Connect with us

Articles

ഞങ്ങള്‍ അനുഭവിക്കുന്നത് ലോകമറിയണം

ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബുല്‍ ഹൈജയുമായി സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് നടത്തിയ അഭിമുഖം.

Published

|

Last Updated

സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഫലസ്തീന്‍ ജനത. പിറന്ന മണ്ണിന് വേണ്ടി ആ ജനത നടത്തുന്ന തുല്യതയില്ലാത്ത പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിസ്സഹായരും നിരായുധരുമായ ആ മനുഷ്യര്‍ക്ക് മേല്‍, അവരുടെ കുരുന്നു മക്കള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ എന്ന സയണിസ്റ്റ് രാഷ്ട്രം സംഹാരതാണ്ഡവം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ മരിച്ചത് 35,000ത്തോളം ആളുകള്‍. അതില്‍ നല്ലൊരു ശതമാനവും കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍. ഗസ്സയില്‍ തുടങ്ങിയ അധിനിവേശം, ആ നഗരത്തെ ശ്മശാനഭൂമിയാക്കി ഇപ്പോള്‍ റഫയിലെത്തി നില്‍ക്കുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബുല്‍ ഹൈജയുമായി അല്‍പ്പനേരം സംവദിച്ചു. കോഴിക്കോട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം സിറാജ് ലൈവിന് പ്രത്യേക അഭിമുഖം അനുവദിച്ചത്. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനയുടെയും നിസ്സഹായതയുടെയും ഉള്ളുനീറുന്ന അനുഭവങ്ങള്‍ അദ്ദേഹം നിരത്തി.

? ആദ്യം ഞാന്‍ മറ്റൊരു കാര്യമാണ് ചോദിക്കുന്നത്. താങ്കള്‍ ഇപ്പോള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവിടെ എത്തിയത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അംബാസഡറാണ് കാന്തപുരം. എങ്ങനെയുണ്ടായിരുന്നു കൂടിക്കാഴ്ച.
ഫലസ്തീന്‍ അംബാസഡര്‍ എന്ന നിലയിലാണ് ഞാന്‍ ഇന്ത്യയില്‍ നില്‍ക്കുന്നത്. ഇന്ത്യ എനിക്ക് രണ്ടാമത്തെ വീടാണ്. കേരളത്തിലേക്ക് വരുമ്പോള്‍, കേരളം എന്റെ വീടായി തന്നെ അനുഭവപ്പെടുന്നു. കേരളം സന്ദര്‍ശിക്കുമ്പോള്‍ ശൈഖ് അബൂബക്കര്‍ എന്ന മഹാനായ മനുഷ്യനെ കാണുക എന്നത് എന്നെ സംബന്ധിച്ച് അതീവ പ്രധാനമാണ്. ശരിയായ മനോഭാവവും മാനുഷികതയും ഉള്ള ഒരു യഥാര്‍ഥ മനുഷ്യനാണ് അദ്ദേഹം. ഇസ്‌റാഈല്‍ കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹം എതിരാണ്. എപ്പോഴും മാനുഷിക പക്ഷത്ത് നിന്നാണ് അദ്ദേഹം സംസാരിക്കുന്നത്. ഫലസ്തീനില്‍ എന്താണ് നടക്കുന്നതെന്നും ഫലസ്തീന്‍ ജനത ഈ അധിനിവേശത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ കാണുന്നതും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും എനിക്ക് വളരെ പ്രധാനമാണ്.

