Connect with us

അതിഥി വായന

വയനാടൻ ചില്ലുകൊട്ടാരങ്ങൾ

Published

|

Last Updated

വയനാടിന്റെ കുടിയേറ്റ ചരിത്രവും മുസ്‌ലിം സാമുദായിക പരിസരവും കാടും കാട്ടുജീവികളുമായി മല്ലിടേണ്ടിവരുന്ന വയനാടൻ ജനതയുടെ സാമൂഹിക ജീവിതവും സമഗ്രമായി ചർച്ചചെയ്യുന്ന നോവലാണ് വി മുഹമ്മദ് കോയയുടെ ചില്ലുകൊട്ടാരങ്ങൾ. കോഴിക്കോട് ജില്ലയിലെ ആരാമപുരം എന്ന പ്രദേശത്തുനിന്ന് വനമേഖലയായ പുൽപ്പള്ളിയിലേക്ക് മദ്രസാധ്യാപകനും പള്ളി ഇമാമുമായി എത്തിച്ചേർന്ന റഷീദ് എന്ന ചെറുപ്പക്കാരന്റെ വീക്ഷണകോണിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഇന്നലെകളിലെ വയനാടിന്റെ അസഹനീയമായ തണുപ്പും വന്യമൃഗശല്യവും തൊഴിൽതേടി ചുരംകയറുന്നവരുടെ ജീവിതധൈന്യതയുമെല്ലാം നോവലിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അധിനിവേശങ്ങളുടെ ഇരകളാക്കപ്പെടുന്ന പട്ടിണിപ്പാവങ്ങളായ ആദിവാസികളുടെ ജീവിത പ്രതിസന്ധികളും അവിവാഹിതരായ അമ്മമാരുടെയും അനാഥബാല്യങ്ങളുടെയും നെടുവീർപ്പുകളും നോവലിസ്റ്റ് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.
പതിറ്റാണ്ടുകൾക്കുമുമ്പ് ചുരംകയറിയ പൂർവികരുടെ പിൻതലമുറയാണ് ഇന്ന് വയനാട്ടിലുള്ളത്.

ചുരമിറങ്ങി തങ്ങളുടെ പൂർവികരുടെ ഓർമകളുറങ്ങുന്ന പ്രദേശങ്ങളിലേക്ക് പോകുന്നതിന് നാട്ടിലേക്ക് പോകുക എന്നാണ് വയനാട്ടുകാർ പറയാറുള്ളത്. ഏതാനും ചില ആദിവാസികളെ മാറ്റിനിർത്തിയാൽ ചില്ലുകൊട്ടാരങ്ങളിലെ കഥാപാത്രങ്ങളത്രയും തൊഴിൽ തേടി ചുരംകയറിയവരാണ്. മിക്കവരുടെയും കുടുംബവേരുകൾ പരന്നുകിടക്കുന്നത് കോഴിക്കോടോ കണ്ണൂരോ തിരുവിതാംകൂറോ ആണ്.

വറുതിയുടെ ഇന്നലെകളെ സംബന്ധിച്ച് പ്രായംചെന്ന വയനാട്ടുകാർക്ക് ഒത്തിരി പറയാനുണ്ട്. ചില്ലുകൊട്ടാരങ്ങളിലെ ഉസ്മാൻ ഹാജിയെപ്പോലെയുള്ള ഏതെങ്കിലും ചില പ്രമാണിമാരുടെ കാരുണ്യത്താൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയിരുന്നവരാണ് ഇന്നലെകളിൽ ഇവിടെ ജീവിച്ച് മൺമറഞ്ഞവർ. ഇത്തരം ചില നല്ല മനുഷ്യരാണ് വയനാട്ടിൽ കലാലയങ്ങളും ആതുരാലയങ്ങളും പണിത് ചെറുതായെങ്കിലും സാമൂഹിക നവോത്ഥാനം സാധ്യമാക്കിയത്.

പി വത്സലയുടെ കാവലിലും എസ് കെ പൊറ്റക്കാട്ടിന്റെ വിഷകന്യകയിലും ഉറൂബിന്റെ ഉമ്മാച്ചുവിലും എം ടിയുടെ നാലുകെട്ടിലുമെല്ലാം വയനാടിന്റെ കാർഷിക- ഭൂമിശാസ്ത്ര സവിശേഷതകൾ ചർച്ചചെയ്യുന്നത് മാറ്റിനിർത്തിയാൽ മലയാള സാഹിത്യത്തിൽ വയനാട് ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല. നോവൽരംഗത്തെ പൊതുബോധത്തെ തിരുത്തിക്കുറിക്കുംവിധം പരിസ്ഥിതിയിലും സമൂഹത്തിലും ക്രിയാത്മകമായി ഇടപെടുന്ന ഒരു മദ്രസാധ്യാപകനിലൂടെ വയനാടിനെ വരച്ചുകാട്ടുകവഴി നോവൽസാഹിത്യരംഗത്ത് വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ വി മുഹമ്മദ് കോയക്ക് സാധിച്ചു എന്നുപറയാം. മുഖ്യധാരാ സാഹിത്യത്തിൽനിന്ന് അപരവത്കരിക്കപ്പെടുന്ന ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടുകൂടിയാണ് ചില്ലുകൊട്ടാരങ്ങൾ പ്രസക്തിയർഹിക്കുന്നത്.

വയനാടിനു പുറമേ കോഴിക്കോട് ജില്ലയിലെ പൂനൂർ പുഴയുടെ സമീപത്തെ ചില പ്രദേശങ്ങളും പുതുപ്പാടിയും അടിവാരവും ചുരത്തിലെ ആറാംവളവുമെല്ലാം നോവലിൽ കടന്നുവരുന്നുണ്ട്. അത്തർ കച്ചവടക്കാരനായ ഹസൻബായിയിലൂടെ കേരള-കർണാടക വ്യാപാരബന്ധത്തിന്റെ പൈതൃകംകൂടി നോവലിസ്റ്റ് പറഞ്ഞുവെക്കുന്നുണ്ട്. വയനാടൻ ഭൂതകാലത്തിന്റെ ചരിത്രവും പൈതൃകവും പകർത്തിവെക്കുന്നതിൽ പൂർണമായും വിജയംവരിച്ച നോവലാണ് ചില്ലുകൊട്ടാരങ്ങൾ എന്ന് തീർത്തുപറയാം. 192 പേജുകളുള്ള ഈ നോവൽ പൂങ്കാവനം ബുക്സാണ് പ്രസിദ്ധീകരിച്ചത്. 110 രൂപയാണ് വില.

റുമൈസ് ഗസ്സാലി കെല്ലൂർ

Latest