി സര്‍ക്കാര്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ പഞ്ചുള്ള മുദ്രാവാക്യങ്ങളൊന്നും കണ്ടെത്താനാവാതെ വിയര്‍ക്കുകയായിരുന്നു.
ബാലാകോട്ട് സംഭവത്തിനുശേഷം ‘അസാധ്യമായിരുന്നത് സാധ്യമായി’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചെങ്കിലും ഏശിയിരുന്നില്ല.താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് അന്നു മോഡി  പ്രസംഗിച്ചത്.  മോദി സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുകയും അതിസമ്പന്നര്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു രാജ്യം വിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം ശ്രദ്ധിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് രാഹുല്‍ കേസിന് ആസ്പദമായ പ്രസ്താവന നടത്തിയത്.

ചായക്കാരന്‍ എന്ന വിളിയെ ചായ്പേ ചര്‍ച്ചയിലൂടെ 2014 ല്‍ മുതലാക്കിയപോലെ ചൗക്കി ദാര്‍ ചോര്‍ മുദ്രാവാക്യത്തെ മുതലാക്കാന്‍ ‘മേം ഭി ചൗക്കിദാര്‍ ഹും’ (ഞാനും കാവല്‍ക്കാരനാണ്) എന്ന പ്രചാരണം നരേന്ദ്രമോദി തുടങ്ങി.
കോര്‍പറേറ്റുകള്‍ വരുത്തിയ കിട്ടാക്കടത്തില്‍നിന്ന് 3.5 ലക്ഷം കോടി എഴുതിത്തള്ളിയപ്പോള്‍ ചൗക്കിദാര്‍ എന്തുചെയ്യുകയായിരുന്നു?, റഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 41 ശതമാനം വിലകൂട്ടി നല്‍കിയപ്പോള്‍ എന്തുചെയ്യുകയായിരുന്നു? നീരവ് മോഡി, മെഹുല്‍ ചോക്സി, വിജയ് മല്യ തുടങ്ങിയവര്‍ സഹസ്ര കോടികളുമായി രാജ്യംവിട്ടപ്പോള്‍ ചൗക്കിദാര്‍ എന്തു ചെയ്യുകയായിരുന്നു എന്നീ ചോദ്യങ്ങളാണ് അന്നു പ്രതിപക്ഷം ഉന്നയിച്ചത്.
അന്ന് പ്രതിപക്ഷ പ്രചാരണത്തെ ഫലപ്രദമായി നേരിട്ട ബി ജെ പി ഒടുവില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള തന്ത്രങ്ങളാണു പ്രയോഗിക്കുന്നത്. അങ്ങിനെയൊന്നും തളരാന്‍ തയ്യാറല്ലെന്നാണ് രാഹുലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്