? നമുക്ക് വിഷയത്തിലേക്ക് വരാം. ഗസ്സയില്‍ നിന്നുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി ഞങ്ങള്‍ അറിയുന്നുണ്ട്. എന്നാല്‍ അതില്‍ പലതും മുന്‍വിധികളോടെയുള്ളതാകാനും തെറ്റാകാനും സാധ്യത ഏറെയാണ്. ഇപ്പോള്‍ താങ്കളുമായി സംസാരിക്കാന്‍ കഴിഞ്ഞത് മികച്ച അവസരമായി കാണുന്നു. ഫലസ്തീനില്‍ നിന്നുള്ള ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങള്‍ താങ്കള്‍ക്ക് നല്‍കാനാകുമല്ലോ. എന്താണ് നിലവില്‍ അവിടുത്തെ മാനുഷിക പ്രതിസന്ധി, പ്രത്യേകിച്ചും, ഗസ്സ, വെസ്റ്റ് ബാങ്ക്, റഫ തുടങ്ങിയ സ്ഥലങ്ങളില്‍.

ഇസ്‌റാഈല്‍ എന്ന ശത്രുവില്‍ നിന്ന് ഫലസ്തീന്‍ ജനത നേരിടുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ഒക്ടോബര്‍ ഏഴ് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഗസ്സയില്‍ മാത്രം നമ്മള്‍ കണ്ടത് മുവ്വായിരത്തിലധികം കൂട്ടക്കൊലകളാണ്. 35,000 സാധാരണക്കാരായ മനുഷ്യര്‍ കൊലചെയ്യപ്പെട്ടു. അതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളും വൃദ്ധരുമാണ്. ഒരു ഹമാസ് പോരാളിയെ അവര്‍ കൊലപ്പെടുത്തിയത് ഞങ്ങള്‍ കണ്ടിട്ടില്ല. പകരം അവര്‍ സാധാരണ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.

റെക്കോര്‍ഡ് ചെയ്യപ്പെട്ട 35,000ത്തിലധികം പേരുടെ ജീവത്യാഗത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. എന്നാല്‍ പതിനായിരത്തില്‍ അധികം പേരെ കലാപകാരികള്‍ തടങ്കലിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പോലും ഇസ്‌റാഈല്‍ സൈന്യം തയ്യാറാകുന്നില്ല. മൂന്ന് ആശുപത്രികളില്‍ ഞങ്ങള്‍ ഏഴ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടു. ഇസ്‌റാഈലികള്‍ എങ്ങനെയാണ് ഫലസ്തീനികളെ കൊന്ന് കൂട്ടക്കുഴിമാടത്തില്‍ ഇട്ടതെന്ന് ഇതില്‍ നിന്ന് വളരെ വ്യക്തമായിരുന്നു. മൃതദേഹത്തോട് പോലും അവര്‍ ഒരു ബഹുമാനവും കാണിക്കുന്നില്ല. മൃതദേഹങ്ങളില്‍ പലതും അംഗഭംഗം വരുത്തിയ സ്ഥിതിയിലായിരുന്നു. ചില മൃതദേഹങ്ങളില്‍ തൊലി പോലും ഉണ്ടായിരുന്നില്ല.

റഫയിലേക്ക് പോയാല്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. റഫയിലെ സാധാരണ ജനസംഖ്യ രണ്ട് ലക്ഷമാണ്. എന്നാല്‍ ഇന്ന് റഫയില്‍ ഒന്നര ദശലക്ഷം പേരാണ് അഭയാര്‍ഥി ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. ക്യാമ്പുകളിലെ സ്ഥിതി ദയനീയമാണ്. ഭക്ഷണമില്ല, വെള്ളമില്ല, വൈദ്യുതിയില്ല, ആശുപത്രിയും മരുന്നുമില്ല. കഴിഞ്ഞ 76 വര്‍ഷമായി തങ്ങളുടെ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന ഈ ശത്രുവില്‍ നിന്ന് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത് എന്താണെന്ന് ലോകം മനസ്സിലാക്കണം.

വെസ്റ്റ് ബാങ്കിലും സ്ഥിതി വളരെ മോശമാണ്. എല്ലാ ദിവസവും ഇസ്‌റാഈലികള്‍ ഫലസ്തീന്‍ നഗരങ്ങളും അഭയാര്‍ഥി ക്യാമ്പുകളും ആക്രമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നു. കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ് ബാങ്കിലെയും സ്റ്റോറുകള്‍ക്ക് തീവെക്കുന്നു.

? അങ്ങേയറ്റം ദയനീയമാണല്ലേ സ്ഥിതി
അതെ, ഫലസ്തീനിലെ അവസ്ഥ ഇതാണ്. ഫലസ്തീന്‍ ജനതക്ക് അവരുടെ മാതൃരാജ്യത്ത് ജീവിക്കാനുള്ള അവകാശം ഇസ്‌റാഈല്‍ തിരിച്ചറിയുന്നില്ല. യഥാര്‍ഥ ഫലസ്തീന്‍ രാജ്യത്തിന്റെ 78 ശതമാനം ഭൂമിയും കൈയടക്കി വെച്ചിരിക്കുന്നത് ഇസ്‌റാഈലാണ്. വെസ്റ്റ് ബാങ്കും ജറൂസലമും ഗസ്സയും ഉള്‍ക്കൊള്ളുന്ന 22 ശതമാനം ഭൂമി മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അത് പോലും ഞങ്ങള്‍ക്ക് വിട്ടുതരാന്‍ അവര്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, കൂട്ടക്കുരുതി തുടരുകയും ചെയ്യുന്നു.

? ഫലസ്തീന്‍ ജനതയുടെ ധീരതയെ അങ്ങ് എങ്ങനെ കാണുന്നു
അല്‍ഹംദുലില്ലാഹ്. ഫലസ്തീന്‍ ജനത വളരെയധികം ധൈര്യശാലികളാണ്. സ്വാതന്ത്ര്യത്തിനും അന്തസ്സിനും അവരുടെ ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും പ്രത്യേകിച്ച് അല്‍ അഖ്സയുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഫലസ്തീന്‍ ജനത അതിശക്തമായ പ്രതിരോധവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അവരുടെ ജീവത്യാഗത്തിന് അതിരുകളില്ല.

? ഫലസ്തീനികളുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍, നയതന്ത്ര സംരംഭങ്ങളും മെഡിക്കല്‍ സഹായങ്ങളും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഫലപ്രാപ്തി നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു

സംഘര്‍ഷ കാലത്ത് ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിലെ പുരോഗതിയില്‍ ഞങ്ങള്‍ സംതൃപ്തരാണ്. എന്നിരുന്നാലും, മാനുഷിക സഹായങ്ങള്‍ക്ക് ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം മരുന്നുകള്‍ പോലുള്ള അവശ്യ സാധനങ്ങള്‍ ഇപ്പോഴും ഈജിപ്ഷ്യന്‍ സ്റ്റോറുകളില്‍ കെട്ടിക്കിടക്കുകയാണ്. ഗസ്സക്ക് പുറത്തുള്ള വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്ന് സഹായമോ വൈദ്യചികിത്സയോ തേടുന്ന ആളുകള്‍ക്ക് അത്യന്താപേക്ഷിതമായ റഫ അതിര്‍ത്തി പോലും അടുത്തിടെ അവര്‍ അടച്ചു. ഈ അടച്ചുപൂട്ടല്‍ ഒരു നിര്‍ണായക സമയത്താണ് സംഭവിച്ചത്, പ്രത്യേകിച്ചും ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചുവീണത് കണക്കിലെടുക്കുമ്പോള്‍.

ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ ശിഫ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. 35ഓളം ആശുപത്രികളുണ്ടായിരുന്ന ഗസ്സയില്‍ ഇപ്പോള്‍ നാലില്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഡോ. അദ്‌നാന്‍ അല്‍ ബര്‍ശിനെപ്പോലുള്ള മെഡിക്കല്‍ പ്രൊഫഷനലുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ കാരണം മരുന്നുകളുടെയും ഡോക്ടര്‍മാരുടെയും കടുത്ത ക്ഷാമമുണ്ട്. ബര്‍ശിനെ തടങ്കലിലാക്കി, വിവരങ്ങളറിയാന്‍ പീഡിപ്പിക്കുകയും ഒടുവില്‍ കൊലപ്പെടുത്തുകയും മൃതദേഹം ശിഫ ഹോസ്പിറ്റലില്‍ നിന്ന് വളരെ അകലെയല്ലാതെ വലിച്ചെറിയുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ ക്രൂരത ഭയാനകമാണ്. ഇത് മേഖലയിലെ ആരോഗ്യ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു.

