Connect with us

Editorial

വന്യജീവി ആക്രമണം: പരിഹാരം വൈകരുത്

കാടുകളുടെ വിസ്തൃതി കുറഞ്ഞതും വന്യമൃഗ സംരക്ഷണ പദ്ധതികളെ തുടര്‍ന്ന് മൃഗങ്ങളുടെ എണ്ണം പെരുകിയതും വനങ്ങളിലെ ജലലഭ്യത കുറഞ്ഞതുമാണ് ജനജീവിത മേഖലകളിലേക്കുള്ള വന്യജീവികളുടെ ഇറക്കത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

മലയോര മേഖലയില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയും കോടതിയുടെ നിരന്തര ഇടപെടലുകളുണ്ടാകുകയും ചെയ്തിട്ടും വന്യജീവി ആക്രമണ പ്രതിരോധ മാര്‍ഗങ്ങള്‍ ഇപ്പോഴും കടലാസിലൊതുങ്ങുന്നു. പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ് മലയോര മേഖലയില്‍ വന്യജീവി ആക്രമണം. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഞായറാഴ്ച രാവിലെ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അട്ടപ്പാടി പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ അറുപതുകാരനായ കാളിയെയാണ് കാട്ടാന അടിച്ചുവീഴ്ത്തി നെഞ്ചില്‍ ചവിട്ടി കൊന്നത്. വ്യാഴാഴ്ച രാത്രി മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഊരക്കുന്നിലെ അറുമുഖനെ(67) ഊരിലേക്കുള്ള നടപ്പാതയില്‍ വെച്ച് കാട്ടാന കൊലപ്പെടുത്തി. അതേ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഊരിലെ സജിത്ത് തലനാരിഴക്കാണ് കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്.

ഏപ്രിലില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ ആറ് പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഏപ്രില്‍ 14ന് ചാലക്കുടി വാഴച്ചാലില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ നാലംഗ സംഘത്തിലെ അംബിക(30), സതീഷ് (34), അതിനു തൊട്ടു തലേദിവസം അതിരപ്പിള്ളിയില്‍ സെബാസ്റ്റ്യന്‍(20) എന്ന യുവാവ്, ഏപ്രില്‍ ഒന്നിന് പത്തനംതിട്ട പമ്പാവലി പി ആര്‍ സി മലയില്‍ ബിജു എന്നിവരാണ് ഈ മാസം കാട്ടാനയുടെ ക്രൗര്യത്തിന് ഇരയായ മറ്റു നാല് പേര്‍. വനംവകുപ്പിന്റെ കണക്കനുസരിച്ച് 2019-20ല്‍ 6,341 വന്യജീവി ആക്രമണങ്ങളാണുണ്ടായത്. 2022-23ല്‍ ഇത് 8,236 ആയും 2023-24ല്‍ 9,836 ആയും വര്‍ധിച്ചു.

വന്യമൃഗങ്ങളുടെ നിരന്തര ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങള്‍ മരണഭീതിയിലാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലിടങ്ങളിലേക്കും കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്കും പോകാന്‍ പറ്റാത്ത അവസ്ഥ. ഏതവസരത്തിലും കാട്ടാനയുടെയോ ഇതര വന്യജീവികളുടെയോ ആക്രമണം നേരിട്ടേക്കാം. വന്യജീവികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പലപ്പോഴും പ്രക്ഷോഭം അരങ്ങേറാറുണ്ട് മലയോര മേഖലയില്‍. മേപ്പാടി എരുമക്കൊല്ലിയില്‍ അറുമുഖന്റെ മരണത്തിനു പിന്നാലെ കാട്ടാനയെ മയക്കുമരുന്ന് വെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമനടക്കമുള്ള വനപാലക ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവെക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നിന് പത്തനംതിട്ടയില്‍ ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്നും കടുത്ത പ്രതിഷേധം അരങ്ങേറി. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് അന്ന് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. ബിജുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ഫോറസ്റ്റ് സ്റ്റേഷനില്‍ താത്കാലിക ജോലി, സ്ഥിരം ജോലിക്കുള്ള ശിപാര്‍ശ, വനാതിര്‍ത്തിയില്‍ കിടങ്ങ്, സൗരോര്‍ജ വേലി തുടങ്ങി പ്രതിരോധ സംവിധാനങ്ങള്‍, കുടുംബത്തിന് മതിയായ നഷ്ടപരിഹാരം തുടങ്ങിയ അധികൃതരുടെ വാഗ്ദാനങ്ങളെ തുടര്‍ന്നാണ് അന്ന് നാട്ടുകാര്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്.

വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ദാരുണ മരണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ഹൈക്കോടതിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് പതിവായി കേള്‍ക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവര്‍ക്കുണ്ടാകുന്ന കനത്ത നഷ്ടത്തിന് പരിഹാരമാകില്ലെന്നും ഫെബ്രുവരി 26ന് ഹൈക്കോടതി ഉണര്‍ത്തി. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ട് പോയില്ലെന്നും കോടതികളുടെ വിവിധ നിര്‍ദേശങ്ങളും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളും പ്രാവര്‍ത്തികമായില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വനാതിര്‍ത്തികളില്‍ വൈദ്യുതി വേലിയടക്കമുള്ളവ എത്രയും വേഗം സ്ഥാപിക്കണമെന്ന് 2022 സെപ്തംബറില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവിനു ശേഷം എടുത്ത നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി. വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സര്‍വേ നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ പക്ഷേ ഫലപ്രദമായ നടപടികളുണ്ടായില്ല.

കാടുകളുടെ വിസ്തൃതി കുറഞ്ഞതും വന്യമൃഗ സംരക്ഷണ പദ്ധതികളെ തുടര്‍ന്ന് മൃഗങ്ങളുടെ എണ്ണം പെരുകിയതും വനങ്ങളിലെ ജലലഭ്യത കുറഞ്ഞതുമാണ് ജനജീവിത മേഖലകളിലേക്കുള്ള വന്യജീവികളുടെ ഇറക്കത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രശ്നപരിഹാരത്തിന് വനം വകുപ്പ് പത്തിന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വനമേഖലയിലെ റോഡുകള്‍ക്ക് ഇരുവശവുമുള്ള അടിക്കാടുകള്‍ നീക്കുക, ആനത്താരകളിലും ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകളിലും നിരീക്ഷണവും മുന്നറിയിപ്പും ശക്തമാക്കുക, വനപ്രദേശത്ത് മൃഗങ്ങള്‍ക്ക് വെള്ളം ഉറപ്പാക്കുക, റാപിഡ് ആക്്ഷന്‍ ടീമുകളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുക, അവര്‍ക്ക് മെച്ചപ്പെട്ട വാഹനങ്ങളും ആയുധങ്ങളും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ലഭ്യമാക്കുക, വനമേഖലക്ക് പുറത്ത് താമസിക്കാന്‍ സന്നദ്ധരായ ആദിവാസി കുടുംബങ്ങളെ പുരധിവസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതികള്‍. ദുരന്ത നിവാരണ അതോറിറ്റി, വനംവകുപ്പ്, ആരോഗ്യ വകുപ്പ്, പി ആര്‍ ഡി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങിയ സെന്ററുകള്‍ സ്ഥാപിക്കുകയും വേണം. ഫണ്ടിന്റെ അഭാവവും ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളുടെ ഉദാസീനതയുമാണ് ഇവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. ഗുരുതരമായ ഒരു പ്രശ്നത്തില്‍ ഫണ്ടിന്റെ അഭാവം പറഞ്ഞ് പദ്ധതി നീട്ടുക്കൊണ്ടുപോകുന്നത് ന്യായീകരിക്കാവതല്ല. ഏതുവിധേനയും ഫണ്ട് ലഭ്യമാക്കി പദ്ധതി ഉടനടി നടപ്പാക്കേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest