Connect with us

Health

വയോജനങ്ങള്‍ക്ക് വേണ്ടതെന്താണ്?

ജൂണ്‍ 15 വയോജന ദുരുപയോഗ വിരുദ്ധദിനം

Published

|

Last Updated

വാര്‍ദ്ധക്യവും ഒരു ഋതുവാണ്. ഇലകൊഴിയുന്നതുപോലെ, പൂക്കള്‍ വാടുന്നതുപോലെ, മനുഷ്യജീവിതത്തിന്‍റെ ആദി മദ്ധ്യാന്തങ്ങളില്‍ നിന്നുള്ള മടക്കയാത്ര. ആയുസ്സ് മുഴുവന്‍ അദ്ധ്വാനിച്ച് ശരീരവും മനസ്സും‌ ക്ഷീണിച്ച് വിശ്രമജീവിതം നയിക്കുന്നവരാണ് പലരും. ശാസ്ത്രം പുരോഗമിക്കുകയും രോഗനിര്‍ണ്ണയവും പ്രതിരോധ ചികിത്സയും മാരകരോഗങ്ങള്‍ക്കുള്ള ചികിത്സകളും വ്യാപകമായി ലഭ്യമാവുകയും ചെയ്യുന്ന ഈ നൂറ്റാണ്ടില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ ലോക ജനസംഖ്യയുടെ 12.3 ശതമാനം അറുപതിനു വയസ്സിനു മുകളിലുള്ളവരാണ്. ഈ കാരണംകൊണ്ടുതന്നെ സമൂഹത്തിന്‍റേയും ഭരണകൂടങ്ങളുടേയും സവിശേഷ പരിഗണന അര്‍ഹിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ
ലോകത്തെ പ്രധാന വിഷയങ്ങളിലൊന്നായി മാറുന്നു ,

വയോജനങ്ങള്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഏകാന്തത, കൊവിഡ് പോലുള്ള പകര്‍ച്ചവ്യാധിക്കാലങ്ങളില്‍ അവരനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന പ്രാധാന്യത്തോടെ പരിഗണിക്കുന്നു. ജൂണ്‍ 15 വയോജന ദുരുപയോഗവിരുദ്ധദിനമായി ആചരിക്കുന്നതിന്‍റെ പ്രസക്തി അതാണ്. പ്രായമായവരുടെ മാനസിക ശാരീരികനില പ്രത്യകമായി പരിഗണിച്ചുകൊണ്ട് അവരെ പരിചരിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കുന്നതിന് അംഗരാജ്യങ്ങളോട് WHO ആവശ്യപ്പെടുന്നുണ്ട്. ഒപ്പം വയോജനങ്ങളെ ദുരുപയോഗം ചെയ്യുന്നില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനും സംഘടന ആഹ്വാനം ചെയ്യുന്നു.

മുതിര്‍ന്ന പൗരന്മാര്‍ എന്ന പരിഗണനയില്‍, വയോജനങ്ങള്‍ക്കായി സര്‍ക്കാറുകള്‍ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യം , ഗതാഗതം , സമ്മതിദാനം പോലുള്ള സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളില്‍ ക്യൂ നില്‍ക്കാതെ തന്നെ പങ്കെടുക്കാം. ഏതുതരം നിക്ഷേപങ്ങളിലും ആദായനികുതിയില്‍ പ്രത്യേക ഇളവുകള്‍ , ദരിദ്രരായവര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി പലതും.

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടത് സ്വന്തം മക്കളുടേയും ബന്ധുക്കളുടേയും പരിഗണനയും സ്നേഹവും തന്നെയാണ്. അത് ഒരിക്കൽ കൂടി ഓര്‍മ്മപ്പെടുത്തുന്നു ഈ ദിനം.

Latest