? ഈ സാഹചര്യത്തില്‍ കാര്യമായ നടപടിയെടുക്കാന്‍ ശേഷിയുള്ള ഐക്യരാഷ്ട്ര സഭ നമുക്കുണ്ട്. ഫലസ്തീനെ അംഗരാജ്യമായി അംഗീകരിക്കുന്ന പ്രമേയം കഴിഞ്ഞ ദിവസം യു എന്‍ പൊതുസഭ ഒമ്പതിന് എതിരെ 143 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു. ഇത് അര്‍ഥവത്തായതും ഫലപ്രദവുമായ ഒരു മുന്നേറ്റമായി നിങ്ങള്‍ കാണുന്നുണ്ടോ

സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്നും ജനറല്‍ അസംബ്ലിയില്‍ നിന്നും 800ലധികം പ്രമേയങ്ങള്‍ ഉണ്ടായിട്ടും, ഇസ്‌റാഈല്‍ ഒന്ന് പോലും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഇതിന് പ്രധാന കാരണം. ഇതിനു വിപരീതമായി, മറ്റ് രാജ്യങ്ങളായ ഇറാഖും ഇന്ത്യ പോലും അതിന്റെ ആണവ പദ്ധതികളുടെ പേരില്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്നത് നാം കണ്ടിട്ടുണ്ട്.
ഫലസ്തീന്‍ ജനതയെ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭക്ക് കാര്യമായ പ്രാധാന്യമുണ്ട്. വിരോധാഭാസമായി തോന്നിയ ഒരു നിമിഷം ഞാന്‍ ഓര്‍ക്കുന്നു: യുക്രൈനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചൈനയും റഷ്യയും വീറ്റോ അധികാരം പ്രയോഗിച്ചു. തുടര്‍ന്ന് പൊതുസഭയിലേക്ക് പോകുകയാണെന്ന് യു എസ് അംബാസഡര്‍ പറഞ്ഞു. ഇത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, അവരും ഇപ്പോള്‍ ഫലസ്തീനെ പോലെയായി എന്ന് (ചിരിക്കുന്നു). അമേരിക്കന്‍ വീറ്റോ കാരണം സെക്യൂരിറ്റി കൗണ്‍സിലില്‍ സ്തംഭനാവസ്ഥ നേരിടുമ്പോള്‍, ഞങ്ങള്‍ പൊതു അസംബ്ലിയിലേക്കാണ് പോകാറുള്ളത് എന്നത് കൊണ്ട് ഇത് എനിക്ക് രസകരമായി തോന്നുന്നു. യു എന്‍ പൊതുസഭയുടെ പ്രാധാന്യത്തിന് അടിവരയിടുന്നത് കൂടിയാണ് ഈ സംഭവം.
കഴിഞ്ഞ ദിവസത്തെ യു എന്‍ പ്രമേയം 143 വോട്ടുകള്‍ നേടിയെങ്കിലും, യു എന്നിന് ഫീസ് നല്‍കാത്തത് കാരണം 16 രാജ്യങ്ങള്‍ക്ക് വോട്ടിംഗ് അവകാശം ഇല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവര്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് 150 രാജ്യങ്ങളുടെ എങ്കിലും പിന്തുണ ലഭിക്കുമായിരുന്നു. കൂടാതെ, അടുത്ത രണ്ട് മാസത്തിനുള്ളില്‍ അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, സ്ലോവേനിയ എന്നിവയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
(തുടരും)

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest