Connect with us

National

എന്തായിരുന്നു തിടുക്കം?; തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ സുപ്രീം കോടതി

അവസാന പട്ടികയിലെ നാലുപേരിലേക്ക് എങ്ങനെയാണ് എത്തിയത്. പ്രായത്തിന്റെ മാനദണ്ഡ പ്രകാരം 40 പേരുണ്ടായിരുന്നതില്‍ 36 പേര്‍ എങ്ങനെ ഒഴിവായി.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതിന്റെ അടിയന്തര പ്രാധാന്യം ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തായിരുന്നു തിടുക്കമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു. 18ാം തീയതിയാണ് സുപ്രീം കോടതി ബഞ്ച് കേസ് കേട്ടത്. അന്ന് തന്നെയാണ് പ്രധാന മന്ത്രി ഗോയലിന്റെ പേര് നിര്‍ദേശിച്ചത്. അവസാന പട്ടികയിലെ നാലുപേരിലേക്ക് എങ്ങനെയാണ് എത്തിയതെന്നും പരമോന്നത കോടതി ചോദിച്ചു.

നിയമനത്തിലെ യുക്തി മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് ഋഷികേശ് റോയിയും പറഞ്ഞു. പ്രായത്തിന്റെ മാനദണ്ഡ പ്രകാരം 40 പേരുണ്ടായിരുന്നതില്‍ 36 പേര്‍ എങ്ങനെ ഒഴിവായി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ഫയല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം മുന്‍ സെക്രട്ടറിയാണ് അരുണ്‍ ഗോയല്‍. ഔദ്യോഗികമായി വിരമിക്കുന്നതിന് ആറാഴ്ച മുമ്പ് അദ്ദേഹം വോളണ്ടിയറി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു. അരുണ്‍ ഗോയല്‍ ഐ എ എസിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി പ്രഖ്യാപനം നടത്തിയതായും ഗോയല്‍ ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്നുമായിരുന്നു കേന്ദ്ര നിയമ-നീതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.

മൂന്നംഗ കമ്മീഷനില്‍ മെയ് 15 മുതല്‍ ഒരംഗത്തിന്റെ ഒഴിവ് നിലനില്‍ക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റതോടെയാണ് ഒഴിവ് വന്നത്. സുശില്‍ ചന്ദ്ര വിരമിച്ച ഒഴിവിലാണ് രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

 

Latest