Connect with us

Articles

സമാധാനം ആഗ്രഹിക്കുന്നു; ഫലസ്തീനികള്‍ക്കത് കിട്ടും

ലോകത്തിലെ മറ്റേതൊരു ജനവിഭാഗത്തെയും പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മറ്റേതു കുട്ടികളെയും പോലെ ജീവിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്കും അവകാശമുണ്ട്. ഈ അധിനിവേശത്തിനെതിരെ നടപടിയെടുക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു.

Published

|

Last Updated

ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബുല്‍ ഹൈജയുമായി സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. (ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

? ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്
ഫലസ്തീനികളുടെ ഹൃദയത്തില്‍ ഇന്ത്യക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി എല്‍ ഒ) അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാഷ്ട്രമാണ് ഇന്ത്യ. ഞങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങള്‍ സ്ഥിരമായി ഇന്ത്യയുടെ പിന്തുണയെ ആശ്രയിക്കുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങളില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ലഭിച്ചു. ഇന്ത്യയുടെ ഈ തുടര്‍ച്ചയായ പിന്തുണ നമ്മുടെ ലക്ഷ്യത്തിന് നിര്‍ണായകമാണ്.

? ഈ സാഹചര്യങ്ങളില്‍ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. സൈനികമായ പരിഹാരം ഈ വിഷയത്തിലില്ല. ശക്തമായ ഒരു നയതന്ത്ര സമ്മര്‍ദം എന്നതും വിജയിക്കുന്നില്ല. ഈ സ്ഥിതിയില്‍ ഇസ്റാഈലിനെ ബഹിഷ്‌കരിക്കാനും ഉപരോധിക്കാനും ആഹ്വാനം ചെയ്ത് ബി ഡി എസ് മൂവ്മെന്റുകള്‍ പല ഭാഗങ്ങളിലും ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം.
ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ബി ഡി എസ് സംഘടന സ്ഥാപിക്കുന്നത്. അതിന് ഞാന്‍ അവരെ നന്ദി അറിയിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ബി ഡി എസ് സംഘടന സ്ഥാപിച്ചത് ശ്ലാഘനീയമാണ്. മൊസാംബിക് സന്ദര്‍ശിച്ച സമയത്ത് പല സമയങ്ങളിലും ബി ഡി എസ് അംഗങ്ങളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഒരു പത്ത് ശതമാനം പോലും മറ്റേതെങ്കിലും രാജ്യം ചെയ്താല്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.

ഇസ്റാഈലിനെ തീര്‍ച്ചയായും ഉപരോധിക്കണം. കാരണം ഇസ്റാഈല്‍ ഒരു ക്രിമിനല്‍ ഭരണകൂടമാണ്. ഇസ്റാഈല്‍ ഒരു സാധാരണ രാജ്യമല്ല. അത് ഒരു സൈനിക താവളമാണ്. അതിന് ചുറ്റും ഒരു രാജ്യം ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ഈ സൈനിക താവളം നിലനിര്‍ത്തുന്നതില്‍ അമേരിക്കക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. അതിനാലാണ് ഒക്ടോബര്‍ ഏഴിന് ആക്രമണം ഉണ്ടായപ്പോള്‍ തങ്ങളുടെ സൈനിക താവളം അപകടത്തിലാണെന്ന് മനസ്സിലാക്കി യു എസ് പ്രസിഡന്റ് ബൈഡന്‍ ഉള്‍പ്പെടെ സഹായത്തിനായി ഓടിയെത്തിയത്.

? ഇന്ത്യയില്‍ ഒരു ബി ഡി എസ് മൂവ്മെന്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ
ഇന്ത്യയില്‍ അങ്ങനെ ഒരു മൂവ്മെന്റ് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യു എസില്‍ ഈ സംഘടന സജീവ സാന്നിധ്യമാണ്. ഇന്ത്യയിലെ ബി ഡി എസിന്റെ ചുമതലയുള്ള ലേഡിയെ ഞാന്‍ നേരിട്ട് കണ്ടിരുന്നു. അവരുമായി വീണ്ടും കൂടിക്കാഴ്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ കൂടുതല്‍ ഇടപെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

? സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, ഫലസ്തീനിലെ സിവിലിയന്മാരെ, പ്രത്യേകിച്ച് കുട്ടികളെ അക്രമത്തില്‍ നിന്നും കുടിയിറക്കലില്‍ നിന്നും സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നത്? ഗസ്സയില്‍ ഏകദേശം 13,000 കുട്ടികള്‍ കൊല്ലപ്പെട്ടതായി നമുക്കറിയാം. ഇത് അങ്ങേയറ്റം ഹൃദയഭേദകമാണ്
അന്താരാഷ്ട്ര സമൂഹം, കേവലം വാക്കുകള്‍ക്കപ്പുറത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഐക്യരാഷ്ട്ര സഭയില്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ ഇസ്റാഈല്‍ നടപ്പാക്കണം. ഈ യുദ്ധ സാഹചര്യത്തിന് മുമ്പും പലതവണ ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിരന്തര അഭ്യര്‍ഥന നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്കെതിരെ ഇസ്റാഈല്‍ വളരെക്കാലമായി ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ ക്രൂരതകള്‍ തടയുന്നതിനും ക്രിമിനല്‍ ഭരണകൂടത്തിനെ ഉപരോധിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടത് അനിവാര്യമാണ്.

