Connect with us

Articles

താക്കറെമാര്‍ കൈ കോര്‍ക്കുമ്പോള്‍

കോണ്‍ഗ്രസ്സ് - എന്‍ സി പി സഖ്യം പുതിയ കൂട്ടുകെട്ടിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്ന പക്ഷം മുംബൈയിലും താനെയിലും പുണെയിലും നാസിക്കിലും ബി ജെ പി പ്രതിപക്ഷത്തിരിക്കും. ശിവസേനയും താക്കറെമാരും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ രാഷ്ട്രീയം അവസാനിപ്പിച്ച് തങ്ങളുടെ പൈതൃക ബോധ്യങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ്. പുതിയകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനു മുന്നില്‍ എല്ലാ പ്രായോഗിക രാഷ്ട്രീയ ചലനങ്ങളെയും ചേര്‍ത്തു പിടിക്കേണ്ടതുണ്ട്.

Published

|

Last Updated

ശനിയാഴ്ച മുംബൈ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ തന്റെ പിതാവിന്റെ ഇളയ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ പുത്രന്‍ കൂടിയായ രാജ്താക്കറെയെ ചേര്‍ത്തു നിര്‍ത്തി ഉദ്ധവ് താക്കറെ നടത്തിയ പ്രഖ്യാപനം ഇനി വിജയം അല്ലെങ്കില്‍ മരണം എന്നായിരുന്നു. രാവിലെ പത്തിനാണ് മുംബൈ പോലീസ് റാലിക്ക് അനുമതി നല്‍കിയത്. പ്രഭാതാലസ്യങ്ങള്‍ വിട്ട് നഗരം ഉണരുന്നതിന് മുമ്പ് തന്നെ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി, ഒരുമിച്ചു വന്നത് ഒരുമിച്ചു പോകാനാണെന്ന ഉദ്ധവിന്റെ വാക്കുകളുടെ പ്രതിധ്വനി ബി ജെ പി പാളയത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ബൃഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈ പിടിക്കുക എന്നത് എല്ലാ കാലത്തും മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ അഭിമാന പോരാട്ടമാണ്. മുംബൈയുടെ നടപ്പുവര്‍ഷത്തെ വാര്‍ഷിക ബജറ്റ് 74,427 കോടിയുടേതാണ്. ഇന്ത്യയിലെ പല ചെറുസംസ്ഥാനങ്ങളുടെയും ബജറ്റിനേക്കാള്‍ വലിയ തുകയാണിത്. 1.24 കോടി വോട്ടര്‍മാര്‍ 236 കോര്‍പറേറ്റര്‍മാരെ തിരഞ്ഞെടുക്കും. അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ 97 സീറ്റുമായി ഉദ്ധവ് നയിച്ച ശിവസേന മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് ഒരുപാട് മണ്ണൊലിച്ച് പോയിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ചിഹ്നവുമായി ഇന്ന് ബി ജെ പി പാളയത്തിലാണ്. ക്രമക്കേടുകളുടെ നിരവധി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉയര്‍ന്നെങ്കിലും മഹാരാഷ്ട്ര വലിയ ഭൂരിപക്ഷത്തോടെ ബി ജെ പി- ഷിന്‍ഡെ- അജിത്പവാര്‍ സഖ്യം ഭരിക്കുകയാണ്. രാജ്താക്കറെയുടെ സമാന അവസ്ഥ തന്നെയും തുറിച്ചു നോക്കുന്നുവെന്ന തിരിച്ചറിവില്‍ ഉദ്ധവും, തിരിച്ചുവരാനുള്ള അവസാന അവസരം എന്ന ബോധ്യത്തില്‍ രാജും കൈകോര്‍ക്കുമ്പോള്‍ രണ്ടും മൂന്നും കൂട്ടുമ്പോള്‍ പത്ത് സംഭവിക്കുന്ന രാഷ്ട്രീയത്തിന് മഹാരാഷ്ട്ര കാതോര്‍ക്കുകയാണ്.

