Connect with us

Kerala

പി എം ശ്രീ പദ്ധതി: വിദ്യാഭ്യാസ വകുപ്പും സി പി ഐയും രണ്ട് തട്ടില്‍; വിവാദം കൊഴുക്കുന്നു

പദ്ധതിയില്‍ ചേരാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം എതിര്‍ക്കപ്പെടേണ്ടതാണെന്നും പി എം ശ്രീയില്‍ ചേരരുതെന്നുമാണ് സി പി ഐ നിലപാട്.

Published

|

Last Updated

തിരുവനന്തപുരം | ദേശീയ വിദ്യാഭ്യാസ നയ (എന്‍ ഇ പി)ത്തിന്റെ ഭാഗമായ പി എം ശ്രീ പദ്ധതിയുമായി സംസ്ഥാനത്ത് വീണ്ടും വിവാദം കൊഴുക്കുന്നു. വിഷയത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സി പി ഐയും രണ്ട് തട്ടിലാണ്. പദ്ധതിയില്‍ ചേരാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം എതിര്‍ക്കപ്പെടേണ്ടതാണെന്നും പി എം ശ്രീയില്‍ ചേരരുതെന്നുമാണ് സി പി ഐയുടെ നിലപാട്. ‘എന്‍ ഇ പിയില്‍ കേന്ദ്രം നയം മാറ്റിയിട്ടില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ് വേണ്ടത്.’- സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ട് നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോഴും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് കേന്ദ്രത്തില്‍ നിന്ന് ഈവര്‍ഷം ഒരു സാമ്പത്തിക പിന്തുണയും ലഭിച്ചിട്ടില്ല. സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും മറ്റും ഈ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍, പി എം ശ്രീയില്‍ കേരളം ചേരില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നുമായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്.

 

Latest