local body election 2025
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അതിർത്തികൾ മാറിമറിഞ്ഞ പേരാവൂർ ഇത്തവണ ചരിത്രം തിരുത്തുമോ
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പേരാവൂർ ഡിവിഷൻ.
ഇരിട്ടി | രൂപവത്കരണ കാലഘട്ടം മുതൽ യു ഡി എഫിനെ മാത്രം വിജയിപ്പിച്ച പേരാവൂർ ഡിവിഷൻ ഇത്തവണ ചരിത്രം തിരുത്തുമോ. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പേരാവൂർ ഡിവിഷൻ.
2010ൽ കൊട്ടിയൂർ ഡിവിഷൻ വിഭജിച്ചാണ് പേരാവൂർ ഡിവിഷൻ രൂപവത്കരിച്ചത്. ഇരിട്ടി ബ്ലോക്കിലെ കീഴ്പള്ളി, വെളിമാനം, ആലയാട്, തില്ലങ്കേരി, പേരാവൂർ ബ്ലോക്കിലെ പാലപ്പുഴ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് എന്നി ഒന്പത് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പേരാവൂർ.
2010ൽ അഡ്വ. കെ ജെ ജോസഫും 2015ൽ സണ്ണിമെ ച്ചേരിയും 2020ൽ ജൂബിലി ചാക്കോയും നല്ല ഭൂരിപക്ഷത്തിനാണ് പേരാവൂർ നിലനിർത്തിയത്. ഇത്തവണ വാർഡ് വിഭജനത്തിൽ അതിർത്തികൾ മാറിമറിഞ്ഞതോടെ എൽ ഡി എഫിനും നല്ല പ്രതീക്ഷക്ക് വകനൽകുന്നു. യു ഡി എഫിന് ആധിപത്യമുള്ള കേളകം കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ ബ്ലോക്ക് ഡിവിഷനുകൾ ഒഴിവാക്കി എൽ ഡി എഫിന് ആധിപത്യമുള്ള ആലയാട്, മാലൂർ, മുഴക്കുന്ന്, തില്ലങ്കേരി, കാക്കയങ്ങാട് വാർഡുകൾ കൂട്ടി ചേർത്തു. ഇതിൽ തില്ലങ്കേരി ബ്ലോക്ക് ഡിവിഷനിൽ കഴിഞ്ഞ തവണ യു ഡി എഫാണ് വിജയിച്ചതെങ്കിലും ഇതിലുൾപ്പെട്ട പല പ്രദേശങ്ങളും ആലയാട് കൂട്ടിചേർത്തതോടെ തില്ലങ്കേരിയും ഫലത്തിൽ എൽ ഡി എഫിന് നല്ല ഭൂരിപക്ഷമായി. ഡിവിഷന് കീഴിലെ അഞ്ച് പഞ്ചായത്തുകളും ഭരിക്കുന്നത് എൽ ഡി എഫാണ്.
എൽ ഡി എഫിനായി ജനവിധി തേടുന്നത് എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി നവ്യ സുരേഷാണ്. മങ്ങാട്ടുപറമ്പ് യൂനിവേഴ്‌സിറ്റി ക്യാമ്പസിൽ രണ്ടാം വർഷ ജേണലിസം വിദ്യാർഥിയായ 22 കാരിയായ ഇവർ പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടിയിട്ടുണ്ട്. ഡി വൈ എഫ് ഐ പേരാവൂർ സൗത്ത് മേഖല വൈസ് പ്രസിഡന്റ്കൂടിയാണ്.
മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സജിത മോഹനാണ് യു ഡി എഫ് സ്ഥാനാർഥി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നേരത്തേ അംഗമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റായിരുന്നു. ഇപ്പോൾ കോൺഗ്രസ്സ് മുഴക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റും സണ്ണി ജോസഫ് എം എൽ എയുടെ ഓഫീസ് സെക്രട്ടറിയുമാണ്. ബി ജെ പി പേരാവൂർ പഞ്ചായത്ത് സെക്രട്ടറി തെരുസ്വദേശി ലതിക സുരേഷാണ് എൻ ഡി എക്ക് വേണ്ടി മത്സരരംഗത്തുള്ളത്.