രൂപഭാവങ്ങളിലും നേതൃശേഷിയിലും ബാല്‍ താക്കറയെ അനുസ്മരിപ്പിക്കുന്ന രാജ്, പിതൃവ്യനായ താക്കറെയെപ്പോലെ മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവ് കൂടിയാണ്. ബാല്‍ താക്കറെക്ക് ശേഷം പിന്‍ഗാമിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്നു. എന്നാല്‍ സഹോദര പുത്രന്റെയും സ്വന്തം മകന്റെയും താരതമ്യത്തിനു മുന്നില്‍ ബാല്‍ താക്കറെ സാധാരണ പിതാവായി മാറി. 2003ല്‍ ഉദ്ധവ് താക്കറെ ശിവസേനയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി നിയമിതനായി. അതോടെ രാജ് താക്കറെ സ്വന്തം വഴി നോക്കി. 2006 മാര്‍ച്ച് ഒമ്പതിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) രൂപവത്കൃതമായി. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഡസനിലേറെ എം എല്‍ എമാരെയും 2012ല്‍ മുംബൈ കോര്‍പറേഷനിലേക്ക് രണ്ട് ഡസന്‍ കോര്‍പറേറ്റര്‍മാരെയും എം എന്‍ എസ് സൃഷ്ടിച്ചെങ്കിലും പിന്നീട് ആവേശം നിലനിര്‍ത്താന്‍ സാധിച്ചില്ല. ബി ജെ പി സഹായത്തോടെ ആളും അര്‍ഥവും അടര്‍ത്തിമാറ്റി ഷിന്‍ഡെ സ്വന്തം വഴിനോക്കിയതോടെ ഉദ്ധവിന് അപമാനഭാരത്തോടെ പിന്നീട് മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. സമാന അവസ്ഥ നിലനില്‍പ്പിനായി എല്ലാം മറന്നുള്ള ഐക്യപ്പെടലിന് വഴിവെച്ചു. ഗുജറാത്തിന് സര്‍വാധിപത്യമുള്ള പുതിയകാല ബി ജെ പിയുടെ ദംഷ്ട്രകള്‍ മറാഠ സ്വാഭിമാനത്തിന് മുറിവേല്‍പ്പിച്ചപ്പോള്‍ സംഭവിച്ച ഒത്തുചേരല്‍ ഒരുപാട് ചരിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

മഹാരാഷ്ട്രയും ഗുജറാത്തും കര്‍ണാടകയുടെ ഭാഗങ്ങളും ചേര്‍ന്ന ബോംബെ പ്രസിഡന്‍സി എക്കാലത്തും ബ്രിട്ടീഷ് ഇന്ത്യയിലെ തലയെടുപ്പുള്ള പ്രവിശ്യയായിരുന്നു. 1790 മുതല്‍ 1800 വരെ മലബാറും ബോംബെ പ്രസിഡന്‍സിയിലായിരുന്നു. പിന്നീട് മദിരാശിയുടെ ഭാഗമായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരുന്ന മുംബൈയുടെ കടിഞ്ഞാണ്‍ ഗുജറാത്തില്‍ നിന്നുള്ള വ്യവസായ സമൂഹങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഭാട്ടിയ- പട്ടേല്‍- ജയിന്‍- പാര്‍സി മുതല്‍ മേമന്‍- ഖോജ- ബോറ തുടങ്ങി മുസ്‌ലിം വിഭാഗങ്ങളും വാണിജ്യ മേല്‍ക്കോയ്മ കൈയാളിപ്പോന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ സംസ്ഥാന രൂപവത്കരണത്തിലേക്ക് കടന്നപ്പോള്‍ മുംബൈക്ക് വേണ്ടി മഹാരാഷ്ട്രയും ഗുജറാത്തും നടത്തിയ വടംവലികള്‍ ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചു. ചരടുവലിയിലും ഉപജാപങ്ങളിലും പിന്നിലായിരുന്നെങ്കിലും തെരുവില്‍ പോരാട്ടം നയിക്കുന്നതില്‍ സംയുക്ത മഹാരാഷ്ട്ര സമിതി അജയ്യമായിരുന്നു. 1956 ജനുവരി 26ന് 15 പേര്‍ കൊല്ലപ്പെട്ട ഫ്‌ളോറ ഫൗണ്ടേന്‍ വെടിവെപ്പോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പിന്നീട് 1960 മേയില്‍ മുംബൈ തലസ്ഥാനമായി മഹാരാഷ്ട്രയും അഹമ്മദാബാദ് ആസ്ഥാനമായി ഗുജറാത്തും രൂപവത്കൃതമായി. മുംബൈ നഗര ജനസംഖ്യയില്‍ ഗുജറാത്തികള്‍ 15 ശതമാനം ഉണ്ട്. വടക്കേ ഇന്ത്യന്‍ – ഗുജറാത്തി വോട്ടര്‍മാരാണ് ബി ജെ പിയുടെ വോട്ട് ബേങ്ക്. മറാത്തി പിന്തുണയാണ് എല്ലാ കാലത്തും ശിവസേനയുടെ കരുത്ത്. 2012ല്‍ അന്തരിച്ച ബാല്‍ താക്കറെയുടെ കാലം വരെ ശിവസേനയുടെ അപ്രമാദിത്വത്തിന് ബി ജെ പി വഴങ്ങിയിരുന്നു. 2014ന് ശേഷം മോദി- ഷാ നേതൃത്വം വന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മറാത്തി അഭിമാനത്തിന് വ്രണമേല്‍ക്കുന്നു എന്ന പുതിയ മുറവിളിക്ക് ഇങ്ങനെയുമൊരു പശ്ചാത്തലമുണ്ട്.

ഹിന്ദുത്വ ആശയത്തോട് വിപ്രതിപത്തി ഇല്ലായിരുന്നെങ്കിലും ബാല്‍ താക്കറെ ഒരിക്കലും തന്റെ സംസ്ഥാനത്ത് രൂപംകൊണ്ട ആര്‍ എസ് എസിന്റെ ഭാഗമായിരുന്നില്ല. ഛത്രപതി ശിവജിയെയും മറാഠ അഭിമാനവും വൈകാരികമായി ചൂഷണം ചെയ്യാന്‍ ബാല്‍ താക്കറെ തുനിഞ്ഞപ്പോള്‍ അതിന് ചില ജാതീയ പരിസരങ്ങള്‍ കൂടിയുണ്ടായിരുന്നു. ക്ഷത്രിയരായ ബോണ്‍സ്ലെ വിഭാഗത്തില്‍ പെടുന്ന ശിവജിയുടെയും മകന്‍ സാംബാജിയുടെയും ഭരണകാലം 1674 മുതല്‍ 1689 വരെയായിരുന്നു. അക്കാലത്തെ ഭരണനിര്‍വഹണത്തിലും നടത്തിപ്പിലും ക്ഷത്രിയ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ബാല്‍ താക്കറെ ജനിച്ച വിഭാഗമായ ചന്ദ്രസേനീയ കായസ്ഥപ്രഭു (സി കെ പി) ക്ഷത്രിയ സമുദായം ഛത്രപതി ഭരണകാലത്തെ പ്രബല ശക്തികളായിരുന്നു. പിന്നീട് 1713 മുതല്‍ 1818 വരെ ഒരു നൂറ്റാണ്ട് നീണ്ടുനിന്ന പേഷ്വ സാമ്രാജ്യത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയത് ചിത്പാവന്‍ ബ്രാഹ്മണരായിരുന്നു. സി കെ പി ക്ഷത്രിയ പ്രഭാവത്തിന് അതോടെ മങ്ങലേറ്റു. സവര്‍ക്കറും ഹെഡ്ഗേവാറും ഗോള്‍വാള്‍ക്കറും ബാലസാഹിബ് ദേവരസും തുടങ്ങി ആര്‍ എസ് എസ് സ്ഥാപക നേതാക്കളെല്ലാം ചിത്പാവന്‍ ബ്രാഹ്മണരായിരുന്നു. മറാത്ത അഭിമാനമാണ് പ്രഥമം എന്ന മുദ്രാവാക്യവുമായി വേറിട്ടവഴി തിരഞ്ഞെടുക്കാന്‍ താക്കറെയെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഇത്തരം പശ്ചാത്തലങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് കരുതപ്പെടുന്നു.

1966 ജൂണ്‍ 19നാണ് ശിവസേന രൂപവത്കരിക്കുന്നത്. തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ ഡി എം കെയുടെ മുന്നേറ്റം ഇതിന് പ്രചോദനമായിട്ടുണ്ട്. പരസ്പര വിരുദ്ധമായിരുന്നെങ്കിലും ഭാഷയും സംസ്‌കാരവും തീവ്രവികാരമാക്കിയാണ് ഇരുപാര്‍ട്ടികളും മുന്നേറിയത്. 1968ല്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 120ല്‍ 42 സീറ്റുകള്‍ നേടി ശിവസേന വരവറിയിച്ചു. 1972ല്‍ ആദ്യ എം എല്‍ എയെ അവര്‍ വിജയിപ്പിച്ചു. ഹിന്ദു സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ച ജനസംഘം കിതച്ചു നീങ്ങിയപ്പോള്‍ മറാത്ത അഭിമാനവും മറാഠി ഭാഷ വികാരവുമായി ശിവസേന കുതിച്ചു. തെക്കേ ഇന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കുമെതിരെ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി. 1975ല്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചു കൊണ്ട് ബാല്‍ താക്കറെ മുന്നോട്ടുവന്നു. ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതി. 1977ലെ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ആശയപരമായും രാഷ്ട്രീയമായും പ്രായോഗിക തലത്തിലും ആദ്യ രണ്ട് പതിറ്റാണ്ടിലേറെക്കാലം ബാല്‍ താക്കറെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനൊപ്പമായിരുന്നില്ല.
1980കളുടെ അവസാനത്തോടെ ഉയര്‍ന്നു വന്ന മന്ദിര്‍- മസ്ജിദ് രാഷ്ട്രീയം ബി ജെ പിയെയും ശിവസേനയെയും പരസ്പരം അടുപ്പിച്ചു. ബാബരി ധ്വംസനാനന്തരം മുംബൈയില്‍ നടന്ന കലാപത്തിന് ഇന്ധനം പകര്‍ന്ന് താക്കറെ രാജ്യത്ത് കുപ്രസിദ്ധനായി മാറി. 1,500ലധികം പേര്‍ മരിച്ച ലഹളയിലെ പ്രധാന കാരണക്കാരനായി ശ്രീകൃഷ്ണ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ താക്കറെക്കെതിരെ 13 കേസുകള്‍ ചാര്‍ജ് ചെയ്തു. മതധ്രുവീകരണത്തിനും വര്‍ഗീയ ഏകീകരണത്തിനും രാഷ്ട്രീയ സാധ്യതകള്‍ കൈവരുന്ന പുതിയ ജനാധിപത്യ കാലത്തിന്റെ സംയുക്ത ഗുണഭോക്താക്കളായി താക്കറെ- ബി ജെ പി സഖ്യം മാറി. 1995ല്‍ ആദ്യമായി അവര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. ആ കാലയളയില്‍ താക്കറെക്കെതിരായ 12 കേസുകളും സംസ്ഥാന സര്‍ക്കാര്‍ റദ്ദു ചെയ്തു. തുടര്‍ന്ന് 2014 വരെയും മഹാരാഷ്ട്രയില്‍ ബി ജെ പി, ശിവസേനയുടെ സഹപങ്കാളിയായാണ് സഖ്യത്തില്‍ ഭാഗഭാക്കായത്. പിന്നീട് ബി ജെ പി കാണിച്ച യജമാന മനോഭാവം അവരെ കോണ്‍ഗ്രസ്സ്- എന്‍ സി പി സഖ്യത്തിലെത്തിച്ചു. ശിവസേനയെ നെടുകെ പിളര്‍ത്തി ബി ജെ പി നല്‍കിയ തിരിച്ചടി ശിവജി- പേഷ്വ കാലം മുതലുള്ള വംശീയപ്പോര് ചാരം നീങ്ങിയ കനലു പോലെ ജ്വലിക്കുന്ന പുതിയ രാഷ്ട്രീയത്തിലെത്തി നില്‍ക്കുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ത്രിഭാഷാ പദ്ധതിക്കെതിരായ മറാഠാ വികാരമാണ് ഉദ്ധവും രാജും കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. തമിഴ്‌നാട് തുടക്കമിട്ട രാഷ്ട്രീയ കനല്‍ മുംബൈയില്‍ ജ്വലിക്കുമ്പോള്‍ ദ്രാവിഡിയന്‍ – മറാഠ രാഷ്ട്രീയത്തിന്റെ പോയകാല സമാനതകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ തങ്ങളുടെ തണലില്‍ വളര്‍ന്നവര്‍ ഉത്തരേന്ത്യന്‍- ഗുജറാത്തി വോട്ടുകളുടെ ബലത്തില്‍ തങ്ങളെ നാമാവശേഷമാക്കുന്ന പുതിയ സാഹചര്യത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ട കാഹളമാണ് സഹോദരന്മാര്‍ ചേര്‍ന്നു നടത്തിയത്. ഉദ്ധവും രാജും ഒന്നിക്കുന്നതോടെ എല്ലാ കാലത്തും ശിവസേനക്കൊപ്പം നില്‍ക്കുകയും പിന്നീട് ചിതറുകയും ചെയ്ത മില്ല് ഫാക്ടറി തൊഴിലാളികളും ടാക്‌സി ഡ്രൈവര്‍മാരുമടങ്ങിയ നഗരവാസികളുടെ വോട്ടും മറാഠി ഒ ബി സി ഹിന്ദു വോട്ടുകളും വീണ്ടും ഏകീകരിക്കപ്പെടുമെന്ന് നിരീക്ഷകര്‍ കരുതുന്നു. മുംബൈ നഗരത്തില്‍ 10 ശതമാനം മുസ്‌ലിം വോട്ടും അഞ്ച് ശതമാനം വരുന്ന ക്രിസ്ത്യന്‍ – തെക്കേ ഇന്ത്യന്‍ വോട്ടുകളുമുണ്ട്. കോണ്‍ഗ്രസ്സ് – എന്‍ സി പി സഖ്യം പുതിയ കൂട്ടുകെട്ടിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്ന പക്ഷം മുംബൈയിലും താനെയിലും പുണെയിലും നാസിക്കിലും ബി ജെ പി പ്രതിപക്ഷത്തിരിക്കും. പിന്നീട് വരുന്ന തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് വിയര്‍ക്കേണ്ടി വരും. ശിവസേനയും താക്കറെമാരും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ രാഷ്ട്രീയം അവസാനിപ്പിച്ച് തങ്ങളുടെ പൈതൃക ബോധ്യങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ്. പുതിയകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനു മുന്നില്‍ എല്ലാ പ്രായോഗിക രാഷ്ട്രീയ ചലനങ്ങളെയും ചേര്‍ത്തു പിടിക്കേണ്ടതുണ്ട്.

Latest