? അന്താരാഷ്ട്ര സമൂഹത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്
തീര്‍ച്ചയായും. അവര്‍ അത് ചെയ്യണം. മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ഇസ്റാഈലിനെ സംരക്ഷിക്കുന്ന അമേരിക്കയില്‍ നിന്ന് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആരംഭിക്കണം. ആഫ്രിക്ക, ഏഷ്യ, കിഴക്കന്‍ ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇസ്റാഈലിന്റെ കുറ്റകൃത്യങ്ങളെ അപലപിക്കുകയും ചെയ്യുമ്പോള്‍, ഇസ്റാഈല്‍ അമേരിക്കയിലും ചില പാശ്ചാത്യ രാജ്യങ്ങളിലും ശക്തമായ പ്രതിരോധം കണ്ടെത്തുകയാണ് ചെയ്യുന്നത്.

? ആഭ്യന്തരമായും അന്തര്‍ദേശീയമായും ഫലസ്തീന്‍ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അടിസ്ഥാന പ്രസ്ഥാനങ്ങളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പങ്കിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും യൂനിവേഴ്സിറ്റി ക്യാമ്പസുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതീക്ഷയുണ്ടോ
സയണിസ്റ്റുകള്‍ ചരിത്രപരമായി മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ, ഭാഗ്യകരമായ ഒരു മാറ്റം സംഭവിച്ചു. ഫലസ്തീനിലെയും മറ്റ് രാജ്യങ്ങളിലെയും ആളുകള്‍ക്ക് അവരുടെ ന്യായമായ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു വേദി ലഭിച്ചു.

? സോഷ്യല്‍ മീഡിയയുടെ വരവോടെ ഒരു മാധ്യമത്തിനും ഒന്നും മറച്ചുവെക്കാന്‍ സാധിക്കാത്ത നില വന്നു അല്ലേ
അതെ. സത്യങ്ങളും കുറ്റകൃത്യങ്ങളും മറച്ചുവെക്കാനോ വളച്ചൊടിക്കാനോ ഉള്ള പരമ്പരാഗത മാധ്യമങ്ങളുടെ കഴിവ് സോഷ്യല്‍ മീഡിയ ഇല്ലാതാക്കി. സോഷ്യല്‍ മീഡിയയുടെ സര്‍വ വ്യാപനത്തോടൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനും പങ്കിടാനും ഒരു മൊബൈല്‍ ഫോണ്‍ മതിയെന്ന സ്ഥിതിയുമുണ്ടായി. യുവാക്കളുടെ സജീവമായ ഇടപെടല്‍ ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായകമാണ്. മുഖ്യധാരാ മാധ്യമങ്ങളെ അവരുടെ വിവരണങ്ങളില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഇതുവഴി സാധിക്കുന്നു. വിയറ്റ്‌നാം യുദ്ധത്തിനെതിരെ കൊളംബിയന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളും അമേരിക്കയിലെ 80ലധികം സര്‍വകലാശാലകളില്‍ നടന്ന വ്യാപകമായ പ്രകടനങ്ങളും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിലും സ്‌കോട്്‌ലന്‍ഡിലെ നിരവധി സര്‍വകലാശാലകളിലും എല്ലാം നടന്ന പ്രതിഷേധങ്ങളും ഇത് ഓര്‍മിപ്പിക്കുന്നു.
വിദ്യാര്‍ഥി ആക്ടിവിസത്തില്‍ ആഴത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാളാണ് ഞാന്‍. ഞാന്‍ മുമ്പ് ലെബനാനിലെ ഫലസ്തീന്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റും ഫലസ്തീന്‍ വിദ്യാര്‍ഥികളുടെ ജനറല്‍ യൂനിയന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. അതുകൊണ്ട് ഈ സമരങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു.

? അവസാനമായി ഒരു കാര്യം കൂടി. ഫലസ്തീനിന്റെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? അത് കൈവരിക്കുന്നതിന് എന്ത് നടപടികളാണ് ആവശ്യമെന്നാണ് നിങ്ങള്‍ കരുതുന്നത്
ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ വന്നത് മുതല്‍ ഒരു നൂറ്റാണ്ടിലേറെയായി ഫലസ്തീനികള്‍ പോരാട്ടത്തിലാണ്. ഞങ്ങള്‍ ആദ്യം ബ്രിട്ടീഷുകാര്‍ക്കെതിരെയും പിന്നീട് സയണിസ്റ്റുകള്‍ക്കെതിരെയും പോരാടുകയാണ്. ഫലസ്തീനികള്‍ അവരുടെ അവകാശം നേടുന്നതു വരെ അവരുടെ പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ല. അവര്‍ അവസാനിച്ചുവെന്ന് ആരെങ്കിലും വിചാരിക്കുന്ന ഘട്ടത്തില്‍, ഒരു വെള്ളക്കൊടിയുമായി അവര്‍ ഉദിച്ചുയരും. അവര്‍ (ഇസ്റാഈല്‍) വെറുതെ സ്വപ്നം കാണുകയാണ്. ഫലസ്തീനികളുടെ സ്വഭാവം അവര്‍ക്ക് (ഇസ്റാഈലിന്) അറിയില്ല.

ഫലസ്തീന്‍ ജനത, അതെ ഞങ്ങള്‍ വേദന അനുഭവിക്കുന്ന ജനതയാണ്. അവകാശം നേടിയെടുക്കാന്‍ ശഠിക്കുന്ന ഒരു ജനതയാണ്. ലോകത്തിലെ മറ്റേതൊരു ജനവിഭാഗത്തെയും പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ലോകത്തിലെ മറ്റേതു കുട്ടികളെയും പോലെ ജീവിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്കും അവകാശമുണ്ട്. ഈ അധിനിവേശത്തിനെതിരെ നടപടിയെടുക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രദേശത്ത് ഈ യുദ്ധം വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. അവസാനം നമുക്ക് അത് ലഭിക്കും. ഇന്‍ശാ അല്ലാഹ്.

 

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest