Connect with us

Cover Story

ഒരു നിലാവ് മാഞ്ഞുപോകുമ്പോൾ...

അധ്യാപനത്തിനും വൈജ്ഞാനിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം, ആയിരക്കണക്കിന് സഖാഫി പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരു, ഇ കെ ഹസൻ മുസ്‌ലിയാരുടെ ഇഷ്ട ശിഷ്യൻ, കാന്തപുരം ഉസ്താദിന്റെ നിഴലു പോലെ സഞ്ചരിച്ച സഹപ്രവർത്തകൻ. എണ്ണിപ്പറയാനേറെയുള്ള ജീവിത വിശേഷങ്ങളുടെ ഉടമയായിരുന്നു കട്ടിപ്പാറ ഉസ്താദ്.

Published

|

Last Updated

ഫോട്ടോ| സൈനു കളർ വേങ്ങര

സുന്നി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതുല്യമായ ഒരധ്യായമാണ് ഈയിടെ വിടവാങ്ങിയ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ. അധ്യാപനത്തിനും വൈജ്ഞാനിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം, ആയിരക്കണക്കിന് സഖാഫി പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരു, ഇ കെ ഹസൻ മുസ്‌ലിയാരുടെ ഇഷ്ടശിഷ്യൻ, കാന്തപുരം ഉസ്താദിന്റെ നിഴലു പോലെ സഞ്ചരിച്ച സഹപ്രവർത്തകൻ. എണ്ണിപ്പറയാനേറെയുള്ള ജീവിത വിശേഷങ്ങളുടെ ഉടമയായിരുന്നു കട്ടിപ്പാറ ഉസ്താദ്.

1945 ജനുവരി ഒന്നിനാണ് കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത മങ്ങാട്ട് ഉസ്താദ് ജനിക്കുന്നത്. പിൽക്കാലത്ത് കെ കെ എന്ന ചുരുക്കപ്പേരിലൂടെ ഉസ്താദ് പ്രസിദ്ധമാക്കിയ കുറുപ്പനകണ്ടി തറവാട്ടിൽ കുഞ്ഞായീൻകുട്ടി ഹാജിയാണ് പിതാവ്. എളേറ്റിൽ വട്ടോളിക്കടുത്ത് കണിറ്റിമാക്കൽ സ്വദേശി ഇമ്പിച്ചി ആഇശയാണ് മാതാവ്. ഏഴ് ആണും മൂന്ന് പെണ്ണുമടക്കം പത്ത് മക്കളുണ്ടായിരുന്ന ആ ദമ്പതികളുടെ മക്കളിൽ മൂന്നാമനാണ് കെ കെ ഉസ്താദ്. നിത്യവൃത്തിക്ക് പോലും നന്നേ കഷ്ടപ്പെട്ടാണ് ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്.

കുഞ്ഞായീൻകുട്ടി ഹാജിക്ക് കച്ചവടമാണ്. കച്ചവടമെന്നാൽ വലിയ മുതൽ മുടക്കിൽ ലാഭം വാരുന്ന ബിസിനസ്സൊന്നുമല്ല. നാട്ടിലെ സമ്പന്നരിൽ ആരോടെങ്കിലും കുറച്ച് പണം കടം വാങ്ങും. അതുമായി ചന്തയിൽ പോകും. താമരശ്ശേരിയിലും വട്ടോളിയിലുമെല്ലാം അന്ന് പ്രസിദ്ധമായ ചന്തകളുണ്ട്. വീട്ടിൽ കൃഷി ചെയ്ത് വിളയിച്ച അടക്ക, കുരുമുളക് പോലെയുള്ള വിളകളുമായി വരുന്ന സാധാരണക്കാരുണ്ടാകും. അവരിൽ നിന്ന് അത് വില കൊടുത്ത് വാങ്ങും. കിട്ടിയ ചരക്കുകൾ മൊത്തമായി വലിയ കച്ചവടക്കാർക്ക് വിൽക്കും. ചെറിയ ലാഭം കിട്ടും. കടം വാങ്ങിയ പണം തിരിച്ചു നൽകും. ഇതാണ് ആകെയുള്ള വരുമാനം. ഭർത്താവിന്റെ സാമ്പത്തിക സാഹചര്യം തിരിച്ചറിഞ്ഞ ഇമ്പിച്ചി ആഇശയും തന്നെക്കൊണ്ടാകുന്ന വിധം ഭർത്താവിന് തണലാകാൻ ശ്രമിച്ചു. കാര്യമായ പണി “അവിലിടി’യായിരുന്നു. അയൽക്കാരികളായ ഒന്നു രണ്ട് സ്ത്രീകൾക്കൊപ്പം ചേർന്ന്, നെല്ല് വറുത്ത് ഉരലിലിട്ട് ഇടിച്ച് അവിൽ ഉണ്ടാക്കുന്ന ജോലി. അങ്ങനെ കിട്ടുന്ന ചില്ലറ തുട്ടുകളും ആ കുടുംബത്തിന് വലിയ ആശ്വാസമായി. ഈ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ഉസ്താദിന്റെ ബാല്യം പിച്ചവെച്ചത്.

ഓത്തുപള്ളി മാറി മദ്‌റസാ സംവിധാനത്തിലേക്ക് പുരോഗമിച്ച നാട്ടിലെ മതപാഠശാലയിൽ നിന്നാണ് പ്രാഥമിക പഠനം. അഹ്്മദ് മൊല്ലാക്ക, അമ്മദ്കുട്ടി മുസ്്ലിയാർ എന്നിവരാണ് മദ്‌റസയിൽ പഠിപ്പിച്ച ഉസ്താദുമാർ. സ്‌കൂളിലും അഞ്ചാം തരം വരെ ഇക്കാലത്ത് പഠനം നടത്തി. നാട്ടിൽ, മങ്ങാട്ട് അഞ്ചാം തരം വരെയാണ് അന്ന് സ്‌കൂളുണ്ടായിരുന്നത്. മദ്‌റസാ കാലം കഴിഞ്ഞപ്പോൾ രാത്രി ദർസിലും പകൽ സ്‌കുളിലും എന്ന രൂപത്തിൽ പഠനം മുന്നോട്ടുപോയി. പിൽക്കാലത്ത് കാരന്തൂർ മർകസിൽ മുദർരിസായിരുന്ന ഇമ്പിച്ചാലി ഉസ്താദാണ് അന്ന് നാട്ടിലെ മുദർരിസ്. അദ്ദേഹത്തിൽ നിന്ന് മുതഫരിദ് ഓതിയാണ് ദർസ് പഠനം ആരംഭിക്കുന്നത്. ഇയ്യാട് സ്‌കൂളിലാണ് ആറാം തരത്തിൽ ചേർന്നത്. കുറച്ച് കാലം മാത്രമാണ് ആറിൽ പഠിച്ചത്.

പിന്നീട് ഉമ്മയുടെയും ഉപ്പയുടെയും ആഗ്രഹം പോലെ മുഴുസമയ മതപഠനത്തിലേക്ക് മാറി. അതിനായി തൊട്ടടുത്ത പ്രദേശത്ത് ഇയ്യാട്ട് ദർസിൽ ചേർന്നു. പന്നൂർ സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് അന്ന് അവിടത്തെ മുദർരിസ്. അടുത്ത ശഅബാനിൽ ദർസടച്ചപ്പോൾ കുഞ്ഞഹമ്മദ് ഉസ്താദ് അവിടെ നിന്നും പിരിഞ്ഞു. പിന്നീട് ശവ്വാലിൽ ദർസ് പുനരാരംഭിച്ചപ്പോൾ മുദർരിസായി വന്നത് സാക്ഷാൽ ഇ കെ ഹസൻ മുസ്‌ലിയാർ. വെല്ലൂരിൽ നിന്ന് പഠനം പൂർത്തിയാക്കി അദ്ദേഹം ആദ്യമായി ദർസ് തുടങ്ങുകയാണ്. പഠനകാലത്ത് തന്നെ പേരെടുത്ത ഹസൻ മുസ്‌ലിയാരുടെ ദർസിൽ കാത്തിരുന്ന് പ്രവേശനം നേടിയിരിക്കുകയാണ് പലരും. എന്നാൽ 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ള കട്ടിപ്പാറ ഉസ്താദിന് ഇതൊന്നുമറിയില്ല. ഒരു നിമിത്തം പോലെ അദ്ദേഹം ആ ദർസിൽ എത്തിച്ചേരുകയായിരുന്നു.

