Connect with us

Editorial

വഖ്ഫ്: ഹിഡന്‍ അജന്‍ഡ നടപ്പാക്കി യോഗി സര്‍ക്കാര്‍

സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളേറെയും അനധികൃതമെന്ന് ആരോപിച്ച് അവ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ നിലവിലുള്ള 1.30 ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളില്‍ 2,963 എണ്ണം മാത്രമാണത്രെ സംസ്ഥാന റവന്യൂ വകുപ്പിന്റെ രേഖ പ്രകാരമുള്ള വഖ്ഫ് സ്വത്തുക്കള്‍.

Published

|

Last Updated

മോദി സര്‍ക്കാര്‍ തിരക്കിട്ട് വഖ്ഫ് ഭേദഗതി ബില്ല് പാസ്സാക്കിയതിനു പിന്നിലെ ഹിഡന്‍ അജന്‍ഡയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഉത്തര്‍ പ്രദേശിലെ ബി ജെ പി സര്‍ക്കാറിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളേറെയും അനധികൃതമെന്ന് ആരോപിച്ച് അവ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ നിലവിലുള്ള 1.30 ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളില്‍ 2,963 എണ്ണം മാത്രമാണത്രെ സംസ്ഥാന റവന്യൂ വകുപ്പിന്റെ രേഖ പ്രകാരമുള്ള വഖ്ഫ് സ്വത്തുക്കള്‍. ബാക്കിയെല്ലാം സര്‍ക്കാര്‍ഭൂമി കൈയേറ്റം ചെയ്തതാണെന്നാണ് സര്‍ക്കാര്‍ വാദം. യോഗി സര്‍ക്കാറില്‍ നിന്ന് ഇത്തരമൊരു നീക്കം തങ്ങള്‍ നേരത്തേ പ്രതീക്ഷിച്ചതാണെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് ഫഖ്‌റുല്‍ ഹസന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.

രാജ്യത്ത് വഖ്ഫ് സ്വത്തുക്കളുടെ പിന്‍ബലത്തിലാണ് ആയിരക്കണക്കിനു പള്ളികളും മദ്‌റസകളും ഇതര ഇസ്‌ലാമിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും അവയുടെ നടത്തിപ്പിനുമായി സഹൃദയരായ മുസ്‌ലിം സഹോദരന്മാര്‍ ദാനം ചെയ്തതാണ് വഖ്ഫ് സ്വത്തുക്കളത്രയും. ഇവ നഷ്ടമായാല്‍ സ്ഥാപന നടത്തിപ്പ് അവതാളത്തിലാകുകയും രാജ്യത്ത് മുസ്‌ലിംകളുടെ മതപരമായ, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുകയും ചെയ്യും. ഇതാണ് പ്രധാനമായും വഖ്ഫ് ഭേദഗതി നിയമത്തിലൂടെ ബി ജെ പിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. മുസ്‌ലിം ഉന്മൂലനത്തിന്റെ വളഞ്ഞ വഴിയാണിത്.
വഖ്ഫിന്റെ പേരിലുള്ള അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ക്ഷേത്ര സ്വത്തുക്കളുടെയും ക്രിസ്ത്യന്‍ സഭകളുടെ കൈവശമുള്ള അനധികൃത സ്വത്തുക്കളുടെയും കാര്യത്തില്‍ സമാനമായ നിയമ നിര്‍മാണം ആവശ്യമാണ്. സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈയേറി സ്ഥാപിച്ച ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് രാജ്യത്തെമ്പാടും. ഇതുസംബന്ധിച്ച് നിരവധി കേസുകള്‍ കോടതികളിലെത്തിയിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ മദ്രാസില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനു എതിര്‍വശത്തെ പാളയത്തമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അത് പൊളിച്ചു നീക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. “ദൈവിക സാന്നിധ്യത്തിന് ഒരു പ്രത്യേക സ്ഥലം ആവശ്യമില്ല. പൊതുസ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെ’ന്നാണ് വിധിപ്രസ്താവത്തില്‍ ജസ്റ്റിസുമാരായ എം വേണുഗോപാലും എസ് വൈദ്യനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞത്. തമിഴ്‌നാട് കിഴക്കോട്ടൈ ശ്രീവിനായക ക്ഷേത്രം, മുത്തംപെട്ടി ശ്രീവിനായക ക്ഷേത്രം, മൊട്ടേക്കോട്ടൈ ക്ഷേത്രം, മാരിയമ്മന്‍ ഭഗവതി ക്ഷേത്രങ്ങള്‍ എന്നിവയോടനുബന്ധിച്ച് ക്ഷേത്രകമ്മിറ്റികള്‍ കൈയടക്കി വെച്ച ഏക്കര്‍ കണക്കിന് ഭൂമി സര്‍ക്കാര്‍ സ്വത്താണെന്ന് 2005 ഒക്ടോബര്‍ 26ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി.

