Connect with us

ultra nationalism

സുഹൃത്തുക്കൾ വീഴുമ്പോൾ

സൗഹൃദത്തിന്റെ കാര്യത്തിൽ ഹതഭാഗ്യനുമാണ് നരേന്ദ്ര മോദി. കാരണം അദ്ദേഹത്തിന്റെ വിശിഷ്ട സുഹൃത്തുക്കൾ ഓരോരുത്തരായി വീഴുകയാണ്. സുഹൃത്തുക്കളുടെ പതനത്തിൽ ആരാണ് വേദനിക്കാതിരിക്കുക. സ്വന്തം നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ നാടുവിടേണ്ട ഗതികേടിലാണ് ഈ നേതാക്കളെല്ലാം.

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദത്തിന്റെ കാര്യത്തിൽ മഹാഭാഗ്യവാനാണ്. മിക്ക വിദേശ ഭരണത്തലവൻമാരും അദ്ദേഹത്തിന്റെ ഒക്കച്ചെങ്ങായിമാരാണ്. അവരുമായുള്ള സൗഹൃദം വിശേഷിപ്പിക്കാൻ അദ്ദേഹത്തിന്റെ കൈയിൽ വൈകാരികത മുറ്റി നിൽക്കുന്ന പ്രയോഗങ്ങളുണ്ട്. വരണ്ട നയതന്ത്ര ഭാഷയിലല്ല അദ്ദേഹം അവരെ കുറിച്ച് പറയാറുള്ളത്. ഇസ്‌റാഈൽ മുൻ പ്രധാനമന്ത്രിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത് “ഹെവൻലി’ എന്നായിരുന്നു. യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം സംബോധന ചെയ്യുന്നത് “മൈ പ്രണ്ട്’ എന്ന് വക്രീകരിച്ച് ട്രോൾ വിഷയമായതാണ്. തന്റെ വിശിഷ്ട സുഹൃത്തെന്നാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ മോദി വിശേഷിപ്പിക്കാറുള്ളത്. ഈയിടെ വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി മോദിക്ക് ഗാഢ ബന്ധമുണ്ടായിരുന്നു. ആബേയുടെ മരണത്തിൽ അനുശോചിച്ചിട്ട ട്വീറ്റിൽ “ഏറ്റവും വിശ്വസ്തനായ സുഹൃത്തെ’ന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശ്രീലങ്കയിൽ നിൽക്കക്കള്ളിയില്ലാതെ നാടുവിട്ട മഹീന്ദാ രജപക്‌സെയും ഗൊതാബയ രജപക്‌സേയും മോദിയുടെ വിശിഷ്ട സുഹൃത്തുക്കൾ തന്നെ. ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയാണ് മറ്റൊരു കിടിലൻ സുഹൃത്ത്. ഇവർക്കെല്ലാം ചില സമാനതകളുണ്ട്. എല്ലാവരും തീവ്രദേശീയത ആയുധമാക്കി തിരഞ്ഞെടുപ്പിൽ ജയിച്ചു വന്നവരാണ്. ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, സൈന്യത്തിന്റെ മഹത്വവത്കരണം, വർഗീയ വിഭജനം, ഇതര രാജ്യങ്ങളോടുള്ള ശത്രുതാ നിർമിതി, വീണ്ടു വിചാരമില്ലാത്ത സർജിക്കൽ നടപടികൾ, രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളോടുള്ള പുച്ഛം, അതിഭീകരമായ ഷോ ഓഫ്. ഇവയൊക്കെയാണ് ഇവരെ ഒരേ തൂവൽ പക്ഷികളാക്കുന്നത്. ഒരേ രാഷ്ട്രീയം. ഒരേ സാമ്പത്തിക നയം. തീവ്രവലതുപക്ഷമെന്ന് വിളിക്കാം.

സൗഹൃദത്തിന്റെ കാര്യത്തിൽ മഹാ നിർഭാഗ്യവാനുമാണ് നരേന്ദ്ര മോദി. കാരണം അദ്ദേഹത്തിന്റെ വിശിഷ്ട സുഹൃത്തുക്കൾ ഓരോരുത്തരായി വീഴുകയാണ്. സുഹൃത്തുക്കളുടെ പതനത്തിൽ ആരാണ് വേദനിക്കാതിരിക്കുക. സ്വന്തം നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ നാടുവിടേണ്ട ഗതികേടിലാണ് ഈ നേതാക്കളെല്ലാം. കൂട്ടത്തിൽ കേമനായ ട്രംപിന്റെ വീഴ്ചയാണ് ഭീകരം. ട്രംപിസം ഇന്ത്യയിലെ ഹിന്ദുത്വവാദികൾക്ക് മാത്രമല്ല, ലോകത്താകെയുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ ആദർശമായി പരിണമിച്ചിരുന്നു. വർണവെറി, മുസ്‌ലിം വിരോധം, യുദ്ധോത്സുകത, സ്ത്രീവിരുദ്ധത തുടങ്ങിയവ ഒത്തിണങ്ങിയ വൈറ്റ്‌സൂപ്രമാസിസ്റ്റായ ട്രംപിന്റെ രണ്ടാമൂഴത്തിനായി പ്രത്യേക പൂജ നടത്തിയവരാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ. വോട്ട് പിടിക്കാനായി മോദി നേരിട്ട് ചെന്നു. ഒരു രക്ഷയുമുണ്ടായില്ല. തോറ്റമ്പി. നാല് വർഷക്കാലത്തെ ട്രംപ് വാഴ്ച യു എസ് പോളിറ്റിയെ അപകടകരമായ വംശീയ സ്പർധയിലേക്ക് കുപ്പുകുത്തിച്ചുവെന്ന് ട്രംപിനെ പിന്തുണച്ചവരിൽ നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞു. അമേരിക്കയെ ആഗോളതലത്തിൽ പരിഹാസ്യമാക്കിയ നേതാവായി ട്രംപ് അടയാളപ്പെട്ടു. കൊവിഡ് മഹാമാരിയെപ്പോലും തമാശയാക്കിയ ട്രംപ് അവശേഷിപ്പിച്ചത് ഒരു പടുവിഡ്ഢിയുടെ ചിത്രം മാത്രമായിരുന്നു. ഒടുവിൽ അമേരിക്കൻ ചരിത്രത്തിൽ തന്നെ അത്യപൂർവമായ കലാപത്തിന് തിരികൊളുത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു. യു എസിലെ നവനാസികൾക്ക് പോലും ഇന്ന് ട്രംപിനെ വേണ്ട.

ജൂതവികാരം

കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ അധികാരത്തിന് പുറത്തായ ഇസ്‌റാഈൽ നേതാവ് ബെഞ്ചമിൻ നെതന്യാഹുവിന് ഒരു തിരിച്ചു വരവ് എളുപ്പമല്ല. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ആർ എസ് എസും അനുബന്ധ സംഘടനകളും ശക്തനായ ലോകനേതാവായി കണ്ടയാളാണ് നെതന്യാഹു. ഈ കാഴ്ചപ്പാടിന്റെ പ്രധാന ആശയ അടിത്തറ ഇസ്‌റാഈൽ സമ്പൂർണ മതാധിഷ്ഠിത രാഷ്ട്രമാണ് എന്നത് തന്നെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് വംശജരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നയങ്ങൾ അതിവേഗം നടപ്പാക്കിയ ഭരണാധികാരിയുമാണ് നെതന്യാഹു. ഫലസ്തീന്റെ മണ്ണിൽ ആയിരക്കണക്കിന് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബലാത്കാരമായി പണിത് ആധുനിക അധിനിവേശത്തിന്റെ പ്രയോക്താവായി മാറിയ നെതന്യാഹു ഇന്ത്യയിലെ സംഘ്പരിവാരങ്ങളുടെ താരമാകുക സ്വാഭാവികമാണല്ലോ. ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്ന യുദ്ധോത്സുകത കൂടിയാകുമ്പോൾ ഈ ഇഷ്ടത്തിന്റെ മാറ്റ് കൂടും. രാഷ്ട്രമില്ലാത്ത ജനതയാണ് ജൂതരെന്ന സയണിസ്റ്റ് നുണ ഹിന്ദുത്വരും ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് നെതന്യാഹുവിന്റെ അധികാര നഷ്ടം ഇന്ത്യയിലെ ഫാൻസിന് ഹൃദയഭേദകമായിരുന്നു.