വെല്ലൂരിൽ നിന്ന് അബൂബക്കർ ഹസ്രത്ത് ഹദ്‌യ നൽകിയ നീളൻ കുപ്പായവുമിട്ട് നീണ്ട താടിയും തലപ്പാവുമെല്ലാമായി ഹസൻ ഉസ്താദ് പള്ളിയിലേക്ക് കയറി വന്നപ്പോൾ ആ മുഖത്തെ ഗാംഭീര്യം കണ്ട് ആദ്യം ഒരു ഭയം തോന്നി. പിന്നെ ആ “പിതാവി’ന്റെ സ്‌നേഹവും ശിക്ഷണവും അനുഭവിച്ചു. ജീവിതത്തിന്റെ ദിശ നിർണയിച്ച വർഷങ്ങൾ. ഒരു വർഷം ഇയ്യാട്ട്, പിന്നെ ഒരു വർഷം കിഴിശ്ശേരി തൃപ്പനച്ചിക്കടുത്ത് പാലക്കാട്ട്, പിന്നീട് രണ്ട് വർഷം ആവിലോറ ഉരുളിക്കുന്നിൽ. അതു കഴിഞ്ഞ് ഐക്കരപ്പടിക്കടുത്ത് പുത്തുപാടത്തേക്ക് മാറി. അവിടെ ആറ് വർഷമുണ്ടായിരുന്നു. പുത്തുപാടത്ത് നിന്ന് ആക്കോട്ടേക്കും ഒന്നര വർഷത്തിന് ശേഷം ഇരുന്പുചോലയിലേക്കും പോയി. ഇരുന്പുചോലയിൽ നിൽക്കുമ്പോഴാണ് ഹസൻ ഉസ്താദിന്റെ തന്നെ നിർദേശാനുസരണം ദർസിൽ നിന്ന് മാറിയത്.

രിയാളുൽ ബദീഅ്, മീസാൻ എന്നീ കിതാബുകളാണ് ആദ്യം ഹസൻ ഉസ്താദിൽ നിന്നും തുടങ്ങിയത്. പിന്നെ പ്രധാനപ്പെട്ട പല കിതാബുകളും ആ ജ്ഞാന സാഗരത്തിൽ നിന്നും സ്വന്തമാക്കി. അൽഫിയ, ഫത്ഹുൽ മുഈൻ, ശറഹുതഹ്ദീബ്, മഹല്ലി, മുഖ്തസർ, ജംഅ് എന്നിവയെല്ലാം അതിൽ പെട്ടതാണ്. കിതാബുകളിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഹസൻ ഉസ്താദിന്റെ ശ്രദ്ധയുണ്ടായിരുന്നു. സുബ്ഹിക്ക് ശേഷം ഉറക്കെ ഖുർആൻ ഓതണം എന്നത് ദർസിലെ ഒരു ശീലമായിരുന്നു. ഒരു ദിവസം ഓത്ത് ഉസ്താദ് ശ്രദ്ധിക്കാനിടയായി. ചില ഉച്ചാരണ പിശകുകളുണ്ടായിരുന്നു. കൂടെയിരുത്തി തിരുത്തി കൊടുത്തു. പുത്തുപാടത്ത് നിൽക്കുന്ന കാലത്ത് ഉസ്താദ് അവിടെ ഒരു വീടുണ്ടാക്കി. വീട്ടുകാരൻ എന്ന നിലക്ക് ദർസിലെ ഒരു മുതഅല്ലിമിന് വീട്ടിൽ നിന്ന് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചപ്പോൾ മറ്റാരേക്കാളും മുമ്പ് അതിന് തിരഞ്ഞെടുത്തത് കട്ടിപ്പാറ ഉസ്താദിനെയായിരുന്നു.

കട്ടിപ്പാറ ഉസ്താദിന്റെ സാമ്പത്തിക സാഹചര്യങ്ങളറിയുന്നതിനാൽ ആവശ്യമായ പണവും വസ്ത്രവുമെല്ലാം ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഹസൻ ഉസ്താദ് ആവശ്യാനുസരണം നൽകി. പുത്തുപാടത്ത് ഏഴര രൂപ ശമ്പളത്തിന് മദ്‌റസാധ്യാപനം നടത്തിയ അനുഭവവുമുണ്ട് കട്ടിപ്പാറ ഉസ്താദിന്. ശിഷ്യന്മാരോട് വലിയ സ്നേഹമാണ് ഹസൻ ഉസ്താദിന്. വഅ്‌ളിനും മറ്റും പുറത്തുപോയി വരുമ്പോൾ മിക്കപ്പോഴും കൈയിൽ ഒരു പൊതിയുണ്ടാകും. പലഹാരങ്ങളോ പഴങ്ങളോ മറ്റു സമ്മാനങ്ങളോ ഒക്കെയാകും പൊതിയിൽ. പിന്നെ ഒരു പിതാവിനെ പോലെ അത് ശിഷ്യന്മാർക്ക് വീതിച്ചുകൊടുക്കും. എന്നും പാഠഭാഗങ്ങൾ പരിശോധിക്കും. പഠിച്ചിട്ടില്ലെങ്കിൽ നല്ല ശിക്ഷയുമുണ്ടാകും.

ദർസ് തുടങ്ങിയ ഉടനെ തന്നെ ഹസൻ ഉസ്താദ് ഖണ്ഡനവും വാദപ്രതിവാദവുമെല്ലാം തുടങ്ങിയിരുന്നു. അൽപ്പം മുതിർന്നപ്പോൾ കിതാബ് എടുത്ത് കൊടുക്കാനായി പലപ്പോഴും കട്ടിപ്പാറ ഉസ്താദ്, ഹസൻ ഉസ്താദിനെ അനുഗമിക്കുമായിരുന്നു. മുജാഹിദ്, ജമാഅത്ത്, ചേകന്നൂർ തുടങ്ങിയവരുമായുള്ള ഖണ്ഡനങ്ങളിലെല്ലാം സന്നിഹിതനാകാൻ കട്ടിപ്പാറ ഉസ്താദിന് അവസരമുണ്ടായിട്ടുണ്ട്. കട്ടിപ്പാറ ഉസ്താദിന്റെ ആദർശതീവ്രത ആ സഹവാസത്തിൽ നിന്നു തന്നെയാണ് ശക്തിയാർജിച്ചത്.

ഇരുന്പുചോലയിൽ നിൽക്കുന്ന സമയത്ത് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പരപ്പനങ്ങാടി പ്രസിദ്ധമായ പനയത്തിൽ പള്ളിയിൽ ചെല്ലുന്നത്. കുറ്റിപ്പുറം അബ്ദുല്ല മുസ്്ലിയാരായിരുന്നു മുദർരിസ്. ഏതാനും മാസങ്ങൾക്ക് ശേഷം പാപ്പിനിശ്ശേരിക്കടുത്ത് മാങ്കടവിൽ കുമ്പോൽ പി എ അഹ്‌മദ് മുസ്്ലിയാരുടെ ദർസിൽ ചേർന്നു. ശേഷം ഒരു വർഷം ചാലിയത്ത് ഒ കെ ഉസ്താദിന്റെ ദർസിലും പഠിച്ചു. അവിടെ നിന്നാണ് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് പോകുന്നത്. സാധാരണയിൽ ബാഖിയാത്തിൽ രണ്ട് വർഷമാണ് എല്ലാവരും പഠനം നടത്താറുള്ളത്. കട്ടിപ്പാറ ഉസ്താദ് മൂന്ന് വർഷം അവിടെയുണ്ടായിരുന്നു.