ബാബാ യോഗി ചൈതന്യ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ കഴിഞ്ഞ വര്‍ഷം ക്ഷേത്രം നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണ്. പരിസ്ഥിതി ലോലപ്രദേശമായ ഇവിടം കെട്ടിട നിര്‍മാണങ്ങള്‍ക്ക് വിലക്കുണ്ട്. അത് അവഗണിച്ച്, ദേവി സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് ക്ഷേത്രം നിര്‍മിക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന അവകാശവാദത്തോടെയാണ് ബാബാ യോഗി ക്ഷേത്രം പണിതത്. രാജ്യത്ത് പല ആള്‍ദൈവങ്ങളും ഇവ്വിധം പൊതുഭൂമി കൈയേറി നിര്‍മിതികള്‍ നടത്തിയിട്ടുണ്ട്.
കൊച്ചി പഞ്ചാലിമേട്ടിലെ ക്ഷേത്രവും അതോടനുബന്ധിച്ച ഏക്കര്‍ കണക്കിന് ഭൂമിയും ക്ഷേത്രം വകയാണെന്ന അവകാശവുമായി കൊച്ചി ദേവസ്വം ബോര്‍ഡ് രംഗത്തുവന്നിരുന്നു. എന്നാല്‍ ശരിയായ റവന്യൂ രേഖകള്‍ പ്രകാരം ഈ ഭൂമി ഒരു കുടുംബത്തിന്റേതാണെന്നും 1976ല്‍ മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുത്ത ഈ ഭൂമിക്ക് ക്ഷേത്രവുമായി ഒരു ബന്ധവുമില്ല, ദേവസ്വം ബോര്‍ഡിന് ഒരു അധികാരവുമില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ 4.47 ലക്ഷം ഏക്കറും ആന്ധ്രയില്‍ 4.65 ലക്ഷം ഏക്കറും തെലങ്കാനയില്‍ 87,000 ഏക്കറും ഭൂമി ക്ഷേത്രങ്ങള്‍ക്ക് കീഴിലായുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് എം പിയുമായ കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചത്. റവന്യൂ രേഖ പ്രകാരം ഇവയില്‍ എത്ര ഏക്കര്‍ ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ടതുണ്ടെന്ന് പരിശോധന നടത്തിയാല്‍ ബഹുഭൂരിഭാഗവും സര്‍ക്കാറിലേക്ക് കണ്ടുകെട്ടേണ്ടി വരും. 2017ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ടനുസരിച്ച് കേരളത്തിലെ 769 ആരാധനാലയങ്ങള്‍ പൊതുസ്ഥലം കൈയേറി നിര്‍മിച്ചതാണ്. ഇതില്‍ ബഹുഭൂരിഭാഗവും ഹൈന്ദവ നിര്‍മിതികളാണ്.

ക്രിസ്തീയ വിഭാഗം നടത്തിയ കൈയേറ്റങ്ങളുമുണ്ട് ധാരാളം. ഇടുക്കി പപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് വന്‍ വിവാദമായതാണ്. ഈ അനധികൃത നിര്‍മാണം റവന്യൂ വിഭാഗം പൊളിച്ചു നീക്കിയെങ്കിലും താമസിയാതെ അവിടെ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടു. ഇടുക്കിയിലെ തന്നെ പരുന്തുംപാറയിലും സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചിരുന്നു. ഗ്രേസ് കമ്മ്യൂണിറ്റി ഗ്ലോബല്‍ എന്ന ക്രൈസ്തവ സംഘടനയുടെ നേതാവാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. 3.1 ഏക്കര്‍ കൈയേറി അയാള്‍ സ്ഥാപിച്ച റിസോര്‍ട്ട്, അധികൃതര്‍ പൊളിക്കാതിരിക്കാനാണ് ഈ കൃത്യം ചെയ്തത്. ശബരിമലക്കടുത്ത് നിലക്കല്‍ മഹാദേവക്ഷേത്രത്തിനു സമീപം കുരിശ് സ്ഥാപിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ്. കേരളത്തിലുടനീളമുണ്ട് കുരിശുകളടക്കം ഇത്തരം അനധികൃത ക്രൈസ്തവ നിര്‍മാണങ്ങള്‍. ഏറെ താമസിയാതെ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട സ്വത്തുക്കളിലും കേന്ദ്രസര്‍ക്കാര്‍ കൈവെച്ചേക്കാം. സവര്‍ക്കറുടെ ഹിറ്റ്‌ലിസ്റ്റില്‍ മുസ്‌ലിംകള്‍ക്ക് തൊട്ടുപിറകെ വരുന്നത് ക്രിസ്ത്യാനികളാണല്ലോ. എന്നാല്‍ ദേവസ്വങ്ങളും ക്ഷേത്ര കമ്മിറ്റികളും അനധികൃതമായി കൈയേറിയ സ്വത്തുക്കള്‍ സുരക്ഷിതമായിരിക്കും മോദി-അമിത് ഷാ ഭരണത്തില്‍.

Latest