അധികാരം പിടിക്കാൻ ചരിത്രത്തിലെ ഏറ്റവും നെറികെട്ട നീക്കങ്ങളാണ് നെതന്യാഹു നടത്തിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മിക്കവയും അട്ടിമറിച്ചു. അറബ് ന്യൂനപക്ഷത്തെ പരമാവധി ദ്രോഹിച്ചു. അയൽ രാജ്യങ്ങളിൽ ബോംബ് വർഷിച്ചു. ഫലസ്തീൻ മണ്ണ് കൂടുതൽ കവർന്നെടുത്തു. ജറൂസലമിലേക്ക് തലസ്ഥാനം മാറ്റുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കുകയും അതിന് ട്രംപിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ജോർദാന്റെ കൈവശമുള്ള, ഇസ്‌റാഈൽ അവകാശവാദം ഉന്നയിക്കുന്ന പ്രദേശം താൻ അധികാരത്തിലെത്തിയാൽ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. തർക്കത്തിലിരിക്കുന്ന ജൂലാൻ കുന്നുകളും ഇസ്‌റാഈലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ആക്രോശിച്ചു. യു എ ഇയുമായും ബഹ്‌റൈനുമായും ഒപ്പുവെച്ച നയതന്ത്ര കരാറുകൾ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി. തന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധത്തിൽ സർക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ച് വെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങൾ അദ്ദേഹം നടത്തിയത്. എന്നാൽ ഒന്നും വേണ്ടവിധം വിജയിച്ചില്ല. ആ വിശിഷ്ട സുഹൃത്ത് അധികാര നഷ്ടത്തിന്റെ നിതാന്ത വേദനയിലാണ്.

ട്രംപിന്റെ ഫോട്ടോസ്റ്റാറ്റ്

ബ്രിട്ടീഷ് ട്രംപെന്നാണ്, രാജിവെച്ചിട്ടും കാവൽ പ്രധാനമന്ത്രിയായി കടിച്ചു തൂങ്ങി നിൽക്കുന്ന ബോറിസ് ജോൺസണെ വിശേഷിപ്പിക്കുന്നത്. രൂപ സാദൃശ്യം മാത്രമല്ല നയസമീപനങ്ങളിലും ട്രംപിന്റെ ഫോട്ടോസ്റ്റാറ്റാണ് ബോറിസ് ജോൺസൺ. ലൈംഗികാരോപണം നേരിട്ടയാളെ സുപ്രധാന സ്ഥാനത്ത് അവരോധിച്ചു, കൊവിഡ് പ്രോട്ടോകോളിന് പുല്ലു വില കൽപ്പിക്കാതെ ജന്മദിനാഘോഷം നടത്തി, സ്വന്തക്കാരെ ഭരണതലപ്പത്ത് തിരുകിക്കയറ്റി തുടങ്ങിയ ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ബോറിസിന്റെ പതനത്തിലേക്ക് നയിച്ചത് തന്നെ അധികാരത്തിലെത്താൻ സഹായിച്ച അതേ ബ്രക്‌സിറ്റായിരുന്നു. യൂറോപ്യൻ യൂനിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് കടക്കണോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ബ്രക്‌സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനതയും രാഷ്ട്രീയ നേതൃത്വവും നെടുകെ പിളർന്നു. കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയുമായിരുന്നു ബ്രക്‌സിറ്റ് വാദികളുടെ നിലപാടുതറ. ഏതെങ്കിലും ഇ യു രാജ്യത്ത് പ്രവേശിക്കുന്നയാൾക്ക് ഏത് അംഗരാജ്യത്തും തൊഴിൽ തേടാമെന്ന സൗകര്യം ബ്രിട്ടന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് യെസ് പക്ഷക്കാർ പ്രചരിപ്പിച്ചു. ഹൈവോൾട്ട് ദേശീയതയും ഇതര രാജ്യങ്ങളോടും ജനവിഭാഗങ്ങളോടുമുള്ള അസഹിഷ്ണുതയും അവർ വിളമ്പി. ഇ യുവിൽ നിന്ന് ബ്രിട്ടൻ പിൻമാറരുതെന്നാവശ്യപ്പെട്ട ഡേവിഡ് കാമറൂണിനെ പിന്തള്ളി തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനത്ത് വരുന്നത് ഈ പ്രചാരവേലയുടെ അനന്തര ഫലമായിരുന്നു. പക്ഷേ, അവർക്ക് സമ്പൂർണ വേർപിരിയൽ പ്രാവർത്തികമാക്കാൻ സാധിച്ചില്ല. ചില ബന്ധങ്ങൾ അവശേഷിപ്പിച്ചുള്ള വേർപിരിയൽ മതിയെന്ന മൃദു നിലപാടിൽ അവരെത്തി. തെരേസ പ്ലാനിനെ നിശിതമായി വിമർശിച്ചയാളാണ് ബോറിസ് ജോൺസൺ. ഒടുവിൽ തെരേസ രാജിവെച്ചു. ബോറിസ് പ്രധാനമന്ത്രിയായി. അതേ ബ്രക്‌സിറ്റ് ബോറിസിനും ബൂമറാംഗായിരിക്കുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള കടുത്ത എതിർപ്പിനിടയിൽ അദ്ദേഹത്തിനും കസേര പോയി.

താമരമൊട്ട്

ബി ജെ പിയുടെ ചിഹ്നം താമരയാണെങ്കിൽ ശ്രീലങ്കയിൽ രാജപക്‌സേമാരുടെ പാർട്ടിയായ പൊതുജന പെരുമുനയുടെ ചിഹ്നം താമരമൊട്ടാണ്. ഇവിടെ രാമനാണെങ്കിൽ അവിടെ രാവണനാണ്. ഇവിടെയും അവിടെയും ഹലാൽ ഭക്ഷണം രാഷ്ട്രീയ ആയുധമാണ്. കൊവിഡ് ബാധിച്ചു മരിച്ച മുസ്‌ലിംകളെ മറമാടാൻ അനുവദിക്കാതെ, ദഹിപ്പിക്കാൻ ഉത്തരവിറക്കി മഹാമാരിയെ രാഷ്ട്രീയവത്കരിച്ചവരാണ് രാജപക്‌സേമാർ. ഇവിടെ സാധ്വി പ്രാചിയും യോഗി ആദിത്യനാഥും പ്രജ്ഞാ സിംഗ് ഠാക്കൂറും കാവിയണിഞ്ഞ് വിദ്വേഷം പ്രസരിപ്പിക്കുന്നുവെങ്കിൽ അവിടെ മഹീന്ദ രാജപക്‌സേയുടെയും ഗൊതാബയ രാജപക്‌സെയുടെയും തോളൊപ്പം ഗലഗോഡ അത്തേ ജ്ഞാനസരയും ബുദ്ധഭിക്ഷു വേഷധാരികളുമുണ്ട്. അലുത്ഗാമയിലും മധ്യകാൻഡിയിലും മുസ്‌ലിംകളെ ആക്രമിക്കാനും കടകൾക്ക് തീവെക്കാനും സിംഹള തീവ്രവാദികളുണ്ട്. ഇവിടുത്തെ ഗോരക്ഷാ ഗുണ്ടകളെപ്പോലെ. തമിഴരെയും മുസ്‌ലിംകളെയും അന്യവത്കരിച്ചും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ചും പരസ്പരം ഭയം ജനിപ്പിച്ചുമാണ് രാജപക്‌സേ കുടുംബം അധികാരം പിടിച്ചത്. ഇവിടെ നോട്ട് നിരോധിച്ചു. അവിടെ ഓർഗാനിക് കൃഷി അടിച്ചേൽപ്പിച്ചു. ഇവിടെ സ്വന്തം മുതലാളിമാർക്ക് തഴച്ചുവളരാൻ സൗകര്യമൊരുക്കി. അവിടെ ചൈനീസ് മൂലധനത്തിന് കീഴടങ്ങി. ഇവിടെ ഹിന്ദിയാണ് അടിച്ചേൽപ്പിക്കുന്നതെങ്കിൽ അവിടെ സർവം സിംഹള മയമാണ്.

