Eranakulam
കിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു; ആനക്ക് നേരിയ പരുക്ക്
ആനയെ ഉൾവനത്തിലേക്ക് തുരത്തി

കൊച്ചി | എറണാകുളം കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരക്ക് കയറ്റി. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിൽ വീണ ആനയെയാണ് രക്ഷിച്ചത്. ആനയുടെ കാലിന് നേരിയ പരുക്കുണ്ട്. കരക്ക് കയറ്റിയ ആനയെ ഉൾവനത്തിലേക്ക് തുരത്തി.
വന്യജീവി ശല്യം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധം കലക്ടർ ഇടപെട്ട് അവസാനിപ്പിച്ചു. ആനയെ കാട്ടില്‍ വിട്ടാല്‍ തിരിച്ചെത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് വയസ്സുള്ള കൊമ്പനെയാണ് അഞ്ച് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ആന കിണറ്റില്‍ വീണത്.
കിണറിടിച്ച് ആനയെ പുറത്തെത്തിക്കാന്‍ ഡി എഫ് ഒയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിക്കുകയായിരുന്നു. കിണറിടിക്കുന്നതിന് ആവശ്യമായ ഒരു ലക്ഷം രൂപ വനം വകുപ്പ് വര്‍ഗീസിനും കുടുംബത്തിനും കൈമാറും.