Kerala
വെമ്പായം ബാറില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ പ്രതിയും മരിച്ചു
തീവെപ്പില്‍ ഗുരുതരമായി പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു
തിരുവനന്തപുരം | വെമ്പായം ബാറിലെ സംഘര്‍ഷത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. തീവെപ്പില്‍ ഗുരുതരമായി പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന അനീഷിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ ബാറിലെ എ സി ഹാളിലായിരുന്നു സംഭവം. എട്ടോളം പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം ഇരുന്ന് മദ്യപിച്ച അനീഷ് പിന്നീട് ഇവരുമായി വാക്കുതര്‍ക്കത്തിലും ചെറിയ രീതിയിലുള്ള പിടിവലിയിലും ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പുറത്തേക്ക് പോയ അനീഷ് സമീപത്തെ പമ്പില്‍ നിന്ന് കന്നാസില്‍ പെട്രോള്‍ വാങ്ങി അരമണിക്കൂറിന് ശേഷം തിരിച്ചെത്തി. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നുപിടിച്ചു. തീ പടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് സോഫയിലും മറ്റും പടര്‍ന്ന തീ അണച്ചത്.
സംഭവത്തില്‍ പൊള്ളലേറ്റ ശ്യാം, റിയാസ്, അരുണ്‍, നൗഫല്‍ എന്നിവര്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്
Content Highlights: Aneesh, the accused who poured petrol and set fire inside a bar in Vembayam, died from severe burn injuries at Trivandrum Medical College. This marks the second death in the incident after victim Nawas passed away earlier. Four others are undergoing treatment while Vembayam Police investigate.