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ചും ന്യൂനപക്ഷങ്ങളെ അപരവത്കരിച്ചും നടപ്പാക്കിയ ധ്രുവീകരണ രാഷ്ട്രീയത്തിൽ കുടുങ്ങിയാണ് ലങ്കൻ ജനത രാജപക്‌സേമാർക്ക്- മഹീന്ദ, ഗൊതാബയ, ചമൽ, ബേസിൽ- അധികാരം തളികയിൽ വെച്ച് നൽകിയത്. ഉണ്ണാനും ഉടുക്കാനും വണ്ടിയോടാൻ പെട്രോളും ആശുപത്രികളിൽ മരുന്നും ഇല്ലാതെ വലഞ്ഞ അതേ ജനം പ്രസിഡന്റിന്റെ കൊട്ടാരം കീഴടക്കി. അവിടുത്തെ വിശാല നീന്തൽ കുളങ്ങളിൽ കുളിച്ചു, കളിച്ചു. വിശിഷ്ട അതിഥികൾ മാത്രമിരുന്ന സ്വീകരണ മുറികളിൽ ഇരുന്നും കിടന്നും സമരപ്പാട്ടുകൾ പാടിയും ആഘോഷിച്ചു. രാജപക്‌സേമാർ രക്ഷപ്പെടുന്നത് തടയാൻ പാതിരാവിൽ അവർ തെരുവിൽ കാവൽ നിന്നു. ശ്രീലങ്കയിൽ ജനാധിപത്യത്തിൻ സൂര്യൻ ഉജ്ജ്വലമായി ഉദിച്ചു. ചരിത്രം മനോഹരമായി പകരം വീട്ടി.

തിരഞ്ഞെടുപ്പായാലും പുതിയ ഉടുപ്പിടുന്നതായാലും യാത്രയായാലും ജ്യോതിഷികളോട് ചോദിച്ചേ മഹിന്ദാ രാജപക്‌സേ അനങ്ങാറുണ്ടായിരുന്നുള്ളൂ. വെച്ചടി വെച്ചടി കയറ്റമാണ് ജ്യോതിഷികൾ അദ്ദേഹത്തിന് പ്രവചിച്ചത്. ആ ശകുനം നോക്കികളെയൊന്നും ഇപ്പോൾ കാണാനില്ല. തീർത്തും തിരസ്‌കൃതരായി, പലായനത്തിന് പേലും പാങ്ങില്ലാതെ കുടുങ്ങിയിരിക്കുന്നു മഹീന്ദയെന്ന സിംഹള രാജാവ്. രാജപക്‌സേമാരുടെ ആശീർവാദത്തോടെ, ജ്ഞാനസരയുമായും മ്യാൻമറിലെ ഭീകര സന്യാസി അഷിൻ വിരാതുവുമായും ചേർന്ന് ആഗോള രാഷ്ട്രീയത്തിന് കൊപ്പു കൂട്ടിയ രാം മാധവ് ഇതെങ്ങനെ സഹിക്കും?

ഹിന്ദുത്വരുടെ മറ്റൊരു മാതൃകാ പുരുഷൻ ബ്രസീലിലെ ജയർ ബോൾസനാരോക്കും കസേര നഷ്ടപ്പെടാൻ പോകുകയാണ്. ജപ്പാനെ യു എസിന്റെ സാമന്ത രാജ്യമാക്കി മാറ്റിയതിന്റെയും സമാധാന ഭരണഘടന മാറ്റിമറിച്ചതിന്റെയും പാപഭാരം പേറിയാണ് ഷിൻസോ ആബേ പിന്നിൽ നിന്ന് വെടിയേറ്റ് വീണത്. ഈ സുഹൃത്തുക്കളെല്ലാം ഇങ്ങനെ തകർന്നടിയുമ്പോൾ ഏത് മനുഷ്യനാണ് ഒരു ഉൾക്കിടിലം തോന്നാതിരിക്കുക. ഈ ജനങ്ങളിങ്ങനെ തിരിച്ചറിവ് നേടിക്കഴിഞ്ഞാൽ പാവം ഭരണാധികാരികൾ എങ്ങനെ സമാധാനപൂർവം ഉറങ്ങും?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest