Connect with us

Kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയോട് അടുക്കുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ സാധ്യത

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 8,800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയോട് അടുക്കുന്നു. 139.30 അടിയാണ് നിലവിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പുയര്‍ന്നത്. സെക്കന്‍ഡില്‍ 8,800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.  നീരൊഴുക്ക് വര്‍ധിച്ചു വരുന്നതിനാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 10,178 അടിയാക്കിയേക്കും. ഇതിനായി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.കഴിഞ്ഞ ദിവസം ഒറ്റ രാത്രി ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാവിലെ ഒമ്പതിന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തി.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തോടടുത്ത് രൂപപ്പെട്ട തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദവുമാണ് കാരണം. പലയിടത്തും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്. ഒക്ടോബര്‍ അവസാനംവരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്നലെ രാത്രി മാത്രം പെയ്ത അതിശക്തമായ മഴ ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത നാശനഷ്ടമാണ് വിതച്ചത്. കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകി. വാഹനങ്ങള്‍ ഉള്‍പ്പെടെ പുഴയിലൊഴുകുന്ന സ്ഥിതിയുണ്ടായി.

 

---- facebook comment plugin here -----

Latest