മുഖ്തസറിലാണ് ചേർന്നത്. 1972ൽ ബാഖിയാത്തിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കി മടങ്ങി. ശൈഖ് ഹസൻ ഹസ്രത്ത്, കുട്ടി മുസ്്ലിയാർ, അബ്ദുൽ ജബ്ബാർ ഹസ്രത്ത്, പട്ടേൽ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥന്മാർ. ബാഖിയാത്തിൽ നിന്നും മടങ്ങിയെത്തുമ്പോഴേക്കും കുടുംബം മങ്ങാട്ട് നിന്ന് കട്ടിപ്പാറയിലേക്ക് താമസം മാറിയിരുന്നു. അതിനാൽ ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ മേൽവിലാസം കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ എന്നായിത്തീർന്നു.

വെല്ലൂരിൽ നിന്ന് പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ വർഷം തന്നെ കൊടുവള്ളിക്കടുത്ത് കരുവംപൊയിലിലെ ചുള്ളിയാട്ട്മുക്കിൽ ദർസാരംഭിച്ചു. 17 കുട്ടികളാണ് ദർസ് തുടങ്ങുമ്പോൾ കൂടെയുണ്ടായിരുന്നത്. അഞ്ച് വർഷം അവിടെ തുടർന്നു. 1977ൽ ഹജ്ജിന് പോകാൻ വേണ്ടിയാണ് അവിടെ നിന്നും പിരിഞ്ഞത്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വടകര അടക്കാത്തെരുവിലാണ് സേവനം ചെയ്തത്. വികലാശയക്കാരനായ ഒരാളായിരുന്നു പള്ളിയിൽ ജോലി ചെയ്തിരുന്നത്. അതിൽ അസ്വസ്ഥരായ അനേകം വിശ്വാസികൾ അവിടെയുണ്ടായിരുന്നു. ആ അസ്വസ്ഥകൾ അവസാനം ഒരു വാദപ്രതിവാദത്തിൽ കലാശിച്ചു. ഇ കെ ഹസൻ ഉസ്താദും കാന്തപുരം ഉസ്താദുമാണ് അന്ന് സുന്നിപക്ഷത്തെ പ്രതിനിധാനം ചെയ്തത്. സംവാദം കഴിഞ്ഞപ്പോൾ മൗലവിയുടെ ആശയപാപ്പരത്തം എല്ലാവർക്കും വ്യക്തമായി. അയാൾ ജോലി രാജിവെച്ച് സ്ഥലംവിട്ടു. ഈ ഒഴിവിലേക്ക് ആളെ നൽകാനാവശ്യപ്പെട്ട് നാട്ടുകാരണവന്മാർ സംവാദ നായകന്മാരായ ഉസ്താദുമാരെ സമീപിച്ചു. അവരാണ് കട്ടിപ്പാറ ഉസ്താദിനെ വടകരയിലേക്ക് നിയോഗിച്ചത്.

എട്ട് വർഷക്കാലം ഖാസിയും ഖത്വീബും മുദർരിസുമായി അവിടെ സേവനം ചെയ്തു. സമസ്തയിലെ പ്രശ്‌നങ്ങളുടെ പ്രാരംഭ ഘട്ടമായിരുന്നു അത്. അതിനിടക്ക് ജില്ലാ തലത്തിൽ ഒരു പണ്ഡിത സംഗമം നടന്നു. ഇ കെ അബൂബക്കർ മുസ്്ലിയാർ അതിൽ പങ്കെടുത്തിരുന്നില്ല. ഇ കെ പങ്കെടുക്കാത്ത പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മഹല്ലിൽ അസ്വാരസ്യമുണ്ടായി. നാട്ടുകാരനും വഴികാട്ടിയുമായ കാന്തപുരം ഉസ്താദിന്റെ കാർമികത്വത്തിൽ നടന്ന പരിപാടി എന്ന അർഥത്തിലാണ് കട്ടിപ്പാറ ഉസ്താദ് ആ പരിപാടിയെ കണ്ടതും അതിൽ പങ്കെടുത്തതും. ഏതെങ്കിലും പക്ഷം ചേരുക എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. ഏതായിരുന്നാലും മുറുമുറുപ്പുകൾ മുറുകും മുമ്പ് വടകരയിൽ നിന്ന് രാജിവെച്ചു. ശേഷം അന്നശ്ശേരിയിൽ മസ്ജിദു തഖ്‌വയിലായിരുന്നു ഒരു വർഷം. പിന്നീട് കൊടുവള്ളി വട്ടോളിക്കടുത്ത് കണ്ണിറ്റമാക്കലിൽ ഒന്നര വർഷമുണ്ടായി. അവിടെ നിന്നാണ് കാന്തപുരം ഉസ്താദിന്റെ സമ്മർദത്തെ തുടർന്ന് കാരന്തൂർ മർകസിലേക്ക് പോകുന്നത്.

1988ലാണ് മർകസിലെത്തുന്നത്. ആദ്യ വർഷം മുഖ്തസറിലാണ് പ്രധാന ക്ലാസ്സുകളുണ്ടായിരുന്നത്. പിന്നീട് മുതവ്വലിലും ക്ലാസ്സുകൾ നയിച്ചു. 38 ആണ്ടോളം നീണ്ട മർകസ് കാലത്ത് കേരളീയ മുസ്്ലിം നവോത്ഥാനത്തിന്റെ ദിശ തന്നെ മാറ്റിയ അനേകം സഖാഫികളുടെ ആദരണീയനായ ഗുരുവായി ഉസ്താദ് പ്രശോഭിച്ചു. കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, എ കെ കട്ടിപ്പാറ എന്നിവരാണ് മർകസിലെത്തുന്നതിന് മുമ്പുള്ള ശിഷ്യന്മാരിൽ പ്രമുഖർ.

സുന്നിപ്രസ്ഥാന കുടുംബത്തിലെ പേരെടുത്ത സംഘാടകരിൽ ഒരാളാണ് കട്ടിപ്പാറ ഉസ്താദ്. അദ്ദേഹത്തിലെ സംഘാടകൻ തന്റെ കഴിവുതെളിയിച്ച് തുടങ്ങിയത് ബാഖിയാത്തിൽ പഠിക്കുന്ന കാലത്താണ്. സി എം സി ആശുപത്രി എന്ന പേരിൽ പ്രസിദ്ധമായ വെല്ലൂരിലെ ആശുപത്രി അക്കാലത്ത് ഏഷ്യയിലെ തന്നെ പ്രധാന ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്. മാറാരോഗത്തിന്റെ അടിമകളായ പലരും അവസാനം എത്തിപ്പെടുന്നത് വെല്ലുരിലായിരുന്നു. അങ്ങനെ വരുന്നവരിൽ വളരെ സാധുക്കളായ പലരുമുണ്ടാകും. മലയാളികളും ധാരാളം കാണും. പലരും ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോൾ യാത്രക്കാവശ്യമായ ചെറിയ സംഖ്യ പോലും കൈവശം കാണില്ല. അത്തരം ധാരാളം പേർ മലയാളികളുള്ള സ്ഥാപനമെന്ന നിലയിൽ ബാഖിയാത്തിലെത്തുകയും സഹായം അഭ്യർഥിക്കുകയും ചെയ്യും.

ദൈന്യത നിറഞ്ഞ ഇത്തരം മുഖങ്ങൾ നിരന്തരം കാണേണ്ടിവന്നപ്പോൾ കട്ടിപ്പാറ ഉസ്താദിന് ഒരാശയം തോന്നി. ഇത്തരക്കാരെ സഹായിക്കാൻ ഒരു സ്ഥിരം സംവിധാനം. സഹപാഠികളുമായി ആലോചിച്ച് അതിനൊരു കൂട്ടായ്മയുണ്ടാക്കി. സിയാനത്തുൽ ഉറബാഅ്. ഓരോ മലയാളിയും ആഴ്ചയിൽ അഞ്ച് പൈസ നൽകും. അത് ശേഖരിച്ച് പാവങ്ങളുടെ യാത്രാ ചെലവിന് നൽകും. അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു കട്ടിപ്പാറ ഉസ്താദ്. അനേകം മലയാളികൾക്ക് വലിയ ആശ്വാസം നൽകിയ ഈ സംവിധാനം രൂപഭാവങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായി ദീർഘകാലം നിലനിന്നിരുന്നു.

കേരളത്തിലെ പ്രാസ്ഥാനിക കുടുംബത്തിന്റെ പ്രവർത്തന മേഖലയിലേക്ക് വരുന്നത് സമസ്തയുടെ ജില്ലാ ഘടകത്തിലൂടെയാണ്. ആദ്യമായി സമസ്തയുടെ കോഴിക്കോട് ജില്ലാ ഘടകം രൂപവത്കൃതമായപ്പോൾ അണ്ടോണ അബ്ദുല്ല മുസ്്ലിയാർ പ്രസിഡന്റും കാന്തപുരം ഉസ്താദ് ജനറൽ സെക്രട്ടറിയുമായ പ്രഥമ ജില്ലാ മുശാവറയിൽ കട്ടിപ്പാറ ഉസ്താദ് മെമ്പറായി. പിന്നീട് ജോയിന്റ് സെക്രട്ടറിയും ശേഷം വൈസ് പ്രസിഡന്റുമായി. ദീർഘകാലം സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായി പ്രവർത്തന നിരതനായി. എസ് വൈ എസിന്റെ ജില്ലാ, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലം ജംഇയ്യത്തുൽ മുഅല്ലിമീന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി. എസ് എം എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. ശേഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സ്ഥാപിതമായപ്പോൾ അതിന്റെ വൈസ് പ്രസിഡന്റും സി ബി അംഗവുമായി. വിദ്യാഭ്യാസ ബോർഡിന്റെ സെക്രട്ടറിമാരിലും ഉസ്താദുണ്ടായിരുന്നു. മർകസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ അരങ്ങത്തും അണിയറയിലും കട്ടിപ്പാറ ഉസ്താദിനെ കാണാം. മർകസിന്റെ വൈസ് പ്രസിഡന്റായിരുന്ന ഉസ്താദ് മടവൂർ സി എം സെന്റർ, കൽപ്പറ്റ ദാറുൽ ഫലാഹ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു. എന്നാൽ കട്ടിപ്പാറ അൽ ഇഹ്‌സാനാണ് ഉസ്താദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീർന്ന സ്ഥാപനം.

കുടിയേറ്റ ഗ്രാമമാണ് കട്ടിപ്പാറ. ഉസ്താദ് പോലും കുടിയേറ്റക്കാരനാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ രംഗങ്ങളിലടക്കം അനേകം പരാധീനതകളുണ്ടായിരുന്നു ഈ ഗ്രാമത്തിന്. അതിനെ മറികടക്കാൻ കാലം കണ്ടുവെച്ച പ്രതിക്രിയയുടെ ചുരുക്കപ്പേരാണ് അൽ ഇഹ്‌സാൻ എന്നത്. 1993ൽ അവേലത്ത് തങ്ങൾ ശിലയിട്ട ഈ സംവിധാനത്തിന്റെ എല്ലാമെല്ലായിരുന്നു ഉസ്താദ്. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ പ്രത്യേക കഴിവുള്ള മധ്യസ്ഥനായിരുന്നു കട്ടിപ്പാറ ഉസ്താദ്. വ്യക്തികൾക്കിടയിലും സ്ഥാപനങ്ങളിലും മഹല്ലുകളിലുമൊക്കെ ഇത്തരം നിരവധി പ്രശ്‌നങ്ങളിൽ ഇടപെട്ട് ഉസ്താദ് കൂട്ടിവെച്ചത് അകന്നുപോയ അനേകം ഹൃദയങ്ങളെയാണ്.

മികച്ചൊരു പ്രഭാഷകനായും തിളങ്ങിയിരുന്നു ഉസ്താദ്. പഠന കാലത്ത് സമാജങ്ങളിൽ നിന്നാണ് പ്രസംഗിച്ച് തുടങ്ങിയത്. ഹസൻ ഉസ്താദിന്റെ നിർബന്ധം നിമിത്തം പള്ളി വഅളുകൾക്കും ധാരാളമായി പോയി. അത് നല്ല പരിശീലനമായിരുന്നു. കേരളമൊന്നാകെ കാതോർത്ത പ്രഭാഷകനാണ് ഹസൻ ഉസ്താദ് എന്നതിനാൽ മറ്റൊരു റോൾ മോഡൽ അന്വേഷിക്കേണ്ടതായും ഉണ്ടായിരുന്നില്ല. പല പ്രഭാഷണ സദസ്സുകളിലും അദ്ദേഹത്തെ അനുഗമിച്ചു. പ്രഭാഷകന്റെ ശക്തി ദൗർബല്യങ്ങളെ കുറിച്ച് പല പാഠങ്ങളും പഠിക്കാൻ ആ യാത്രകൾ സഹായകമായി.

കരുവംപൊയിലിൽ ദർസ് തുടങ്ങിയ കാലം മുതൽക്കു തന്നെ അവിടെയും പരിസര പ്രദേശങ്ങളിലും അനേകം സദസ്സുകളിൽ പ്രസംഗിച്ചു. ഒരു ദിവസം വിഖ്യാതനായ മലയമ്മ അഹ്്മദ് അബൂബക്കർ മുസ്്ലിയാർ ആളെ അയച്ചു വിളിപ്പിച്ചു. പ്രഭാഷകനെ അഭിനന്ദിക്കാനും ചില ഉപദേശങ്ങൾ നൽകാനുമാണ് വിളിച്ചത്. അതിന് ഉസ്താദ് തന്റെ പ്രസംഗം കേൾക്കാൻ വന്നില്ലല്ലോ എന്ന് അത്ഭുതപ്പെട്ടു കട്ടിപ്പാറ ഉസ്താദ്. ഉസ്താദ് ചിരിച്ചു. കരുവംപൊയിലിൽ നടക്കുന്ന വഅള് പുഴയുടെ ഇക്കരെ വീട്ടിലിരുന്ന് ശ്രദ്ധിക്കുകയും പ്രസംഗത്തിന്റെ ശൈലിയും പ്രമേയവും ഇഷ്ടമായപ്പോൾ പൂർണമായും കേൾക്കുകയുമായിരുന്നു. വടകര നിൽക്കുന്ന കാലത്ത് നല്ല തിരക്കുപിടിച്ച പ്രഭാഷകനായിരുന്നു. അക്കാലത്ത് കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് ഭാഗങ്ങളിലെല്ലാം നിരന്തരമായി പ്രസംഗിച്ചു.

ചാലിയത്ത് പഠിക്കുന്ന കാലത്താണ് ഉസ്താദ് വിവാഹിതനായത്. ഉപ്പയുടെ സഹോദരിയുടെ മകൾ ബീഫാത്വിമയാണ് ആ ജീവിതത്തിന് പങ്കാളിയായെത്തിയത്. അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ആ ദാമ്പത്യത്തിൽ വിരിഞ്ഞത്. മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ എന്നിവരാണ് പെൺകുട്ടികൾ. മൂത്തമകൻ അബ്ദുർറഹ്‌മാൻ സ്വന്തമായി ബിസിനസ്സ് നടത്തുന്നു. ഇളയമകൻ സഹൽ സഖാഫി കാരന്തൂർ മർകസിൽ സേവനം ചെയ്യുന്നു. കുറഞ്ഞ കാലത്തെ രോഗത്തിന് ശേഷം 2025 നവംബർ 3, 1447 ജമാദുൽ അവ്വൽ 12 തിങ്കളാഴ്ച പുലർച്ചെയായിരുന്നു വിയോഗം. കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅത്ത് പള്ളിയങ്കണത്തിലാണ് ഇനി വിശ്രമം.

 

 

.

---- facebook comment plugin here -----

Latest