Connect with us

Articles

ലോക ബേങ്ക് റിപോര്‍ട്ടില്‍ മറച്ചുവെക്കുന്നത്

ലോകത്തെ ഏറ്റവും കുറഞ്ഞ അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് നിലവില്‍ ഇന്ത്യയെന്നാണ് ലോക ബേങ്കിന്റെ പുതിയ റിപോര്‍ട്ട് വിലയിരുത്തുന്നത്. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഗിനി സൂചിക 2011-'2ല്‍ 0.36 ആയിരുന്നത് 2022-23ല്‍ 0.28 ആയി കുറഞ്ഞുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ദാരിദ്ര്യം ഗണ്യമായി കുറഞ്ഞതിനൊപ്പം അസമത്വവും കുറഞ്ഞു എന്നാണ് കണ്ടെത്തല്‍, എന്നാല്‍ ഈ കണക്കുകള്‍ അപൂര്‍ണമായ ഒരു ചിത്രം മാത്രമാണ് നല്‍കുന്നതെന്നതാണ് സത്യം.

Published

|

Last Updated

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കുറയുന്നുവെന്ന ലോക ബേങ്കിന്റെ സമീപകാല റിപോര്‍ട്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ മികച്ച സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുമ്പോഴും, രാജ്യത്തെ വരുമാനത്തിലും സമ്പത്തിലുമുള്ള അന്തരം വര്‍ധിക്കുന്നുവെന്ന വിമര്‍ശനം സര്‍ക്കാറിന് എന്നും ഒരു വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഈ റിപോര്‍ട്ടിന്റെ വരവ്. ലോക ബേങ്ക് റിപോര്‍ട്ടിലെ ശുഭാപ്തിവിശ്വാസം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നത് പ്രസക്തമായൊരു ചോദ്യമാണ്.

ലോകത്തെ ഏറ്റവും കുറഞ്ഞ അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് നിലവില്‍ ഇന്ത്യയെന്നാണ് ലോക ബേങ്കിന്റെ പുതിയ റിപോര്‍ട്ട് വിലയിരുത്തുന്നത്. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഗിനി സൂചിക 2011-12ല്‍ 0.36 ആയിരുന്നത് 2022-23ല്‍ 0.28 ആയി കുറഞ്ഞുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ദാരിദ്ര്യം ഗണ്യമായി കുറഞ്ഞതിനൊപ്പം അസമത്വവും കുറഞ്ഞു എന്ന ഈ കണ്ടെത്തല്‍, സര്‍ക്കാര്‍ നയങ്ങളുടെ വിജയമായാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ അപൂര്‍ണമായ ഒരു ചിത്രം മാത്രമാണ് നല്‍കുന്നതെന്നതാണ് സത്യം. ജനങ്ങളുടെ ഉപഭോഗത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പഠനങ്ങള്‍, വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വത്തിന്റെ യഥാര്‍ഥ ഭീകരത മറച്ചുവെക്കുകയാണ്. പല പ്രമുഖ സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നതുപോലെ, ഇന്ത്യയിലെ അസമത്വം കുറയുകയല്ല, മറിച്ച് അപകടകരമായ രീതിയില്‍, ഗണ്യമായ തോതില്‍ വര്‍ധിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാഷ്ട്രങ്ങളിലൊന്നായി മാറ്റുന്നുണ്ടെന്നതാണ് വ്യക്തമാകുന്നത്.
ഒരു സമൂഹത്തിന്റെ ജീവിതനിലവാരം അളക്കുന്നതിനുള്ള പ്രധാന സൂചികകളിലൊന്നാണ് ജനങ്ങളുടെ ഉപഭോഗ രീതി. എന്നാല്‍, ഈ അളവുകോലിന് അതിന്റേതായ പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സാമ്പത്തിക അന്തരം കൃത്യമായി പ്രതിഫലിപ്പിക്കുന്നതില്‍ ഈ സൂചിക പലപ്പോഴും പരാജയപ്പെടുന്നു എന്നതാണ് പ്രധാന വിമര്‍ശനം. പ്രധാനമായും രണ്ട് പരിമിതികളാണ് ഈ രീതിക്കുള്ളത്.

ഒന്ന്, വരുമാനവും ഉപഭോഗവും തമ്മിലുള്ള അന്തരം. വരുമാനത്തിലെ അസമത്വത്തെ അപേക്ഷിച്ച് ഉപഭോഗത്തിലെ അസമത്വം എപ്പോഴും കുറവായിരിക്കും എന്നതാണ് പ്രധാന വെല്ലുവിളി. സാധാരണക്കാരും ദരിദ്രരും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, സമ്പന്നര്‍ അവരുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം ഉപഭോഗത്തിനായി ഉപയോഗിക്കുകയും ശേഷിക്കുന്നവ നിക്ഷേപങ്ങള്‍ക്കും ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി മാറ്റിവെക്കുകയും ചെയ്യുന്നു. ഇത് ഉപഭോഗക്കണക്കുകളില്‍ അസമത്വം കുറവാണെന്ന ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നു. യഥാര്‍ഥത്തില്‍, വരുമാനത്തിലും ആസ്തിയിലുമുള്ള അന്തരം വളരെ വലുതാണെങ്കിലും ഉപഭോഗത്തിന്റെ മാത്രം കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഈ യാഥാര്‍ഥ്യം മറക്കപ്പെടുന്നു.

രണ്ട്, സര്‍വേകളിലെ അപര്യാപ്തത. ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോഗ സര്‍വേകള്‍ക്ക് (എച്ച് സി ഇ എസ്) അതിസമ്പന്നരുടെ യഥാര്‍ഥ ഉപഭോഗം പൂര്‍ണമായി രേഖപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രധാന കാരണം. കോടിക്കണക്കിന് രൂപയുടെ ആഡംബരച്ചെലവുകളും വിദേശയാത്രകളും മറ്റും പലപ്പോഴും ഇത്തരം സര്‍വേകളില്‍ കൃത്യമായി പ്രതിഫലിക്കാറില്ല. ഇത് സ്വാഭാവികമായും അതിസമ്പന്നരുടെ ഉപഭോഗം കുറച്ചുകാണിക്കുന്നതിന് കാരണമാകുന്നു. അതുകാരണമായി, ഉപഭോഗത്തിലെ അസമത്വം കുറഞ്ഞതായി കണക്കുകള്‍ കാണിക്കുമ്പോഴും യഥാര്‍ഥത്തിലുള്ള സാമ്പത്തിക അന്തരം അതിനേക്കാള്‍ എത്രയോ വലുതാകുന്നു.

ഇനി വരുമാനവും സമ്പത്തും അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളിലേക്ക് വരാം. വേള്‍ഡ് ഇനിക്വാലിറ്റി ഡാറ്റാബേസിന്റെ (ഡബ്ല്യു ഐ ഡി) പുതിയ റിപോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ സാമ്പത്തിക അസമത്വം അതീവ ഗുരുതരമായ അവസ്ഥയിലാണ്. 2022-23 കാലയളവിലെ വരുമാന അസമത്വം അളക്കുന്ന ഗിനി സൂചിക 0.61 എന്ന റെക്കോര്‍ഡ് നിലയിലാണ്. 2000ത്തില്‍ ഇത് 0.47 ആയിരുന്നു എന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വര്‍ധനയുടെ ഗൗരവം വ്യക്തമാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണിത്.

വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സമ്പത്തിന്റെ വിതരണത്തിലും ഈ അന്തരം അതിരൂക്ഷമാണ്. 2023ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ സമ്പത്തിന്റെ ഗിനി സൂചിക 0.75 ആണ്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

ഡബ്ല്യു ഐ ഡിയുടെ റിപോര്‍ട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ജനത ദേശീയ വരുമാനത്തിന്റെ 22.6 ശതമാനവും രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1 ശതമാനവും കൈയടക്കിയിരിക്കുന്നു. ഈ കണക്കുകള്‍ ഇന്ത്യയെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ലോകത്ത് ഏറ്റവും ഉയര്‍ന്ന അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുകയാണ്.

ഇന്ത്യയുടെ സമ്പത്തിന്റെ സിംഹഭാഗവും വളരെ ചെറിയൊരു വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളിലേക്കും എത്തുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. കോര്‍പറേറ്റ് ലോകത്തെ ഭീമമായ ലാഭം, ഉയര്‍ന്ന വരുമാനക്കാരായ പ്രൊഫഷനലുകളുടെ വളര്‍ച്ച, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് തുടങ്ങിയ ഘടകങ്ങള്‍ സമ്പന്നരെ കൂടുതല്‍ ധനികരാക്കി. എന്നാല്‍, ഗ്രാമീണ, അസംഘടിത മേഖലകളില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. ഈ അന്തരം ദിനംപ്രതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. വര്‍ധിച്ചുവരുന്ന ഈ സാമ്പത്തിക അന്തരം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ അടിസ്ഥാനപരമായ മേഖലകളിലെ അവസരങ്ങള്‍ സാധാരണക്കാര്‍ക്ക് ഇതിലൂടെ നിഷേധിക്കപ്പെടുകയാണ്. മികച്ച വിദ്യാഭ്യാസവും ചികിത്സയും നേടാന്‍ സമ്പന്നര്‍ക്ക് സാധിക്കുമ്പോള്‍, പാവപ്പെട്ടവര്‍ക്ക് അത് അപ്രാപ്യമായി മാറുന്നു. ഇത് തലമുറകളെ ദാരിദ്ര്യത്തില്‍ തളച്ചിടുകയും സാമൂഹികമായി മുന്നേറാനുള്ള അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ, സമ്പത്ത് ഒരു ചെറിയ വിഭാഗത്തില്‍ ഒതുങ്ങുന്നത് രാജ്യത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക ശക്തിയെയും സ്വാധീനിക്കുന്നുണ്ട്. ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുകയും നയരൂപവത്കരണങ്ങളില്‍ സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കാതെ പോകുന്നതിന് കാരണമാകുകയും ചെയ്യും. ഭാവിയില്‍ ഇത് വലിയ സാമൂഹിക അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചേക്കാം.

 

---- facebook comment plugin here -----

Latest