Kerala
വാഗൺ ട്രാജഡി സ്മാരകം നവീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി
കാലപ്പഴക്കവും ശരിയായ രീതിയിലുള്ള പരിചരണവും അറ്റക്കുറ്റപ്പണികളും നടക്കാത്തത് മൂലം അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകം
തിരൂർ | തിരൂരിലെ വാഗൺ കൂട്ടക്കുരുതി രക്തസാക്ഷി സ്മാരകം (Wagon Tragedy Memorial) കാലോചിതമായി നവീകരിച്ച് സംരക്ഷിക്കണമെന്നും ടൗൺ ഹാൾ എന്നതിനപ്പുറം അനുബന്ധമായി ചരിത്ര മ്യൂസിയം കൂടി നിർമിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ നിയോജക മണ്ഡലം എം എൽ എക്കും തിരൂർ മുനിസിപ്പൽ ചെയർമാനും നിവേദനം സമർപ്പിച്ചു.
1921 നവംബർ 19 ന് ബ്രിട്ടീഷുകാർ നടത്തിയ നിഷ്ഠൂരമായ മനുഷ്യക്കുരുതിക്ക് ഇരയായവരുടെ സ്മരണക്കായി 1987 ലാണ് വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ (Wagon Tragedy Town Hall Tirur) നിർമിച്ചത്. കാലപ്പഴക്കവും ശരിയായ രീതിയിലുള്ള പരിചരണവും അറ്റക്കുറ്റപ്പണികളും നടക്കാത്തത് മൂലം അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകം. ഇത് രക്തസാക്ഷികളോടുള്ള കടുത്ത അവഗണനയും അനാദരവുമാണ്. ഈ സാഹചര്യത്തിലാണ് സ്മാരകം നവീകരിക്കണമെന്നും മ്യൂസിയം സ്ഥാപിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടത്. നേരത്തെ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടന്ന കേരളയാത്രയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മാസ്റ്റർ കോഡൂർ, മുഹമ്മദ് പറവൂർ, ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് മുട്ടനൂർ, സോൺ നേതാക്കളായ അബ്ദുർറഹ്മാൻ മുഈനി, മച്ചിങ്ങപ്പാറ മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽ ഗഫൂർ തലക്കടത്തൂർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
വിഷയം മുനിസിപ്പൽ ഭരണ സമിതിയുടെ സജീവ പരിഗണനയിലുണ്ടെന്നും ഇത് സംബന്ധമായ പഠനവും സർവേയും നടന്നു വരികയാണെന്നും വൈകാതെ കാലോചിതമായ നവീകരണം യാഥാർഥ്യമാക്കുമെന്നും ചെയർമാൻ ഇബ്രാഹീം ഹാജി കിഴേടത്തിലും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എ അബൂബക്കറും നേതാക്കളോട് പ്രതികരിച്ചു. തിരൂർ മണ്ഡലം എം എൽ എക്കും മുസ്‌ലിം ജമാഅത്ത് ഇവ്വിഷയത്തിൽ നിവേദനം അയച്ചിട്ടുണ്ട്.
Content Highlights: Muslim Jamaat demands renovation of Tirur Wagon Tragedy Memorial Town Hall. Memorandum submitted to MLA and Municipal Chairman. Municipality promised timely actions.






